220 Working Days : കോടതി വിധി നിർണ്ണായകം
സ്കൂളുകളിൽ പ്രവൃത്തിദിനം 220 ആക്കിയതിനെതിരെ ഹൈക്കോടതിയിൽ അധ്യാപകർ നൽകിയിരിക്കുന്ന ഹർജിയിൽ തീരുമാനം ഉണ്ടാകാതെ ശനിയാഴ്ച അവധി പുനഃസ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്നു മന്ത്രി ശിവൻകുട്ടി.ഈ സാഹചര്യത്തിൽ കോടതി വിധി നിർണായകമാവും.
220 പ്രവൃത്തി ദിനങ്ങളുള്ള വിദ്യാഭ്യാസ കലണ്ടറിൽ ആഴ്ചയിൽ 6 പ്രവൃത്തി ദിനം വരുന്ന തരത്തിൽ 7 ശനിയാഴ്ചകൾ മാത്രമേ ഉൾക്കൊള്ളിച്ചിട്ടുള്ളൂ.
ഒന്നാം പാദവാർഷിക പരീക്ഷയ്ക്കായി 8, രണ്ടാം പാദവാർഷിക പരീക്ഷയ്ക്കായി 6, വാർ ഷിക പരീക്ഷയ്ക്കായി 22 പ്രവൃത്തി ദിനങ്ങൾ വീതം നീക്കിവച്ചിട്ടുണ്ട്.
ഓണം, ക്രിസ്മസ് ആഘോഷങ്ങൾക്കായി 2 ദിവസം ഉൾപ്പെടെ 38 ദിനങ്ങൾ മാറ്റിവയ്ക്കേണ്ടി വരും. കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുള്ള ശനിയാഴ്ചകളിലെ 6 ക്ലസ്റ്റർ യോഗങ്ങൾക്ക് അവധി നൽകേണ്ടി വരുന്നതുമൂലം 44 പ്രവൃത്തി ദിനങ്ങൾ അധ്യയനദിനങ്ങൾ അല്ലാതായി മാറും. മഴക്കെടുതികൾ, മറ്റേതെങ്കിലും വിധത്തിൽ ഉണ്ടാകുന്ന പ്രാദേശിക അവധികൾ എന്നിവ കണക്കിലെടുക്കുമ്പോൾ ശരാശരി 6 ദിവസം കൂടി പ്രവൃത്തി ദിനങ്ങളിൽ നിന്ന് നഷ്ടപ്പെടുന്നുമുണ്ട്. ഇതോടെ ആകെ ലഭിക്കാവുന്ന പ്രവൃത്തി ദിനങ്ങൾ 170 ആണെന്നും മന്ത്രി നിയമസഭയിൽ ചോദ്യോത്തര വേളയിൽ പറഞ്ഞു. കോടതി വിധി അനുകൂലമായില്ലെങ്കിൽ ഈ വർഷം ശനിയാഴ്ച പ്രവൃർത്തി ദിവസങ്ങൾ തുടരേണ്ടിവരും.