25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റം സൗജന്യമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി . സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി

August 06, 2023 - By School Pathram Academy

കൊച്ചി ∙ 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റം സൗജന്യമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. അധിക ഭൂമിക്ക് മാത്രമേ ഫീസ് ഈടാക്കാൻ പാടുള്ളുവെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. സർക്കാർ നടപടിക്കെതിരെ ഇടുക്കി സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്‌തിട്ടില്ലാത്ത ഭൂമി വാങ്ങിയതു 2017നു ശേഷമാണെങ്കിലും 25 സെന്റിന് താഴെയാണെങ്കിൽ തരം മാറ്റാൻ ഫീസ് ഇളവു നൽകണമെന്നു ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണു സർക്കാർ അപ്പീൽ നൽകിയത്.

 

25 സെന്റിന് താഴെയാണെങ്കിലും 2017നു ശേഷം വാങ്ങിയതാണെങ്കിൽ ഫീസിളവ് നൽകാനാകില്ലെന്ന റവന്യു അധികൃതരുടെ നിലപാടിനെതിരെ പാലക്കാട് സ്വദേശികളായ യു.സുമേഷ്, യു.സുധീഷ്, സരേഷ് ശങ്കർ എന്നിവർ നൽകിയ ഹർജികളിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. നിലമെന്നു വിജ്ഞാപനം ചെയ്തിട്ടില്ലാത്ത 25 സെന്റിൽ താഴെയുള്ള ഭൂമി തരം മാറ്റാൻ ഫീസ് നൽകേണ്ടെന്ന് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ പറയുന്നുണ്ട്. ഇതനുസരിച്ചാണു ഹർജിക്കാർ ഭൂമി തരം മാറ്റാൻ ഫീസിളവിന് അപേക്ഷ നൽകിയത്.

എന്നാൽ 2017 ഡിസംബർ 30 വരെ ഒന്നായി കിടന്ന ഭൂമി അതിനുശേഷം തിരിച്ച് 25 സെന്റോ താഴെയോ വിസ്തീർണമുള്ള പ്ലോട്ടുകളാക്കിയിട്ടുണ്ടെങ്കിൽ അവയ്ക്കു സൗജന്യം ബാധകമല്ലെന്നും അവ ഒന്നായി കണക്കാക്കിയാണു ഫീസ് ഈടാക്കേണ്ടതെന്നും സർക്കാർ ഉത്തരവിലുണ്ടായിരുന്നു. ഹർജിക്കാർ 2017 നുശേഷമാണ് ഭൂമി വാങ്ങിയത്. അതിനാൽ ഫീസിളവു നൽകാൻ കഴിയില്ലെന്നാണ് റവന്യു അധികൃതർ നിലപാടു സ്വീകരിച്ചത്. എന്നാൽ മുൻപ് 25 സെന്റിൽ താഴെയുള്ള ഭൂമിയാണെങ്കിലും 2017 ഡിസംബറിനു ശേഷമാണു വാങ്ങിയതെങ്കിൽ ഇളവ് ലഭിക്കില്ലെന്ന നിലപാടു നിയമപ്രകാരവും ചട്ടപ്രകാരവും അംഗീകരിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കുകയായിരുന്നു.

Category: News