250 രൂപ കൊണ്ടൊരു ബേക്കല്‍ യാത്ര ; ശുഹൈബ തേക്കില്‍

250 രൂപ കൊണ്ടൊരു ബേക്കല്‍ യാത്ര
ശുഹൈബ തേക്കില്‍
ഫറോക്ക് ഉപജില്ലയിലെ അധ്യാപക സുഹൃത്തുക്കള്‍ വയനാട്ടിലേക്കൊരു മഴയാത്ര സംഘടിപ്പിച്ചിരുന്നു. പെരുമഴ നനയാനും മഴയുടെ കുളിരില്‍ അലിയാനുമുള്ള യാത്ര. സാങ്കേതികകാരണങ്ങളാല്‍ ആ യാത്ര നടന്നില്ല. നമ്മളൊന്നുവിചാരിക്കുന്നു. ദൈവം മറ്റൊന്നു കല്‍പ്പിക്കുന്നു. അങ്ങനെയാണല്ലോ സംഭവിക്കുക. അങ്ങനെയേ സംഭവിക്കൂ. എന്തായാലും യാത്രക്കായി ഇറങ്ങിത്തിരിച്ചു. അതുകൊണ്ടുതന്നെ ഞങ്ങള്‍ ചിലര്‍ പെട്ടെന്നുതന്നെ മറ്റൊരുയാത്രയെപ്പറ്റി ആലോചിച്ചു. വളരെ പെട്ടെന്ന് സംഘടിപ്പിക്കുകയും ചെയ്തു. സമീല്‍ അന്‍വര്‍ (ഗോവിന്ദവിലാസം യു.പി സ്‌കൂള്‍), റിഷാല്‍ സെന്റ് പോള്‍സ് യു.പി മണ്ണൂര്‍, ഷീജാകുമാരി,(ജി.ജി.യു.പി.എസ് ഫറോക്ക് നല്ലൂര്‍) ശുഹൈബ തേക്കില്‍ (നല്ലൂര്‍ നാരായണ ബേസിക് എല്‍.പി സ്‌കൂള്‍) എന്നിവരായിരുന്നു യാത്രയിലെ അംഗങ്ങള്‍. കാസര്‍കോട് ജില്ലയിലെ ബേക്കലിലേക്കായിരുന്നു ആ യാത്ര. എന്നെ സംബന്ധിച്ചിടത്തോളം ഒഫീഷ്യലല്ലാത്ത ആദ്യ യാത്രകൂടിയായിരുന്നു അത്.
ഫറോക്കില്‍ നിന്ന് രാവിലെ 7.45ന് ചെന്നൈ മംഗലാപുരം എക്‌സ്പ്രസിലാണ് ഞങ്ങള്‍ യാത്ര തിരിച്ചത്. പത്തരയോടെ കാഞ്ഞങ്ങാട് വണ്ടിയിറങ്ങി. അവിടെനിന്ന് വഴികാട്ടാന്‍ സഹായിച്ചത് പ്രദേശവാസിയായ കാരണവരായിരുന്നു. ആകാംക്ഷയോടെ അയാള്‍ ഞങ്ങള്‍ക്കൊപ്പം കൂടി. ഇതിനിടെ കോഫി ഹൗസിനു മുന്നിലെത്തി. എല്ലാവരിലും വിശപ്പിന്റെ വിളി അപ്പോള്‍ ഒന്നിച്ചു പുറത്തേക്കുചാടി. അവിടേക്ക് കയറുന്നതിനിടെ വഴികാട്ടി കൂട്ടംതെറ്റിപ്പോയി. കോഫിഹൗസില്‍ നിന്ന് വൈകിക്കിട്ടിയ പ്രാതല്‍ കഴിച്ച് അദ്ദേഹം പറഞ്ഞുതന്ന വഴിയിലൂടെ ഞങ്ങള്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെത്തി. ബേക്കല്‍ കോട്ടയിലേക്കുള്ള ബസ് അവിടെ ഞങ്ങളെയും കാത്തിരിപ്പുണ്ടായിരുന്നു.
