8, 9 ക്ലാസുകളിലെ ഐ ടി പരീക്ഷ ഫെബ്രുവരി 19 മുതൽ . പരീക്ഷ സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിച്ചു

February 09, 2024 - By School Pathram Academy

എട്ട്, ഒൻപത് ക്ലാസുകളിലെ 2023-2024 അധ്യയന വർഷത്തെ വർഷാന്ത്യ ഐ.ടി പരീക്ഷക്ക് എസ്.സി.ഇ.ആർ.ടി യുടെ നിർദേശത്തോടെ കേരള ഇൻഫ്രാസ്ട്രക്‌ചർ ആൻ്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറാണ് ഈ വർഷവും ഉപയോഗിക്കുന്നത്.

8, 9 ക്ലാസുകളിൽ ഈ വർഷം നടത്തേണ്ട വർഷാന്ത്യ ഐ.ടി. പരീക്ഷ സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു:

1. വർഷാന്ത്യ ഐടി പരീക്ഷ 2024 ഫെബ്രുവരി 19 ന് ആരംഭിച്ച് 2024 മാർച്ച് 27 നു മുമ്പ് പൂർത്തിയാക്കേണ്ടതും 8, 9 ക്ലാസുകളിലെ എല്ലാ കുട്ടികളും പരീക്ഷയിൽ പങ്കെടുത്തുവെന്ന് ഹെഡ്‌മാസ്റ്റർ ഉറപ്പാക്കേണ്ടതുമാണ്.

2. ഓരോ ക്ലാസിലും ഐടി പഠിപ്പിക്കുന്ന അധ്യാപകർ SITC/JSITC എന്നിവരുടെ സഹായത്താൽ പ്രഥമാധ്യാപിക/പ്രഥമാധ്യാപകന്റെ നിർദേശാനുസരണം ഐടി പരീക്ഷ യഥാസമയം നടത്തിത്തീർക്കേണ്ടതും റിപ്പോർട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കും കൈറ്റിൻ്റെ ജില്ലാ ഓഫീസിലും ലഭ്യമാക്കേണ്ടതുമാണ്

3. ഐടി പരീക്ഷ ഗ്നൂ/ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് നടത്തേണ്ടത്.

4. പരീക്ഷാ സമയം ഒരു മണിക്കൂർ ആയിരിക്കും.

5. തിയറി, പ്രാക്ടിക്കൽ ഭാഗങ്ങൾ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ കമ്പ്യൂട്ടറിൽ തന്നെയാണ് നടത്തേണ്ടത്.

6. ഐടി പരീക്ഷയുടെ നടത്തിപ്പിന് ജില്ലാ വിദ്യാഭ്യാസ ഓഫീസ് മുഖേന പരീക്ഷാ സാമഗ്രികൾ പ്രത്യേകമായി സ്കൂളുകൾക്ക് വിതരണം ചെയ്യുന്നതല്ല. ഐടി@സ്കൂൾ ഉബുണ്ടു 18.04 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ (കൈറ്റ് – സ്കൂളുകൾക്ക് ഔദ്യോഗികമായി വിതരണം ചെയ്ത ഓപ്പറേറ്റിംഗ് സിസ്റ്റം) പ്രവർത്തിക്കുന്ന പരീക്ഷാ സോഫ്റ്റ്‌വെയർ, പാസ്‌വേഡ്, പരീക്ഷാ സർക്കുലർ തുടങ്ങിയവ http://sampooma.kite.kerala.gov.in പരീക്ഷ നടത്താവുന്നതാണ്.

7. സമ്പൂർണയിലെ ഹെഡ്‌മാസ്റ്റർ ലോഗിനിൽ Annual IT Exam 2023-24 എന്ന ഐക്കൺ/ലിങ്കിൽ നിന്നും പരീക്ഷാ സോഫ്റ്റ്‌വെയർ, പാസ്‌വേഡ്, പരീക്ഷാ സർക്കുലർ തുടങ്ങിയവ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

8. ഡൗൺലോഡ് ലഭ്യമാകുന്ന ദിവസം പ്രഥമാധ്യാപകന്റെ സാന്നിദ്ധ്യത്തിൽ സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യേണ്ടതും ഒരു പെൻഡ്രൈവിൽ കോപ്പി ചെയ്തശേഷം കമ്പ്യൂട്ടറിൽനിന്ന് ഡിലീറ്റ് ചെയ്യേണ്ടതും പെൻഡ്രൈവ് പ്രഥമാധ്യാപകൻ സുരക്ഷിതമായി സൂക്ഷിക്കേണ്ടതും പരീക്ഷക്ക് ഉപയോഗിക്കേണ്ട കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്യുന്നതിനായി ലഭ്യമാക്കേണ്ടതുമാണ്.

