3 ബോയ്സ് സ്കൂളുകളിൽ ഇനി മുതൽ ഗേൾസും പഠിക്കും …
- എസ്എംവി സ്കൂൾ
തിരുവനന്തപുരം ∙ നൂറ്റാണ്ടിന്റെ ചരിത്രം പേറുന്നയ ശ്രീമൂല വിലാസം ഗവ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ(എസ്എംവി) ഇക്കുറി പെൺകുട്ടികൾക്കും പ്രവേശനം നൽകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി, അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി കാത്തിരിക്കുകയാണ് സ്കൂൾ അധികൃതർ. ഇനി വേണ്ടത് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയാണ്. ആദ്യ ഘട്ടത്തിൽ ഹൈസ്കൂൾ വരെയുള്ള ക്ലാസുകളിൽ പെൺകുട്ടികൾക്കും പ്രവേശനം നൽകാനാണു തീരുമാനം. പെൺകുട്ടികൾക്ക് ഉപയോഗിക്കാനായി 6 ടോയ്‌ലറ്റ് ബ്ലോക്കുകൾ ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ടെന്ന് ഹെഡ്മിസ്ട്രസ് എൻ.ജെ. റാണി വിദ്യാധര പറഞ്ഞു.ഇനി വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി മതി.ഇപ്പോൾ ആയുർവേദ കോളജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹിസ് ഹൈനസ് ദി രാജാവ് ഫ്രീ സ്കൂൾ എന്ന പേരിൽ 1834 ൽ സ്വാതി തിരുനാൾ മഹാരാജാവാണ് സ്കൂൾ ആരംഭിച്ചത്.
- ശാർക്കര ശ്രീ ചിത്തിര വിലാസം ബോയ്സ് ഹൈസ്കൂൾ
ചിറയിൻകീഴ് ∙ ഒരു നൂറ്റാണ്ടിന്റെ പൈതൃകവും ഒട്ടേറെ ചരിത്ര സംഭവങ്ങൾക്കു സാക്ഷിയും ആയിട്ടുള്ള ശാർക്കര ശ്രീ ചിത്തിര വിലാസം ബോയ്സ് ഹൈസ്കൂളിലും ഈ അധ്യയനവർഷം മുതൽ പെൺകുട്ടികൾക്കും പ്രവേശനം. മിക്സഡ് സ്കൂൾ ആയി പ്രഖ്യാപിച്ച ശേഷം അറുപത്തി അഞ്ചിലേറെ പെൺകുട്ടികൾ പ്രവേശനം നേടി. ഇനിയും 250 വിദ്യാർഥികളെ കൂടി ഉൾക്കൊള്ളാൻ പാകത്തിൽ ക്ലാസ് മുറികളും അടിസ്ഥാന സൗകര്യങ്ങളുമുണ്ടെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. 1917 ൽ സ്ഥലത്തെ പ്രധാനിയായിരുന്ന എം.പി.പരമേശ്വരൻ നായരായിരുന്നു സ്കൂളിനു തുടക്കമിട്ടത്.
1964 ൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ പഠന സൗകര്യമൊരുക്കി ശ്രീ ശാരദ വിലാസം ഗേൾസ് ഹൈസ്കൂളും ശ്രീ ചിത്തിര വിലാസം ബോയ്സ് ഹൈസ്കൂളുമായി. നിലവിൽ 750 ൽപ്പരം വിദ്യാർഥികളാണു ശ്രീ ചിത്തിര വിലാസം ഹൈസ്കൂളിൽ പഠിതാക്കളായുള്ളത്.
- കന്യാകുളങ്ങര ഗവ. ബോയ്സ് എച്ച്എസ്
പോത്തൻകോട് ∙ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ച് ജില്ലയിൽ ആദ്യ പ്രഖ്യാപനമുണ്ടായ കന്യാകുളങ്ങര ഗവ. ബോയ്സ് ഹൈസ്കൂൾ ചരിത്രപരമായ മാറ്റത്തിനുള്ള അവസാന വട്ട ഒരുക്കത്തിലാണ്. ഇക്കൊല്ലം വിവിധ ക്ലാസുകളിലായി 31 പെൺകുട്ടികൾ പ്രവേശനം നേടി. ഇനിയും കൂടുതൽ കുട്ടികൾ എത്തുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും പിടിഎയും. പെൺകുട്ടികൾക്കായി ഗേൾസ് ഫ്രണ്ട് ലി ടോയ്‌ലറ്റ് നിർമാണവും തുടങ്ങി. ജില്ലാ പഞ്ചായത്ത് ഇതിനായി 10 ലക്ഷം അനുവദിച്ചിട്ടുണ്ട്. 1850 ൽ കുടിപ്പള്ളിക്കൂടമായാണ് സ്കൂളിന്റെ തുടക്കം. 1920 ൽ പ്രൈമറി സ്കൂളായും 1957 ൽ ഹൈസ്കൂളായും ഉയർത്തി. വിദ്യാർഥികളുടെ ബാഹുല്യം കാരണം 1984 ഫെബ്രുവരിയിലാണ് പെൺകുട്ടികളെ മാറ്റിയത്. പെൺകുട്ടികൾക്കു മാത്രമായി സമീപത്ത് പുതിയൊരു സ്കൂൾ നിർമിച്ചു.