2022 മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെ നടക്കുന്ന പരീക്ഷ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ

March 05, 2022 - By School Pathram Academy

2022 മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെ നടക്കുന്ന പരീക്ഷ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ:

 

ഒന്നു മുതൽ നാല് വരെയുള്ള ക്ലാസ്സുകളിൽ വർക്ക്ഷീറ്റ് മാതൃകയിൽ ആണ് വാർഷിക പരീക്ഷ ചോദ്യപേപ്പർ തയ്യാറാക്കിയിട്ടുള്ളത്.

5 മുതൽ 9 വരെയുള്ള ക്ലാസ്സുകൾക്ക് ചോദ്യപ്പേപ്പർ നൽകി വാർഷിക മൂല്യനിർണയം നടത്തും.

ചോദ്യപേപ്പറുകൾ മാർച്ച് 21നകം BRC കളിൽ എത്തിക്കുന്നതാണ്. സ്‌കൂൾ പ്രഥമാധ്യാപകർ ബന്ധപ്പെട്ട BRC കളിൽ നിന്നും ചോദ്യപേപ്പറുകൾ ശേഖരിക്കേണ്ടതാണ്.

പരീക്ഷ സംബന്ധിച്ച എൽ.പി/ യു.പി, എച്ച്.എസ് വിഭാഗം ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുസ്‌ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്‌കൂളുകൾ, എൽ.പി/ യു.പി ഇൻഡിപെൻഡന്റ് സ്‌കൂൾ, എൽ.പി/ യു.പി അറ്റാച്ഡ് സ്‌കൂൾ എന്നീ വിഭാഗങ്ങൾ ഒരേ ടൈംടേബിൾ തന്നെയാണ് പിന്തുടരേണ്ടത്.

എൽ.പി ക്ലാസ്സുകളിലെ കുട്ടികളോട്‌ പരീക്ഷ ദിവസങ്ങളിൽ ക്രയോണുകൾ / കളർ പെൻസിൽ കരുതാൻ നിർദ്ദേശം നൽകേണ്ടതാണ്.

5 മുതൽ 7 വരെയുള്ള ക്ലാസ്സുകളിൽ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്സ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

5 മുതൽ 7 വരെ ക്ലാസ്സുകളിലെ കലാ-കായിക, പ്രവൃത്തി പരിചയ വിഷയത്തിന്റെ പരീക്ഷ ചോദ്യപേപ്പറുകൾ സ്‌കൂൾ തലത്തിൽ തയ്യാറാക്കി ഉചിതമായ സമയം കണ്ടെത്തി പരീക്ഷ നടത്തേണ്ടതാണ്.

ചോദ്യപേപ്പർ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ SCERT നൽകുന്നതാണ്.

8,9 ക്ലാസ്സുകളുടെ വാർഷിക മൂല്യനിർണയ പ്രക്രിയ കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കാൻ കഴിയുന്നവിധമാണ് ആസൂത്രണം ചെയ്തുട്ടുള്ളത്. നേരിട്ടുള്ള ക്ലാസ്സുകൾ പൂർണമായും കുട്ടികൾക്ക് ലഭ്യമായിട്ടില്ല എന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ ചോദ്യപ്പേപ്പറുകളിൽ അധിക ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

എല്ലാ പാഠഭാഗങ്ങളിലെയും ചോദ്യങ്ങൾ ഉണ്ടാകുമെങ്കിലും ആദ്യ ഭാഗങ്ങളിൽ നിന്നും കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

8,9 ക്ലാസ്സുകളിലെ ചോദ്യപേപ്പറുകളുടെ ഘടന മുൻവർഷങ്ങളിലേത് പോലെ ആയിരിക്കും.