9. പരീക്ഷാ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തശേഷം സോഫ്റ്റ്‌വെയർ അടങ്ങിയ പെൻഡ്രൈവ് പ്രഥമാധ്യാപകൻ തിരികെ വാങ്ങി സുരക്ഷിതമായി സൂക്ഷിക്കേണ്ടതും പരീക്ഷ നടത്തുന്നതിനുള്ള പാസ്‌വേഡുകൾ രഹസ്യമായി സൂക്ഷിക്കുന്നതിന് നിർദേശം നൽകേണ്ടതുമാണ്.

10.ജില്ലാ വിദ്യാഭ്യാസ ഓഫീസർ ജില്ലയിലെ പ്രഥമാധ്യാപകരുടെ യോഗം ചേർന്ന് ഐ.ടി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് നിർദേശങ്ങൾ നൽകേണ്ടതും സമയബന്ധിതമായി പരീക്ഷ പൂർത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കേണ്ടതുമാണ് (പരീക്ഷാനടത്തിപ്പ് സംബന്ധിച്ച് സാങ്കേതിക സഹായം ആവശ്യമെങ്കിൽ ജില്ലയിലെ കൈറ്റ് മാസ്റ്റർ ട്രെയിനർമാരുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്). 11. വർഷാന്ത്യ ഐടി പരീക്ഷയ്ക്ക് ഉൾപ്പെടുത്തിയിട്ടുള്ള പാഠഭാഗങ്ങൾ, സ്കോറുകൾ എന്നിവ സംബന്ധിക്കുന്ന വിശദവിവരങ്ങൾ അനുബന്ധം 1 ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് 8, 9 ക്ലാസുകളിലെ എല്ലാ കുട്ടികളെയും അറിയിക്കേണ്ടതും സ്കൂൾ നോട്ടീസ് ബോർഡിൽ പതിപ്പിക്കേണ്ടതുമാണ്.

12.കേൾവിക്കുറവുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലെ (Special Schools for Hearing Impaired Students) ഐ.ടി പരീക്ഷയ്ക്കുള്ള സോഫ്റ്റ്‌വെയർ പ്രത്യേകമായി സമ്പൂർണയിൽ ലഭ്യമാക്കുന്നതാണ്.

13.സ്കൂളുകൾക്ക് ലഭിക്കുന്ന പരീക്ഷാ സോഫ്റ്റ്‌വെയർ സ്ക്കൂളിനു പുറമേ പരസ്യപ്പെടുത്തുകയില്ലായെന്ന് ഉറപ്പുവരുത്തേണ്ട പൂർണ ഉത്തരവാദിത്തം ഹെഡ്‌മാസ്റ്റർമാർക്കാണ്.

14.പരീക്ഷാകേന്ദ്രത്തിലെ എല്ലാ കുട്ടികളുടെയും പരീക്ഷ പൂർത്തീകരിച്ചശേഷം പരീക്ഷയ്ക്കുപയോഗിച്ച എല്ലാ കമ്പ്യൂട്ടറുകളിൽനിന്നുമുള്ള വിവരങ്ങൾ എക്സ്പോർട്ട് ചെയ്ത് സെർവർ കമ്പ്യൂട്ടറിലേക്ക് ഇംപോർട്ട് ചെയ്യുകയും അതിലെ എക്സ്‌പോർട്ട് സൗകര്യം ഉപയോഗിച്ച് എക്സ്പോർട്ട് ചെയ്തെടുത്ത ഫയൽ ഒരു ഫോൾഡറിലേക്ക് പകർത്തി സൂക്ഷിക്കേണ്ടതാണ്.

15.കൺസോളിഡേറ്റഡ് സ്കോർ ഷീറ്റ് തയാറാക്കി അതിൻ്റെ പ്രിൻ്റ് ഔട്ട് എടുക്കുകയും, അതിൽ എല്ലാ കുട്ടികളുടെയും വിവരങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഓരോ കുട്ടിക്കും നൽകിയ പ്രാക്ടിക്കൽ മാർക്ക് സ്കോർഷീറ്റിൽ വന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. സ്കോർഷീറ്റിന്റെ പ്രിന്റൗട്ട് 2024 ഏപ്രിൽ 5 ന് മുമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കും കൈറ്റിന്റെ ജില്ലാ കോ- ഓർഡിനേറ്റർക്കും ഇ-മെയിലായി നൽകേണ്ടതാണ്.

