2024-25 വർഷത്തെ ഉച്ച ഭക്ഷണ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകുന്നത് – സംബന്ധിച്ച് സർക്കാർ ഉത്തരവിന്റെ പകർപ്പ്

May 28, 2024 - By School Pathram Academy

വിഷയം:- പൊതുവിദ്യാഭ്യാസം – സ്കൂൾ ഉച്ചഭക്ഷണ പദ്ധതി – 2024-25 വർഷത്തെ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകുന്നത് – സംബന്ധിച്ച്

സൂചന :- 1

2013 ലെ ദേശീയ ഭക്ഷ്യ ഭദ്രതാ ആക്ട് (National Food Security Act, 2013)

2) കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം 30.09.2015 ൽ വിജ്ഞാപനം ചെയ്ത മിഡ് ഡേ മീൽ റൂൾസ്, 2015 (ഗസറ്റ് വിജ്ഞാപനം G.S.R 743(E) dated 30/09/2015)

3) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2022 ഡിസംബറിൽ പുറപ്പെടുവിച്ച PM POSHAN Guidelines

വേനലവധിക്ക് ശേഷം 2024-25 അദ്ധ്യയന വർഷത്തേക്ക് സ്കൂളുകൾ തുറക്കുന്ന ജൂൺ 3 ന് തന്നെ ഉച്ചഭക്ഷണ പരിപാടി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്, സുപ്രധാനമായ ചില നിർദ്ദേശങ്ങൾ ചുവടെ നൽകുന്നു.

(1) പദ്ധതി നടപ്പിലാക്കിയിട്ടുള്ള എല്ലാ സ്കൂളുകളിലും ജൂൺ 3 മുതൽ തന്നെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി തുടങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ പ്രഥമാദ്ധ്യാപകർക്ക് നിർദ്ദേശം നൽകുകയും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും ജില്ലാ, ഉപജില്ലാ തലങ്ങളിൽ അവലോകനം ചെയ്യുകയും ചെയ്യേണ്ടതാണ്.

(2) പി.ടി.എ, എസ്.എം.സി എന്നിവയുടെ നേതൃത്വത്തിലും തദ്ദേശ സ്വയം B0611) സ്ഥാപനങ്ങളുടേയും, ആരോഗ്യ വകുപ്പിൻറേയും സഹായത്തോടെയും സഹകരണത്തോടെയും സ്കൂൾ തുറക്കുന്നതിന് മുൻപായി സ്കൂളുകളിലെ സംഭരണികളും കിണറുകളും വൃത്തിയാക്കുന്നതിനും അണുവിമുക്തമാക്കുന്നതിനുമാവശ്യമായ നടപടികൾ സ്വീകരിക്കുവാൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകേണ്ടതാണ്.

(3) രക്ഷകർത്താക്കളിൽ നിന്നും അദ്ധ്യാപകർ ശേഖരിച്ച സമ്മതപത്രങ്ങളുടെ അടിസ്ഥാനത്തിൽ 2024-25 വർഷം ഉച്ചഭക്ഷണ പദ്ധതിയിൽ ചേരുന്ന കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കുവാനും അതിന്റെ രണ്ട് പകർപ്പുകൾ ജൂൺ 15 ന് മുൻപായി ഉപജില്ലാ വിദ്യാഭ്യാസ കാര്യാലയങ്ങളിൽ സമർപ്പിക്കുവാനും സ്കൂളുകൾക്ക് നിർദ്ദേശം നൽകേണ്ടതാണ്. പദ്ധതിയുടെ പരിധിയിൽ വരുന്ന

ക്ലാസ്സുകളിലെ (എട്ടാം ക്ലാസ്സ് വരെ) ആകെ എൻറോൾമെൻറ്റ്, പദ്ധതിയിൽ ചേർന്ന് കുട്ടികളുടെ ക്ലാസ്സ് തിരിച്ചുള്ള എണ്ണം (ഫീഡിങ് സ്പ്രെങ്‌ത്) എന്നിവ പദ്ധതിയുടെ സ്റ്റേറ്റ് സോഫ്റ്റ്‌വെയറിൽ കൃത്യമായി രേഖപ്പെടുത്തുവാൻ പ്രഥമാദ്ധ്യാപകർക്ക് നിർദ്ദേശം നൽകേണ്ടതാണ്.

