5 ദിവസത്തെ അവധിക്കാല അധ്യാപക പരിശീലനം,എട്ടാം ക്ലാസ്സിൽ നടപ്പിലാക്കുന്ന മിനിമം മാർക്കുമായി ബന്ധപ്പെട്ട വിഷയങ്ങൾ… QIP തീരുമാനങ്ങൾ അറിയാം

March 23, 2025 - By School Pathram Academy

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ വസതിയിൽ വച്ച് QIP അധ്യാപക സംഘടനകളുടെ യോഗം ചേർന്നു 22/03/2025 ന്

 വിവിധ അജണ്ടകളിൻമേൽ ചർച്ച നടന്നു.

1 )ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ

സമൂഹത്തിനാകെ ഭീഷണിയായി മാറുന്ന, മാരക വിപത്തായ ലഹരിക്കെതിരെ ഒരു വർഷം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ പരിപാടി നടത്താൻ തീരുമാനിച്ചു.

2) സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി

ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ടൈം ഷെഡ്യൂളിലും നടപ്പിലാക്കാനുദ്ദേശി ക്കുന്ന പ്ലാനിലുമുള്ള തിരുത്തലുകൾ അഞ്ച് ദിവസത്തിനകം നൽകാൻ അധ്യാപക സംഘടനകൾക്ക് അവസരം നൽകി. അതിന് ശേഷം ആവശ്യമായ മാറ്റം വരുത്തി പദ്ധതി നടപ്പിലാക്കാനും തീരുമാനിച്ചു.

3) എട്ടാം ക്ലാസ്സിൽ നടപ്പിലാക്കുന്ന മിനിമം മാർക്കുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആകെയുള്ള 50 മാർക്കിൽ 40 മാർക്ക് എഴുത്ത് പരീക്ഷയുമായി ബന്ധപ്പെട്ട് ലഭിക്കുന്നതാണ്. അതിൽ 12 മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികളുടെ ലിസ്റ്റ് ഏപ്രിൽ 5 ന് തയ്യാറാക്കുകയും അതിന് SRG അംഗീകാരം നൽകുകയും 6, 7 തീയതികളിൽ അധിക പിന്തുണ ആവശ്യമുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി യോഗം സംഘടിപ്പിക്കുകയും ഏപ്രിൽ 8 മുതൽ 24 വരെയുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ അധിക പിന്തുണാക്ലാസ്സ് നടത്തുകയും 27, 28 തീയതികളിൽ ഇവർക്കായി വീണ്ടും പരീക്ഷ നടത്തുകയും നിലവാരം മെച്ചപ്പെട്ടവരെ വിജയിപ്പിക്കുകയും ചെയ്യുന്ന നടപടി ഉണ്ടാകണം. 9.30 മുതൽ 12.30 വരെയാണ് പരിശീലനം നൽകുന്നത്. സംഘടനകൾ ഈ അഭിപ്രായത്തോട് യോജിപ്പ് അറിയിച്ചു എങ്കിലും അവധിക്കാലത്ത് അധ്യാപകരെ നിർബന്ധിച്ച് ജോലിചെയ്യിക്കാൻ കഴിയില്ല എന്ന് അറിയിക്കുകയും ചെയ്തു. അതോടൊപ്പം SSLC പരീക്ഷയുടെ മൂല്യനിർണയം നടക്കുന്നതിനാൽ അധ്യാപകരുടെ സാന്നിധ്യം കുറവായിരിക്കുമെന്നും അറിയിച്ചു. ഇതിന് പരിഹാരമായി വിരമിച്ച അധ്യാപകരുടേയും BRC ട്രയിനർമാരുടേയും CRC കോർഡിനേറ്റർമാരുടേയും സേവനം ഉപയോഗപ്പെടുത്താമെന്ന് മന്ത്രി അറിയിച്ചു. അധ്യാപകരെ നിർബന്ധപൂർവ്വം ഇതിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കില്ലെന്നും കൂട്ടിച്ചേർത്തു. അവധിക്കാലത്ത് ജോലി ചെയ്യുന്നവർക്ക് ഏൺഡ് ലീവ് സറണ്ടർ അനുവദിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.

4 ) അവധിക്കാല അധ്യാപക പരിശീലനം : ഇത്തവണ 5 ദിവസത്തെ അധ്യാപക പരിശീലനമാണ് ഉള്ളത്. മേയ് 13 മുതൽ 17 വരെ DRG പരിശീലനവും മേയ് 19- 23 വരെ ഒറ്റ സ്പെല്ലായി അധ്യാപക പരിശീലനവും നടത്താനാണ് തീരുമാനം. ഏതെങ്കിലും ജില്ലകളിൽ ഒറ്റ സ്പെല്ലിൽ തീരാതെ വന്നാൽ മാത്രം അടുത്ത ബാച്ച് നടത്താനാണ് ആലോചിക്കുന്നതെന്ന് അറിയിച്ചു. മേയ് മാസത്തെ കടുത്ത ചൂടിൽ നടക്കുന്ന പരിശീലനത്തിൽ സെൻ്ററുകളിൽ ആവശ്യത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും കഴിഞ്ഞ തവണത്തെ പരിശീലനത്തിൻ്റെ Remuneration ഇതുവരെ കിട്ടിയിട്ടില്ലെന്നും അതിനാൽ പണം തരാതെ അക്വിറ്റൻസ് ഒപ്പിട്ട് നൽകാൻ കഴിയില്ലെന്നും സംഘടനകള്‍ അറിയിച്ചു. അതുപോലെ ലീവ് സറണ്ടർ അനുവദിക്കണമെന്നും AEO, DEO, DDE തലങ്ങളിൽ QIP അധ്യാപക സംഘടനാ യോഗം വിളിക്കണമെന്നും സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.

