എന്താണ് പഠനോത്സവം ? എന്തല്ല പഠനോത്സവം ? ലക്ഷ്യം ? പഠനോത്സവത്തിന്റെ ഉള്ളടക്കം…

- പഠനോത്സവം
- എന്താണ് പഠനോത്സവം?
കുട്ടികൾ പഠനത്തിന്റെ ഭാഗമായി ഉൾക്കൊണ്ട് കാര്യങ്ങൾ നിർഭയമായി വിനിമയം ചെയ്യാനുള്ള അവസരം (ഉത്സവാന്തരീക്ഷമാണ് ഒരുക്കേണ്ടത്).ആത്മവിശ്വാസത്തോടെ പ്രായത്തിനനുയോജ്യമായി പ്രശ്ന സന്ദർഭങ്ങളെ അഭിമുഖീക രിക്കാനുള്ള അവസരം.
നേടിയ ഭാഷാശേഷിയും നൈപുണിയും അടിസ്ഥാനമാക്കി ഭാഷാപരമായ കഴിവുകളെയും മറ്റു വിഷയങ്ങളിലുള്ള ധാരണകളെയും ആവിഷ്കരിക്കാനുള്ള അവസരം.
പഠിച്ച കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി ആത്മാവിഷ്കാരത്തിനുള്ള സ്വതന്ത്ര വേദി.
കുട്ടികൾ ഉൾക്കൊണ്ട് കാര്യങ്ങൾ ആനന്ദത്തോടെയും ആഹ്ലാദത്തോടെയും എന്നാൽ അർത്ഥപൂർണ്ണമായും പ്രകടിപ്പിക്കാനുള്ള വേദി.
- എന്തല്ല പഠനോത്സവം
ഇതൊരു പരീക്ഷയല്ല. കലോത്സവങ്ങളുമല്ല.
യാന്ത്രികമായി തയാറായി വന്ന് മറ്റുള്ളവരുടെ മുന്നിൽ കേവലമായി അവതരിപ്പിക്കുന്ന പ്രവർത്തനവുമല്ല.
ഇതൊരു മത്സര വേദിയല്ല.
കുട്ടികളുടെ കഴിവുകളെ പരസ്പരം താരതമ്യം ചെയ്യാനുള്ള വേദിയല്ല.
ഒരു കുട്ടിയേയും മാനസികമായി മുറിപ്പെടുത്താനുള്ള വേദിയല്ല.
മുതിർന്നവരുടെ ജ്ഞാനത്തെയും ധാരണയെയും കുട്ടികളിൽ അടിച്ചേൽപ്പിക്കാനുള്ള വേദിയല്ല.
- ലക്ഷ്യം
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി വളർത്തുക എന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കാഴ്ചപ്പാട് എത്രമാത്രം ഫലപ്രദമായി നടക്കുന്നു എന്ന് വിലയിരുത്തുക.
കുട്ടികളുടെ പഠന മികവുകളെ പൊതുസമൂഹവുമായി പങ്കുവെക്കുക.
കുട്ടികൾ സ്വാംശീകരിച്ച അറിവും ആർജ്ജിച്ച കഴിവുകളും പഠനത്തെളിവുകളായി അവതരിപ്പിക്കാനുള്ള അവസരം ഒരുക്കുക.
ആർജിച്ച അറിവിനേയും കഴിവിനേയും സമൂഹവുമായി പങ്കുവെക്കാൻ അവസരം നൽകുക വഴി കുട്ടികൾക്ക് നന്നായി പഠിക്കുവാനും വളരുവാനുമുള്ള പ്രചോദനം നൽകുക.
കുട്ടികളുടെ ആർജ്ജിത ജ്ഞാനത്തെക്കുറിച്ചും വൈവിധ്യമാർന്ന കഴിവുകളെക്കുറിച്ചും സാമൂഹികമായ വിലയിരുത്തലിനുമുള്ള പുത്തൻ രീതിശാസ്ത്രം വികസിപ്പിക്കുക.
കുട്ടികളുടെ മികവാർന്ന പഠനത്തിനായി സമൂഹവും രക്ഷിതാക്കളും വഹിക്കേണ്ട പങ്കിനെക്കുറിച്ച് ധാരണ വികസിപ്പിക്കുക.
മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂൾ എന്ന പരിമിതി മുറിച്ചു കടക്കാൻ സ്കൂളുകളെ പ്രാപ്തമാക്കുക.
- പഠനോത്സവത്തിന്റെ ഉള്ളടക്കം
ഉത്സവാന്തരീക്ഷത്തിൽ വിദ്യാലയത്തിന്റെ അക്കാദമികമായ നിലവാരം കുട്ടികളുടെ പ്രകടനങ്ങളിലൂടെ സമൂഹത്തെയും രക്ഷിതാക്കളെയും അറിയിക്കുകയാണ് പഠനോത്സവത്തിൽ നടക്കേണ്ടത്.
ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ അവർ വിവിധ വിഷയങ്ങളിലെ പഠനത്തിലൂടെ നേടിയ കഴിവുകൾ പങ്കിടണം. പഠനത്തിലെ ഉയർന്ന ശേഷികളാണ് പങ്കിടേണ്ടത്.
ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹികശാസ്ത്രം എന്നീ വിഷയങ്ങളാണ് പരിഗണിക്കേണ്ടത്. ഇതിൽ ഭാഷകൾക്ക് മുൻഗണന നൽകാവുന്നതാണ്.
ഒന്ന് രണ്ട് ക്ലാസ്സുകളിൽ ഉദ്ഗ്രഥനരീതിയിലുള്ള പ്രവർത്തനങ്ങളുടെ സാധ്യതയും പ്രയോജനപ്പെടുത്തണം.