(4) ഓരോ ദിവസവും ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ ഹാജർ അതാത് ദിവസം ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി ഉച്ചഭക്ഷണ പദ്ധതിയുടെ സ്റ്റേറ്റ് സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ചെയ്യണമെന്ന കർശന നിർദ്ദേശം സ്കൂളുകൾക്ക് നൽകേണ്ടതും, ഡാറ്റ അപ്‌ഡേഷൻ ജില്ലാ, ഉപജില്ലാ തലങ്ങളിൽ നിന്ന് ദിവസേന മോണിറ്റർ ചെയ്യുകയും ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി എല്ലാ സ്കൂളുകളും സോഫ്റ്റ്‌വെയറിൽ ഡാറ്റ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.

(5) പദ്ധതിയുടെ സ്റ്റേറ്റ് സോഫ്റ്റ്‌വെയറിൽ സ്കൂളുകൾ രേഖപ്പെടുത്തിയിട്ടുള്ള UDISE കോഡ് പരിശോധിച്ച് തെറ്റുണ്ടെങ്കിൽ അത് തിരുത്തി ശരിയായ കോഡ് രേഖപ്പെടുത്തുവാൻ (30.5.2024 നകം) സ്കൂളുകൾക്കും ഇത് പരിശോധിക്കുവാൻ ഉപജില്ലകൾക്കും അടിയന്തിര നിർദ്ദേശം നൽകേണ്ടതാണ്.

(6) സ്കൂളുകളിൽ നീക്കിയിരിപ്പുള്ള അരി ഭക്ഷ്യയോഗ്യമാണോ എന്ന് പരിശോധിക്കുവാൻ പ്രഥമാദ്ധ്യാപകർക്കും സ്കൂൾ ഉച്ചഭക്ഷണ കമ്മറ്റികൾക്കും കൃത്യമായ നിർദ്ദേശങ്ങൾ നൽകേണ്ടതും ഭക്ഷ്യയോഗ്യമെങ്കിൽ മാത്രം ടി അരി തുടർന്ന് ഉപയോഗിക്കുവാൻ അനുമതിയും നൽകേണ്ടതുമാണ്. അരി കേടുവന്നിട്ടുണ്ടെങ്കിൽ സപ്ലൈകോ ജില്ലാ ക്വാളിറ്റി അഷ്വറൻസ് ഡിവിഷനുമായി (ഫോൺ നമ്പറുകൾ ഇതോടൊപ്പം ചേർത്തിരിക്കുന്നു) ബന്ധപ്പെട്ട് തുടർനടപടികൾ ജില്ലാതലത്തിൽ നിന്ന് സ്വീകരിക്കേണ്ടതാണ്.

(7) ജൂൺ മാസം സ്കൂളുകൾക്ക് 30 ദിവസത്തേക്കുള്ള അരി പാസ്സാക്കി നൽകുവാൻ ഉപജില്ലകൾക്ക് നിർദ്ദേശം നൽകേണ്ടതാണ്. പാസ്സാക്കിയ അരിയുടെ ഇൻഡൻ്റുകൾ ബന്ധപ്പെട്ട മാവേലിസ്റ്റോറുകളിൽ/ഡിപ്പോകളിൽ 27.5.2024 ന് സമർപ്പിക്കേണ്ടതാണ്. സ്ക്കൂളുകളിൽ നീക്കിയിരുപ്പുള്ള അരി ഭക്ഷ്യയോഗ്യമെങ്കിൽ, ടി അരിയുടെ അളവ് കുറവ് ചെയ്ത് വേണം സ്കൂളുകൾക്ക് ജൂൺ മാസത്തെ അരി പാസ്സാക്കി നൽകുവാൻ. ഇതിനായി, നീക്കിയിരുപ്പുള്ള അരിയുടെ അളവ് കൃത്യമായി പദ്ധതിയുടെ സ്റ്റേറ്റ് സോഫ്ട്‌വെയറിൽ രേഖപ്പെടുത്തുവാൻ പ്രഥമാദ്ധ്യാപകർക്ക് നിർദ്ദേശം നൽകേണ്ടതാണ്.

(8) ഉപജില്ലകൾ പാസ്സാക്കി നൽകുന്ന അരി 30.5.2024 നകം ബന്ധപ്പെട്ട മാവേലിസ്റ്റോറുകളിൽ/ഡിപ്പോകളിൽ നിന്ന് കൈപ്പറ്റുവാൻ പ്രഥമാദ്ധ്യാപകർക്ക് നിർദ്ദേശം നൽകേണ്ടതാണ്.