5) പാഠപുസ്തക വിതരണം:

ഏപ്രിൽ 26 ന് പത്താം ക്ലാസ്സ് പാഠപുസ്തകം വിതരണം ചെയ്യുമെന്നും മറ്റ് ക്ലാസ്സുകളിലെ പാഠപുസ്തക വിതരണം മുഖ്യമന്ത്രിക്ക് സൗകര്യമുള്ള ദിവസം നോക്കി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

6) അധ്യാപക സ്ഥലംമാറ്റം, പ്രൊമോഷൻ : പ്രൊമോഷനും അന്തർജില്ലാ സ്ഥലംമാറ്റവും ജില്ലയ്ക്കകത്തുള്ള സ്ഥലംമാറ്റവും ഉൾപ്പെടെ സ്കൂൾ തുറക്കുന്നതിന് മുമ്പ് നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു.അന്തർജില്ലാ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നം അടിയന്തിരമായി പരിഹരിക്കണം

7) നിയമനാംഗീകാരം

NSS നൽകിയ കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് NSS ന് മാത്രമാണെന്നും മറ്റുള്ളവർ കോടതി ഉത്തരവുമായി വന്നാൽ അവർക്കും നിയമനാംഗീകാരം നൽകുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ സുപ്രീംകോടതി ഉത്തരവ് പരിമിതപ്പെടുത്താതെ ഭിന്നശേഷി നിയമനങ്ങൾക്ക് തസ്തിക ഒഴിച്ചിട്ടിരിക്കുന്ന എല്ലാ സ്കൂളുകളിലും ഈ ഉത്തരവ് നടപ്പിലാക്കണമെന്നും , എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടും നിയമനാംഗീകാരം നൽകാതെ ചില ഓഫീസുകളിൽ തടഞ്ഞുവച്ചിരിക്കുന്ന ഫയലുകളിൽ എത്രയും വേഗം തീർപ്പുകൽപ്പിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

8 ) കെ- ടെറ്റ് പാസ്സാകാത്ത അധ്യാപകരെ പിരിച്ചുവിടാനുള്ള നീക്കം മനുഷ്യത്വരഹിതമാണെന്നും അത് ഉപേക്ഷിക്കണമെന്നും അവർക്കായി പ്രത്യേക പരീക്ഷ നടത്തി വിഷയം പരിഹരിക്കണമെന്നും അഭിപ്രായപ്പെട്ടു.

9) സമഗ്ര ഗുണമേന്മാ പദ്ധതിയിൽ പ്രീപ്രൈമറി സ്കൂളിൻ്റെ പ്രാധാന്യത്തെക്കുറിച്ച് എടുത്ത്പറഞ്ഞിട്ടുണ്ടെങ്കിലും സർക്കാർ ഈ മേഖലയെ പറ്റെ അവഗണിക്കുകയാണെന്നും മുഴുവൻ പ്രീപ്രൈമറി സ്കൂൾ കുട്ടികൾക്കും ഉച്ചഭക്ഷണവും സൗജന്യ യൂണിഫോമും അനുവദിക്കണമെന്നും അധ്യാപകർക്കും ആയമാർക്കും ഉയർന്ന വേതനം അനുവദിക്കാൻ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിന് പകരം അപ്പീൽ നൽകാനുള്ള സർക്കാരിൻ്റെ നീക്കം നീതിനിഷേധവും പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്നതും ആണെന്ന് യോഗത്തിൽ അറിയിച്ചു.സ്റ്റാഫ് ഫിക്സേഷൻ മാർച്ച് 31 നകമെങ്കിലും പൂർത്തിയാക്കണമെന്നും നീണ്ടുപോകുന്നത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അഭിപ്രായപ്പെട്ടു.

10) യൂണിഫോം വിതരണം ഗവ.ഹൈസ്കൂളുകളോടനുബന്ധിച്ചുള്ള എൽ പി , യു പി വിഭാഗത്തിലെ കുട്ടികൾക്കുള്ള യൂണിഫോം വിതരണം അടിയന്തിരമായി പൂർത്തിയാക്കണമെന്നും എയ്ഡഡ് സ്കൂൾ കുട്ടികൾക്കുള്ള യൂണിഫോം അലവൻസ് സ്കൂൾ തുറക്കുന്നതിന് മുമ്പ് നൽകണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

11) D.El.Ed പരീക്ഷ ഏപ്രിൽ മാസത്തിൽ നടത്തി ജൂൺ 1 ന് മുമ്പ് ഫലം പ്രഖ്യാപിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.

Recent

Load More