139 കോടി ഇന്ത്യക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ച് ചന്ദ്രയാൻ മൂന്ന് പേടകം രഹസ്യങ്ങളുടെ കലവറയായ ചന്ദ്രന്‍റെ മണ്ണിൽ കാലുകുത്തി. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ മൂന്ന് അതിസങ്കീർണമായ സോഫ്റ്റ് ലാൻഡിങ് വിജയകരമായി നടത്തിയത്
ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് വിജയകരം. വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങി. ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യരാജ്യമായി ഇന്ത്യ. ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യവും. വികസിതഭാരതത്തിന്‍റെ ശംഖൊലിയെന്ന് പ്രധാനമന്ത്രി.
അവസാന സെക്കന്‍ഡില്‍ കൈവിട്ടുപോയ ചന്ദ്രയാന്‍ രണ്ടില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് ഇസ്റോ ചന്ദ്രയാന്‍ മൂന്നൊരുക്കിയത്. ഒരര്‍ഥത്തില്‍ ചന്ദ്രയാന്‍ രണ്ടിന്റെ തുടര്‍ച്ച തന്നെയാണ് ഇന്ന് ചന്ദ്രനില്‍ പറന്നിറങ്ങിയ ചന്ദ്രയാന്റെ മൂന്നാം പതിപ്പ്. വിജയത്തിനടത്തുവരെയെത്തിയതാണ് ചന്ദ്രയാന്‍ 2, പക്ഷേ ഒടുവില്‍ വീണു. ആ വീഴ്ചയില്‍ നിന്ന് പലതും പഠിച്ചും തിരിച്ചടികള്‍ തിരുത്തിയുമാണ് ചന്ദ്രയാന്‍ മൂന്ന് ചരിത്രം രചിച്ചത്.
40 ദിവസം കൊണ്ട് ആദ്യം ഭൂമിയുടെയും പിന്നീട് ചന്ദ്രന്‍റെയും ഭ്രമണപഥത്തിൽ ചന്ദ്രയാൻ മൂന്ന് വലംവെച്ചു. ഭൂമിയെ 17 ദിവസം വലംവച്ച പേടകം ലാം എൻജിന്‍ ജ്വലിപ്പിച്ച് അഞ്ച് തവണ ഭ്രമണപഥം വലുതാക്കി. ഇതോടെ ഭൂമിക്ക് 226 കിലോമീറ്റർ അടുത്തും 41,603 കിലോമീറ്റർ അകലെയുമായി വലംവെച്ചിരുന്ന പേടകത്തെ 1,27,609 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ചു.
2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്ന് കുതിച്ചുയർന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണതറയിൽ നിന്നും എൽ.വി.എം 3 റോക്കറ്റിലായിരുന്നു പേടകത്തിന്‍റെ യാത്ര. ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ അകലെയുള്ള ചന്ദ്രനിൽ ഇറങ്ങുകയായിരുന്നു യാത്രയുടെ ലക്ഷ്യം.