(9) ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകളെല്ലാം, കൃത്യമായ സാക്ഷ്യപ്പെടുത്തലോടെ, പരിപാലിക്കുവാൻ പ്രഥമാദ്ധ്യാപകർക്ക് നിർദ്ദേശം നൽകേണ്ടതാണ്.

(10) പാചകപ്പുര, ഭക്ഷ്യധാന്യവും മറ്റ് ഭക്ഷ്യ വസ്തുക്കളും സൂക്ഷിച്ചിരിക്കുന്ന സ്റ്റോർ മുറി, ഡൈനിംഗ് ഹാൾ, പാചകപ്പുരയുടെ പരിസരം എന്നിവ വൃത്തിയോടെ പരിപാലിക്കുവാൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകേണ്ടതാണ്.

(11) ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അങ്ങയറ്റം കരുതലോടും ശ്രദ്ധയോടും കൂടി വേണം ഭക്ഷണം പാചകം ചെയ്ത് കുട്ടികൾക്ക് നൽകുവാൻ എന്നുള്ള നിർദ്ദേശം ബന്ധപ്പെട്ട എല്ലാവർക്കും നൽകേണ്ടതാണ്.

(12) സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിഷ്കരിച്ച ലോഗോ (PM POSHAN) സ്കൂളുകളുടെ പ്രവേശന കവാടങ്ങളിൽ വ്യക്തമായി പ്രദർശിപ്പിക്കുവാനും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ രജിസ്റ്ററുകളുടെയും പുറം ചട്ടകളിൽ പതിക്കുവാനും സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകേണ്ടതാണ്. ലോഗോയുടെ മാതൃക അനുബന്ധം ആയി ചേർത്തിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള ലോഗോ അല്ലാതെ പദ്ധതിയെ സൂചിപ്പിക്കുവാൻ മറ്റൊരു ലോഗോയോ എംബ്ളമോ ഉപയോഗിക്കാൻ പാടില്ല എന്ന നിർദ്ദേശം ബന്ധപ്പെട്ട എല്ലാവർക്കും നൽകേണ്ടതാണ്.

(13) ജില്ലാ, ഉപജില്ലാ തലങ്ങളിൽ, പി.എഫ്.എം.എസ്, കാനറാബാങ്കിൻ്റെ സി.എസ്.എസ് പോർട്ടൽ എന്നിവ മുഖാന്തിരം ചെയ്യേണ്ട ധനവിനിയോഗ ഇടപാടുകൾ ഉൾപ്പടെയുള്ള ജോലികൾ ഒന്നും ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ ഏൽപ്പിക്കരുത്. ഈ നിർദ്ദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന ജില്ലാ, ഉപജില്ലാ ഉദ്യോഗസ്ഥർക്കെതിരെ കർശന വകുപ്പ്തല ശിക്ഷണ നടപടികൾ സ്വീകരിക്കുന്നതാണ്.

(14) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ എം.ഐ.എസ് Software-ൽ (https://pmposhan- mis.education.gov.in) 2024-25 ആന്വല് ഡാറ്റാ എൻട്രി ജൂണ് മാസം 30 നുള്ളിലും ഓരോ മാസത്തെയും ഡാറ്റ എൻട്രി (Monthly Data Entry) തൊട്ടടുത്ത മാസം അഞ്ചാം തീയതിക്ക് മുൻപായും പൂർത്തീകരിക്കുവാൻ ഉപജില്ലകൾക്ക് നിർദ്ദേശം നൽകേണ്ടതാണ്.

(15) സ്കൂൾ തുറക്കുന്നതോടെ ആരോഗ്യ പരിപാടിയുമായി (School Health Programme) ബന്ധപ്പെട്ട പ്രവർത്തനങ്ങളും ആരംഭിക്കണം. ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ മിഷൻ (എൻ.എച്ച്.എം) എന്നിവയുമായി സഹകരിച്ച് സ്കൂൾ ആരോഗ്യ പരിപാടി കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള നടപടികൾ ജില്ലാ തലത്തിൽ സ്വീകരിക്കണം.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി, സപ്ലിമെൻ്ററി ന്യൂട്രീഷൻ പരിപാടി, സ്കൂൾ ആരോഗ്യ പരിപാടി എന്നിവയുമായി ബന്ധപ്പെട്ട വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ ജൂണിൽ പുറപ്പെടുവിക്കുന്നതാണ്.