അനുബന്ധം

8, 9 ക്ലാസുകളിലെ വർഷാന്ത്യ ഐടി പരീക്ഷയെ സംബന്ധിക്കുന്ന വിശദവിവരങ്ങൾ

ഐ ടി പരീക്ഷയ്ക്ക് തിയറി, പ്രാക്ടിക്കൽ എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. ഒരു സോഫ്ട്വെയറിന്റെ സഹായത്തോടെ തിയറി-പ്രാക്ടിക്കൽ ഭാഗങ്ങൾ കമ്പ്യൂട്ടറിൽ തന്നെ ചെയ്യാൻ കഴിയുന്ന രീതിയിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.സ്കോറും മൂല്യനിർണയവും ഐ ടി പരീക്ഷയ്ക്ക് 50 സ്കോറാണ് നിശ്ചയിച്ചിരിക്കുന്നത്. അതിൽ 10 സ്കോർ തിയറി ഭാഗത്തിനും 28 സ്കോർ ഐടി ശേഷികൾ പരിശോധിക്കുന്ന പ്രാക്ടിക്കൽ ഭാഗത്തിനും 2 സ്കോർ ഐടി പ്രാക്ടിക്കൽ വർക്ക്ബുക്കിനും 10 സ്കോർ തുടർ മൂല്യനിർണയ പ്രവർത്ത നങ്ങൾക്കുമാണ്. പ്രാക്ടിക്കൽ വർക്ക്ബുക്കും 28 സ്കോറിനുള്ള പ്രാക്ടിക്കൽ ഭാഗത്തിന്റെ ഉല്പന്നങ്ങളും പരീക്ഷ നടത്തുന്ന അധ്യാപകർ തന്നെ മൂല്യനിർണയം നടത്തേണ്ടതാണ്. അധ്യാപകന്റെ മൂല്യനിർണയത്തിൽ ലഭിച്ച സ്കോറും പ്രാക്ടിക്കൽ വർക്ക്ബുക്കിന് ലഭിച്ച സ്കോറും സോഫ്ട്വെയറിൽ രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. തിയറി ഭാഗത്തിന്റെ മൂല്യനിർണയം സോഫ്ട്‌വെയർ മുഖേന നടത്തുന്നതാണ്.

ഐ.ടി പരീക്ഷയുടെ സമയം സമാശ്വാസ സമയം ഉൾപ്പെടെ 1 മണിക്കൂർ ആണ്.

ഭാഗം I – തിയറി

തിയറി ഭാഗത്തിൻ്റെ സ്കോർ 10 ആണ്. 8, 9 ക്ലാസുകളിൽ ആറു മുതൽ പത്തുവരെയുള്ള യൂണിറ്റുകളിൽ നിന്നുള്ള ചോദ്യങ്ങളാണ് വർഷാന്ത്യ പരീക്ഷയുടെ തിയറി ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് വിഭാഗങ്ങളിലുള്ള ചോദ്യങ്ങളാണ് ഈ ഭാഗത്ത് ഉണ്ടാവുക. അവ ചുവടെ ചേർത്തിരിക്കുന്നു.

വിഭാഗം 1 : തന്നിരിക്കുന്നവയിൽ നിന്നും ഏറ്റവും അനുയോജ്യമായ ഉത്തരം തെരഞ്ഞടുക്കുന്നതിനുള്ള ചോദ്യങ്ങളാണിവ. ഈ വിഭാഗത്തിലെ ചോദ്യങ്ങൾക്ക് 1/2 സ്കോറാണ്, 10 ചോദ്യങ്ങളുണ്ടാകും.

വിഭാഗം 2 : തന്നിരിക്കുന്നവയിൽ നിന്നും ഏറ്റവും അനുയോജ്യമായ രണ്ട് ഉത്തരങ്ങൾ തെരഞ്ഞടുക്കുന്നതിനുള്ള ചോദ്യങ്ങളാണിവ. ഈ വിഭാഗത്തിലെ ചോദ്യങ്ങൾ ക്ക് 1 സ്കോറാണ്, 5 ചോദ്യങ്ങളുണ്ടാകും.

ഭാഗം II – പ്രാക്ടിക്കൽ

 

പ്രാക്ടിക്കൽ ഭാഗത്തിൻ്റെ സ്കോർ 28 ആണ്. നാല് വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ചോദ്യങ്ങളിൽ, ഓരോ വിഭാഗത്തിലും ലഭ്യമാകുന്ന 2 ചോദ്യങ്ങളിൽ ഒരു ചോദ്യത്തിനാണ് ഉത്തരം നൽകേണ്ടത്. 8, 9 ക്ലാസുകളിലെ വർഷാന്ത്യ പരീക്ഷയുടെ പ്രാക്ടിക്കൽ ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്ന പാഠഭാഗങ്ങളും ഓരോ പാഠഭാഗത്തിനുമുള്ള സ്കോറും ചുവടെചേർത്തിരിക്കുന്നു.