സുകുമാർ അഴീക്കോട് പുതിയ കാർ വാങ്ങി. ഓടിച്ച് വരുമ്പോൾ അതാ ബഷീർ നടന്നുപോകുന്നു. കാർ നിർത്തി അഴീക്കോട് ക്ഷണിച്ചു: “കയറണം, ഞാൻ ഇറക്കി തരാം.”
സുകുമാർ അഴീക്കോട് പുതിയ കാർ വാങ്ങി.
ഓടിച്ച് വരുമ്പോൾ അതാ ബഷീർ നടന്നുപോകുന്നു. കാർ നിർത്തി അഴീക്കോട് ക്ഷണിച്ചു: “കയറണം, ഞാൻ ഇറക്കി തരാം.”
“വേണ്ട, എനിക്കല്പം ധൃതിയുണ്ട്. ഞാൻ നടന്നോളാം.”
🌼
ബഷീറിന്റെ ജീവിതത്തെ ആധാരമാക്കി എം.എ റഹ്മാൻ നിർമ്മിച്ച ഡോക്യുമെൻററി സിനിമയായ ‘ബഷീർ ദ മാൻ’ കോഴിക്കോട് ആദ്യമായി പ്രദർശിപ്പിച്ചപ്പോൾ അത് കണ്ടിറങ്ങിയ ബഷീറിനോട് പത്രപ്രതിനിധികൾ അഭിപ്രായം ചോദിച്ചു
ബഷീർ പറഞ്ഞു “സിനിമ കൊള്ളാം. നായകൻ കിഴവനായിപ്പോയി. മമ്മൂട്ടിയോ മറ്റോ അഭിനയിച്ചാ മതിയായിരുന്നു…!”
🌼
വൈക്കം മുഹമ്മദ് ബഷീർ മരിക്കുമ്പോൾ 86വയസ്സ്.
108 വയസുള്ള സ്വാതന്ത്ര്യസമര സേനാനിയായ മൊയ്തു മൗലവി അന്ന് ജീവിച്ചിരിപ്പുണ്ട്. ബഷീറിന്റെ മരണത്തിൽ പ്രതികരണത്തിനായി പത്രക്കാർ സമീപിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്രെ.
“എന്തുചെയ്യാം, ഭാവിയുള്ളൊരു ചെറുപ്പക്കാരനായിരുന്നു!”
🌼
ഒരിക്കൽ ശോഭന പരമേശ്വരൻ നായരും അരവിന്ദനും സി.വി ശ്രീരാമനും വി.കെ ശ്രീരാമനും കൂടി ബഷീറിനെ കാണാൻ പോയി.
മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ കസേരയിലും സ്റ്റൂളിലുമായി എല്ലാവരും ഇരുന്നു. വി.കെ ശ്രീരാമനു മാത്രം ഇരിപ്പിടം കിട്ടിയില്ല, അടുത്തുള്ള ഒരു തെങ്ങിന്റെ ചോട്ടിൽ ശ്രീരാമൻ മാറിനിന്നു.
“അതാരാണ് ആ തെങ്ങിൽ ചാരി നിൽക്കുന്നത്..”
ബഷീർ ചോദിച്ചു.
“വി.കെ.ശ്രീരാമൻ. സി.വി ശ്രീരാമന്റെ മരുമകനാ..”
“ശ്രീരാമനായാലും ഹനുമാനായാലും ആ തെങ്ങിന്റെ ചോട്ടിൽ നിന്ന് മാറി നിൽക്കാൻ പറ, ശനിയാഴ്ച സുകുമാർ അഴീക്കോട് വരുന്നുണ്ട്. ഓന് കണക്കാക്കി വെച്ചൊരു ഉണങ്ങിയ തേങ്ങ അതിലാടുന്നുണ്ട്.”
🌼
ബഷീർ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. തന്റെ കയ്യിലുണ്ടായിരുന്ന കാലൻ കുട ഹോട്ടലിന്റെ ഉത്തരത്തിൽ തൂക്കിയിട്ടു. ബഷീർ ഭക്ഷണവും കാത്തിരിക്കുമ്പോൾ ഒരാൾ തന്റെ കുടയെടുത്ത് ധൃതിയിൽ നടന്നു പോകുന്നതാണ് കണ്ടത്.
ബഷീർ അൽപ്പം ഗൗരവത്തിൽ അയാളെ കൈകൊട്ടി വിളിച്ചു. ബഷീർ ചോദിച്ചു.
“താങ്കളാണോ വൈക്കം മുഹമ്മദ് ബഷീർ ?
“അല്ല ”
“എങ്കിൽ കുട അവിടെ വെച്ചിട്ടു പോ. അത് വൈക്കം മുഹമ്മദ് ബഷീറിന്റേതാണ്.! ”
🌼
ഒ.എൻ.വിയുടെ വിവാഹത്തിന് ബഷീർ തന്റെ ഒരു പുസ്തകമാണ് സമ്മാനമായി കൊടുത്തത്. ആദ്യപേജിൽ ഒ.എൻ.വി യുടെ ഭാര്യയ്ക്കുള്ള കുറിപ്പുമുണ്ടായിരുന്നു.
“ആദ്യത്തെ കളിയും ചിരിയുമെല്ലാം കഴിഞ്ഞ് ഒ.എൻ.വി തല്ലാനും ഉപദ്രവിക്കാനും തുടങ്ങുമ്പോൾ വായിച്ചുചിരിക്കാൻ…”
🌼
ബഷീർ അവസാനകാലത്ത് അധികമൊന്നും എഴുതിയിരുന്നില്ല.
ഇതേക്കുറിച്ച് ഒരാൾ ചോദിച്ചപ്പോൾ ബഷീർ പറഞ്ഞു.
“അക്ഷരം കൂട്ടി വായിക്കാൻ പഠിക്കുകയാണിപ്പോൾ. അത് കഴിയട്ടെ.”
അമ്പരപ്പോടെ നിന്ന അയാളോട് ബഷീർ ഇങ്ങനെ തുടർന്നു:
“മേഘങ്ങൾ ആകാശത്തും
മീനുകൾ വെള്ളത്തിലും
കാറ്റ് മരങ്ങളിലും എഴുതുന്ന അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിക്കുകയാ..”
കടപ്പാട് :