2021-22 വർഷം മുതൽ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് പദ്ധതി പ്രകാരമുള്ള ആനുകൂല്യ വിതരണം നടത്തുന്നതിന് കേന്ദ്ര സർക്കാർ പുതുക്കിയ മാർഗരേഖ പുറത്തിറക്കി

January 05, 2022 - By School Pathram Academy

2021-22 വർഷം മുതൽ പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് പദ്ധതി പ്രകാരമുള്ള ആനുകൂല്യ വിതരണം നടത്തുന്നതിന് കേന്ദ്ര സർക്കാർ പുതുക്കിയ മാർഗരേഖ പുറത്തിറക്കിയിരിക്കുകയാണ്. ഇതനുസരിച്ച് ആയിരിക്കും ഈ വർഷം തുക വിതരണം ചെയ്യുന്നത്.

പുതുക്കിയ രീതിയിലേക്ക് മാറുന്നതിന് മുന്നോടിയായി നാഷണൽ പോർട്ടൽ മുഖേന കേന്ദ്ര വിഹിതം ലഭ്യമാകുവാൻ നിലവിൽ ഇ- ഗ്രാൻ്റ്സ് സ്കോളർഷിപ്പിന് അർഹതയുള്ള എല്ലാ വിദ്യാർത്ഥികളും ഇ-ഗ്രാന്റ്സ് സോഫ്റ്റ് വെയറിൽ ശരിയായ മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയ വിവരങ്ങൾ ഒരിക്കൽ കൂടി അപ്‌ഡേറ്റ് ചെയ്യണം. സീറോ ബാലൻസ് അക്കൗണ്ട് വിവരങ്ങൾ നൽകിയിട്ടുള്ളവർ അത് സേവിംഗ്സ് അക്കൗണ്ട് ആക്കി മാറ്റിയ ശേഷം അപ്ഡേറ്റ് ചെയ്യുകയോ അല്ലെങ്കിൽ പുതിയ സേവിംഗ്സ് അക്കൗണ്ട് വിവരങ്ങൾ സൈറ്റിൽ ചേർക്കുകയോ വേണം.

ഇതിനായി വിദ്യാർഥികൾക്ക് അവർ പഠിക്കുന്ന സ്ഥാപനങ്ങളിലും ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

സർക്കാർ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അക്കൗണ്ട് സംബന്ധിച്ച രേഖകളുമായി അവരവരുടെ സ്ഥാപനത്തിൽ ഹാജരായി ഇ-ഗ്രാന്റ്സ് സൈറ്റിലെ പ്രിൻസിപ്പൽ ലോഗിൻ മുഖേന മേൽ വിവരങ്ങൾ സൈറ്റിൽ ചേർത്തു എന്ന് ഉറപ്പുവരുത്തണം. സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ ആവശ്യമായ രേഖകളുമായി അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലാണ് എത്തേണ്ടത്.

മേൽ പറഞ്ഞ നടപടികൾ 2022 ജനുവരി 10 നകം പൂർത്തീകരിക്കേണ്ടതാണ്.

ഈ പ്രക്രിയ സമയബന്ധിതമായി പൂർത്തിയാക്കിയാൽ മാത്രമേ വിദ്യാഭ്യാസ ആനുകൂല്യത്തിന്റെ കേന്ദ്ര സർക്കാരിൽ നിന്നുള്ള വിഹിതം വിദ്യാർത്ഥികൾക്ക് ലഭ്യമാകുകയുള്ളു.

ഇത് സംബന്ധിച്ച സംശയങ്ങൾക്ക് അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ ബന്ധപ്പെടാവുന്നതാണ്.

Category: News