എടിഎം കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കണമെന്ന മൊബൈൽ ഫോൺ സന്ദേശത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്ത ആലുവ സ്വദേശിയായ യുവാവിനു നഷ്ടപ്പെട്ട 95,000 രൂപ റൂറൽ ജില്ലാ സൈബർ പൊലീസ് വീണ്ടെടുത്തു നൽകി

December 09, 2021 - By School Pathram Academy

എടിഎം കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കണമെന്ന മൊബൈൽ ഫോൺ സന്ദേശത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്ത ആലുവ സ്വദേശിയായ യുവാവിനു നഷ്ടപ്പെട്ട 95,000 രൂപ റൂറൽ ജില്ലാ സൈബർ പൊലീസ് വീണ്ടെടുത്തു നൽകി. പാൻ കാർഡും എടിഎം കാർഡും തമ്മിൽ ബന്ധിപ്പിക്കണമെന്നു പറഞ്ഞു നിരന്തരം സന്ദേശങ്ങൾ വന്നെങ്കിലും യുവാവ് അവഗണിച്ചിരുന്നു.

ഒടുവിൽ എടിഎം കാർഡ് ‘ഇനി ഒരറിയിപ്പില്ലാതെ നിശ്ചലമാകു’മെന്ന അന്ത്യശാസനത്തിൽ കുടുങ്ങി. ഉടൻ മൊബൈലിലെ ലിങ്കിൽ ക്ലിക്ക് ചെയ്തു. ദേശസാൽകൃത ബാങ്കിന്റെ വ്യാജ വെബ് സൈറ്റിലേക്കാണ് അതു പോയത്. യൂസർ നെയിമും പാസ്‌വേഡും ഉൾപ്പെടെ അവർ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം യുവാവ് ടൈപ്പ് ചെയ്തു നൽകി. ഉടൻ ഒടിപി നമ്പർ വന്നു. അതും അടിച്ചു കൊടുത്തു. താമസിയാതെ ഉത്തരേന്ത്യൻ തട്ടിപ്പു സംഘം യുവാവിന്റെ അക്കൗണ്ടിലെ പണം മുഴുവൻ തൂത്തുവാരി. യുവാവ് പരാതി നൽകിയപ്പോഴേക്കും സംഘം ഈ തുക ഉപയോഗിച്ച് ഓൺലൈൻ വ്യാപാര സ്ഥാപനത്തിൽ നിന്നു പർച്ചേസ് നടത്തിയിരുന്നു.

3 തവണയായാണു പർച്ചേസ് നടത്തിയതെന്ന് കണ്ടെത്തി ഓൺലൈൻ സ്ഥാപനവുമായി ബന്ധപ്പെട്ടു പർച്ചേസ് റദ്ദാക്കിയാണു നഷ്ടപ്പെട്ട തുക വീണ്ടെടുത്തു നൽകിയത്.

 

#keralapolice

Category: News