1985 ലെ മുന്നറിയിപ്പ് . വയനാടിൻ്റെ സർവ്വ സൗന്ദര്യവും ആവാഹിച്ച ഇടങ്ങളാണ് ചൂരൽമല, മുണ്ടക്കൈ, അട്ടമല ഭൂമിക.കണ്ണിൽ നിറഞ്ഞ് കയറുന്ന പച്ചപ്പും 

August 03, 2024 - By School Pathram Academy

1985 ലെ മുന്നറിയിപ്പ് 🙏

വയനാടിൻ്റെ സർവ്വ സൗന്ദര്യവും ആവാഹിച്ച ഇടങ്ങളാണ് ചൂരൽമല, മുണ്ടക്കൈ, അട്ടമല ഭൂമിക.കണ്ണിൽ നിറഞ്ഞ് കയറുന്ന പച്ചപ്പും 

വിസ്മയിപ്പിക്കുന്ന കോടമഞ്ഞും, സൂചിപ്പാറ വെള്ളച്ചാട്ടവുമൊക്കെ ചേർന്ന് രൂപാന്തരപ്പെടുത്തിയ ഇടം. പ്രദേശത്തിൻ്റെ ഈ സൗന്ദര്യ സാധ്യതയാണ് ചൂരൽമലയെ സജീവ ജനവാസ -വിനോദസഞ്ചാര മേഖലയാക്കി മാറ്റിയത്. റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ഹോട്ടലുകൾ, സ്കൂൾ, കെട്ടിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ – ചൂരൽമല ചെറുപട്ടണമായി വളർന്നു.

 

ഒരു നാല് പതിറ്റാണ്ട് പിന്നിലേക്ക് പോയാൽ, ആദിവാസി ജനവിഭാഗങ്ങളും,

തോട്ടം തൊഴിലാളികളും അവരുടെ ലയങ്ങളും

മാറ്റി നിർത്തിയാൽ, പത്തോ ഇരുപതോ കുടുംബങ്ങൾ മാത്രം തിങ്ങിപ്പാർത്തിരുന്ന ഒരു പ്രദേശമായിരുന്നു ഇവിടം.എന്തുകൊണ്ടെന്നാൽ തദ്ദേശീയരായ വയനാട്ടുകാർക്ക് ആ ടെറയിനിൻ്റെ ഭൂമി ശാസ്ത്രമറിയാമെന്നത് തന്നെ. മുണ്ടക്കെെയുടെയും ചൂരൽമലയുടെയും അട്ടമലയുടെയുമൊക്കെ ഉരുൾപൊട്ടൽ ചരിത്രത്തിന് വയനാടിന്റെ ചരിത്രത്തോളം പഴക്കമുണ്ടെന്ന് പഴമക്കാർ പറയുന്നു. അക്കാലത്ത് തദ്ദേശീയരായ വയനാട്ടുകാർ ആ പ്രദേശത്ത് പണം നൽകി ഭൂമി വാങ്ങില്ലായിരുന്നത്രെ. വലിയതോതിൽ ജനസാന്നിധ്യം ഇല്ലാത്തതു കൊണ്ട് തന്നെ ഉരുൾപൊട്ടൽ അപകടങ്ങൾ വലിയ വിനാശം അക്കാലത്ത് ഉണ്ടാക്കിയിരുന്നില്ല…

 

എന്നാൽ സമീപകാലങ്ങളിലായി ഉണ്ടാകുന്ന ഉരുൾപൊട്ടലിന്റെ ഗ്രാഫ് പരിശോധിച്ചാൽ ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിച്ചുവരുന്നത് കാണാം. 1984 ജൂലൈ 1ന് ചൂരൽമലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി,14 മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 11 ആദിവാസികളും 3 തോട്ടം തൊഴിലാളികളും മരിച്ചു. 1992 ല്‍ 45 കിമി അകലെ പടിഞ്ഞാറത്തറ കാപ്പിക്കളത്ത് ഉണ്ടായ ദുരന്തത്തില്‍ ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ചു. 2018ൽ 35 കിമി അകലെ കുറിച്യര്‍മലയില്‍ വലിയ ദുരന്തം ഉണ്ടായെങ്കിലും ജനവാസ പ്രദേശം അല്ലാത്തതിനാല്‍ ആളപായം ഉണ്ടായില്ല. 2019 ഓഗസ്റ്റിൽ 15 കിമി അകലെ

പുത്തുമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 17 പേര്‍ മരിച്ചു. 5 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. പുത്തുമലയുടെ മറുകുന്നായ മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ ഉരുള്‍പൊട്ടി 57 പേർ മരിക്കുകയും 11 പേരെ കാണാതാവുകയും ചെയ്തത് ദുരന്തത്തിന്റെ തുടർച്ച..

———————————————————————————–

 

2024 ജൂലൈ 30, പകൽ ഉണരുന്നതിനു മുമ്പേ ചൂരൽമല ഗ്രാമവും ചെറുപട്ടണവും – മുണ്ടക്കെെയും അട്ടമലയുമൊക്കെ തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. ഇരച്ചെത്തിയ പ്രളയജലവും, മണ്ണും ചെളിയും, കല്ലും പാറക്കഷണങ്ങളും, വനഭാഗങ്ങളും, ആ നാടിനെയും അവിടുത്തെ മനുഷ്യരേയും അപ്പാടെ വിഴുങ്ങിയിരിക്കുന്നു. 

നഷ്ടങ്ങൾക്കൊന്നും പകരമാവില്ല..

പക്ഷെ ബാക്കിയായവരെ ചേർത്തുപിടിച്ച് നമ്മൾ ഇതും അതിജീവിക്കും…

ഒന്നിച്ച് അതിജീവിക്കും..

#kerala 

#wayanad 

കടപ്പാട് :✍️

Category: News