യാത്രക്കാരുടെയും വിദ്യാർഥികളുടെയും മുന്നിൽവെച്ച്‌ തന്നെ ചൂണ്ടി ഇവനൊക്കെ പഠിക്കുന്ന വിദ്യാലയം തുലഞ്ഞുപോകുമെന്നും തന്നെയൊക്കെ ഇറക്കേണ്ട സ്ഥലത്ത് ഇറക്കിത്തരാം എന്നുപറഞ്ഞ് അപമാനിച്ചെന്നും എട്ടാം ക്ലാസുകാരൻ പരാതിയിൽ പറയുന്നുl

July 01, 2022 - By School Pathram Academy

യാത്രക്കാരുടെയും വിദ്യാർഥികളുടെയും മുന്നിൽവെച്ച്‌ തന്നെ ചൂണ്ടി ഇവനൊക്കെ പഠിക്കുന്ന വിദ്യാലയം തുലഞ്ഞുപോകുമെന്നും തന്നെയൊക്കെ ഇറക്കേണ്ട സ്ഥലത്ത് ഇറക്കിത്തരാം എന്നുപറഞ്ഞ് അപമാനിച്ചെന്നും എട്ടാം ക്ലാസുകാരൻ പരാതിയിൽ പറയുന്നു.

കൽപ്പറ്റ: സ്വകാര്യബസ് ജീവനക്കാരൻ മർദിച്ചെന്ന പരാതിയുമായി വിദ്യാർഥി. തന്നെ മർദിച്ചെന്നും അപമാനിച്ചെന്നും കാണിച്ച് ബസ് ജീവനക്കാർക്കെതിരേ കൽപ്പറ്റ എസ്.കെ.എം.ജെ. സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ് ചൈൽഡ്ലൈനിൽ പരാതി നൽകിയത്.
23-നാണ് പരാതിക്കിടയായ സംഭവം. വൈകീട്ട് നാലിന് സ്കൂൾ വിട്ട് കമ്പളക്കാട്ടെ വീട്ടിലേക്കു പോകാനായി ഹിന്ദുസ്ഥാൻ എന്ന ബസിൽ കയറിയതായിരുന്നു പരാതിക്കാരനായ പതിമ്മൂന്നുകാരൻ. ബസിനുള്ളിലെ പിടിക്കാനുള്ള കമ്പിയിൽ വേറെ കുട്ടി പിടിച്ചുതൂങ്ങിയപ്പോൾ ക്ലീനർ ആ കുട്ടിയോട് ഒന്നും പറഞ്ഞില്ലെന്നും എന്നാൽ, അതുകഴിഞ്ഞ് പുളിയാർമല കഴിഞ്ഞുള്ള വളവിൽ ബസ് വളച്ചപ്പോൾ വീഴാൻപോയ താൻ കമ്പിയിൽ പിടിച്ചുവെന്നും കുറച്ചു മാറിനിന്നപ്പോൾ പിൻഡോറിലെ ക്ലീനർ വന്ന് എന്റെ ഷർട്ടിന്റെ കോളറിനുപിടിച്ച് താഴെ വലിച്ചിട്ടെന്നും മൂന്നുതവണ തൂങ്ങെടാ എന്നുപറഞ്ഞ് ആ കമ്പിയുടെ മുകളിൽ തൂക്കിപ്പിടിപ്പിക്കുകയും ചെയ്തെന്നുമാണ് കുട്ടിയുടെ പരാതി.
പിന്നാലെ കണ്ടക്ടറും തനിക്കുനേരെ കുട്ടികളുടെ ഇടയിൽവെച്ച് കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറഞ്ഞെന്ന് പരാതിയിൽ പറയുന്നു. എന്തിനാ എന്നെ ഇങ്ങനെ ചെയ്യുന്നതെന്നു ചോദിച്ചപ്പോൾ, കണ്ടക്ടർ ഞാൻ ഇതൊക്കെ കുറെ കണ്ടും കളിച്ചും കൊടുത്തുമാണ് ഇവിടെ എത്തിയതെന്നും തനിക്ക് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യടോ ബാക്കി നമുക്ക് അപ്പോൾ കാണാം എന്ന് പറയുകയായിരുന്നെന്നും പരാതിയിലുണ്ട്.
മാത്രമല്ല, ക്ലീനർ അത്രയും യാത്രക്കാരുടെയും വിദ്യാർഥികളുടെയും മുന്നിൽവെച്ച് തന്നെ ചൂണ്ടി ഇവനൊക്കെ പഠിക്കുന്ന വിദ്യാലയം തുലഞ്ഞുപോകുമെന്നും തന്നെയൊക്കെ ഇറക്കേണ്ട സ്ഥലത്ത് ഇറക്കിത്തരാം എന്നുപറഞ്ഞ് അപമാനിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. പരാതി ചൈൽഡ്ലൈൻ കൽപ്പറ്റ പോലീസിനും ആർ.ടി.ഒ.യ്ക്കും കൈമാറിയിട്ടുണ്ട്.

Category: News