2025-26 അധ്യയന വർഷത്തേയ്ക്കുള്ള അഡ്മിഷൻ/പ്രൊമോഷൻ നടപടികൾ സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ. യാതൊരു കാരണവശാലും പ്രവേശന പരീക്ഷ നടത്തുന്നത് അനുവദിക്കുന്നതല്ല

യാതൊരു കാരണവശാലും പ്രവേശന പരീക്ഷ നടത്തുന്നത് അനുവദിക്കുന്നതല്ല
പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച സർക്കുലർ
വിഷയം:- പൊതുവിദ്യാഭ്യാസം – 2025-26 അധ്യയന വർഷത്തേയ്ക്കുള്ള അഡ്മിഷൻ/പ്രൊമോഷൻ നടപടികൾ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത് – സംബന്ധിച്ച്
സൂചന :-
1. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 21.02.2025 ലെ ഇതേ നമ്പർ സർക്കുലർ.
2. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 25.03.2025 6 DGE/11778/2023/QIP1 നമ്പർ സർക്കുലർ.
2024-25 അധ്യയനവർഷത്തെ 1 മുതൽ 7 വരെയും ഒൻപതാം ക്ലാസ്സിലേയും വർഷാന്ത്യ വിലയിരുത്തൽ സംബന്ധിച്ച വിശദമായ സർക്കുലർ സൂചന (1), (2) പ്രകാരം ഈ കാര്യാലയത്തിൽ നിന്നും നൽകിയിരുന്നു. 2024-25 വർഷിക പരീക്ഷകൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ പ്രസ്തുത അധ്യയന വർഷത്തെ കുട്ടികളുടെ പ്രൊമോഷൻ, അടുത്ത വർഷത്തേയ്ക്കുള്ള അഡ്മിഷൻ/ വിടുതൽ എന്നിവ സംബന്ധിച്ച് താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.
1 മേൽ ക്ലാസ്സുകളിലെ കുട്ടികളെ സംബന്ധിച്ച് വാർഷിക പരീക്ഷയുടെ അടിസ്ഥാനത്തിൽ അർഹരായവർക്ക് അടുത്ത ക്ലാസ്സിലേയ്ക്ക് പ്രൊമോഷൻ നൽകേണ്ടതാണ്.
2. ക്ലാസ്സിൽ പ്രൊമോഷന് അർഹത ലഭിക്കാത്ത കുട്ടികൾക്ക് നിലവിലെ സേ’ പരീക്ഷ എഴുതുന്നതിനുള്ള അവസരം നൽകേണ്ടതാണ്. മെയ് 10- നകം സ്കൂൾ തലത്തിൽ ചോദ്യപേപ്പർ തയ്യാറാക്കി ‘സേ’ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതും ആയതിന്റെ അടിസ്ഥാനത്തിൽ അർഹരായവർക്ക് പ്രൊമോഷൻ നൽകേണ്ടതാണ്.
3 സ്കൂൾ വാർഷിക പരീക്ഷയുടെ സമയത്ത് വിദേശത്തോ, മറ്റ് സംസ്ഥാനങ്ങളിലോ ആയിരുന്നതു കൊണ്ടോ, അസുഖം, മറ്റു കാരണങ്ങൾ എന്നിവ കൊണ്ടോ പരീക്ഷ എഴുതാൻ കഴിയാതിരുന്ന കുട്ടികൾക്ക് സ്കൂൾ തലത്തിൽ ചോദ്യപേപ്പർ തയ്യാറാക്കി പരീക്ഷ നടത്തേണ്ടതും അർഹരായവർക്ക് R TE പ്രകാരം തൊട്ടടുത്ത ക്ലാസ്സുകളിലേയ്ക്ക് പ്രൊമോഷൻ നൽകേണ്ടതുമാണ്.
4. 2025-26 വർഷത്തേയ്ക്കുള്ള പ്രൊമോഷൻ ലിസ്റ്റ് 2025 മെയ് 2 ന് (എട്ടാം ക്ലാസ്സ് ഒഴികെ)പ്രസിദ്ധീകരിക്കുകയും, നടപടികൾ 2025 മെയ് 4 നകം പൂർത്തീകരിക്കേണ്ടതുമാണ്.
5 സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലെയും (സർക്കാർ/ എയ്ഡഡ്/അംഗീകൃത അൺ-എയ്ഡഡ്) 2025-26 അധ്യയന വർഷത്തേയ്ക്കുള്ള പ്രവേശന നടപടികൾ ഒന്നാം ക്ലാസിലേക്ക് 2025 ഏപ്രിൽ 7 മുതലും മറ്റു കാസ്റ്റുകളിലേക്ക് മെയ് 2 മുതലും ആരംഭിക്കാവുന്നതാണ്.
6. രക്ഷിതാക്കൾക്ക് സ്കൂളുകളിൽ നേരിട്ടെത്തി കുട്ടികളുടെ പ്രവേശനാപേക്ഷ നൽകാവുന്നതാണ്.
7. അഡ്മിഷൻ സമയത്ത് ഏതെങ്കിലും രേഖകൾ ഹാജരാക്കാൻ കഴിയാത്ത കുട്ടികൾക്കും താൽക്കാലികമായി അഡ്‌മിഷൻ നൽകാവുന്നതാണ്. അന്യസംസ്ഥാനങ്ങൾ, വിദേശ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും വരുന്ന കട്ടികൾക്കും ഇത്തരത്തിൽ അഡ്മിഷൻ നൽകാവുന്നതാണ്.
8 സമ്പൂർണ്ണയിൽ വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ നിലവിൽ ആധാർ നമ്പർ ഉള്ള കുട്ടികളുടെ യു.ഐ.ഡി നമ്പർ രേഖപ്പെടുത്തേണ്ടതാണ്. യു.ഐ.ഡി നമ്പർ ‘വാലിഡ്’ ആണോ എന്ന് പരിശോധിക്കാനുള്ള സംവിധാനം സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
9 പൊതുവിദ്യാലയങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും പ്രവേശനം ഉറപ്പാക്കുന്ന സാഹചര്യം ഒരുക്കേണ്ടതാണ്. വിദ്യാഭ്യാസ ഓഫീസർമാരും പ്രഥമാധ്യാപകരും ഈ കാര്യത്തിൽ അനുകൂലമായ സമീപനം സ്വീകരിക്കുകയും വേണ്ടവിധത്തിൽ ഇടപെട്ട് പ്രവേശനനടപടികൾ സുഗമമാക്കുകയും വേണം.
10. വിടുതൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് സമ്പൂർണ്ണ വഴിയുള്ള നിലവിലെ സംവിധാനം തുടരുന്നതാണ്.
11 കട്ടികളുടെ പ്രൊമോഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള പ്രൊഫോർമ ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. പ്രൊഫോർമയുടെ അടിസ്ഥാനത്തിൽ പ്രൊമോഷൻ ലിസ്റ്റ് തയ്യാറാക്കേണ്ടതാണ്.
2. യാതൊരു കാരണവശാലും പ്രവേശന പരീക്ഷ നടത്തുന്നത് അനുവദിക്കുന്നതല്ല.