കേരളത്തിലെ ആദ്യത്തെ കോട്ട അഞ്ചു തെങ്ങുകോട്ടയാണെന്നാണ് ചരിത്രം. എന്നാല്‍ ഏറ്റവും വലിയ കോട്ടയാണ് ബേക്കല്‍ കോട്ട. കേരളത്തിലെ വലിയ കോട്ടയും ഏഷ്യാ വന്‍കരയിലെ ഒരു പ്രധാന കോട്ടയും ആയാണിത് വിലയിരുത്തപ്പെടുന്നത്. ഇക്കരി രാജവംശത്തിലെ ശിവപ്പ നായകാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും പിന്നീട് ഹൈദരലിയും ബ്രിട്ടീഷുകാരും കൈവശപ്പെടുത്തി എന്നും ചരിത്ര രേഖകളില്‍ കാണുന്നു. അറബിക്കടലിന്റെ തീരത്തായി 35ഏക്കറില്‍ പരന്നു കിടക്കുന്നു അതിശയങ്ങളുടെ ഈ കോട്ട. പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തില്‍(1645നും 1660നും ഇടയ്ക്ക്) ഈ കോട്ട നിര്‍മിച്ചു എന്നാണ് കരുതപ്പെടുന്നത്. അടുത്ത കാലത്തായി നടന്ന പുരാവസ്തു ഗവേഷണങ്ങളില്‍ കോട്ട വിജയനഗര സാമ്രാജ്യത്തിന്റെ നിര്‍മാണത്തിന്റെ ഭാഗമായിരുന്നു എന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.
1763നു അടുപ്പിച്ചാണ് ഈ കോട്ട മൈസൂര്‍ രാജാവായിരുന്ന ഹൈദരലി കയ്യടക്കിയത്. ടിപ്പു സുല്‍ത്താന്റെ കാലത്ത്, ഈ കോട്ട തുളുനാടിന്റെയും മലനാടിന്റെയും പ്രധാന ഭരണകേന്ദ്രമായിമാറി. മലബാര്‍ കീഴടക്കാനെത്തിയ ടിപ്പുവിന്റെ സൈന്യം ബേക്കല്‍കോട്ടയെയാണ് പ്രധാന താവളമാക്കിയിരുന്നത്.
കോട്ടക്ക് പുറത്ത് ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ച ഒരു പള്ളിയും ഉള്ളില്‍ ഒരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഇവിടെ ഹനുമാന്‍ ആണ് പ്രതിഷ്ഠ. ടിപ്പുവിന്റെ പതനത്തിനു ശേഷം 1791ല്‍ കോട്ട ഉള്‍പ്പെടുന്ന പ്രദേശം ബ്രിട്ടീഷ് അധീനതയിലായി. ഇത് ബ്രിട്ടീഷ് ഇന്ത്യയിലെ സൗത്ത് കാനറ ജില്ലയുടെ ഭരണപരിധിയിലായി.
വളരെ മനോഹരമായ കാഴ്ചയാണ് ബേക്കല്‍കോട്ടയുടെ അകവും പുറവും ഞങ്ങള്‍ക്ക് സമ്മാനിച്ചത്. കേറി വരുമ്പോള്‍ തന്നെ പൂത്തുവിരിഞ്ഞ പൂക്കളുടെ മന്ദഹാസമാണ് ഞങ്ങളെ എതിരേറ്റത്.
വലിയ കോട്ടകള്‍ രാജാക്കന്മാര്‍ രാജധാനിക്കുചുറ്റും നിര്‍മിക്കുന്നത് ആ കാലത്ത് പതിവായിരുന്നുവെത്രെ. പുറമേനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ മുകളില്‍ പീരങ്കിവയ്ക്കാനുള്ള കൊത്തളങ്ങളും ഉയരമുള്ള നിരീക്ഷണ ഗോപുരങ്ങളും അക്കാലത്ത് പണിയാറുണ്ടായിരുന്നു.
എന്നാല്‍ അസാമാന്യ വിസ്തൃതിയുള്ള ബേക്കല്‍ കോട്ടയ്ക്കുള്ളില്‍ രാജധാനിയോ ഭരണകാര്യനിര്‍വഹണ കെട്ടിടങ്ങളോ നിര്‍മിക്കപ്പെട്ടിരുന്നില്ലെന്നതാണ് പ്രത്യേകത. കോട്ടയ്ക്കുള്ളില്‍ നിന്ന് കടലിലെ കാഴ്ചകള്‍ വിശാലമായി കാണാന്‍ നിരവധി ദ്വാരങ്ങളും പണിതിട്ടുണ്ട്. കടലില്‍ നിന്നു നോക്കുന്നവര്‍ക്ക് ഇതെളുപ്പം ശ്രദ്ധയില്‍ പെടില്ല. വളരെ ദൂരെ നിന്നു വരുന്ന കപ്പലുകളെയും ശത്രുസൈന്യത്തെയും വീക്ഷിക്കാന്‍ സഹായകരമാകുന്നതിനായിരുന്നു ഈ ദ്വാരങ്ങള്‍ പണിതത്. കോട്ടയുടെ മധ്യഭാഗത്തെ നിരീക്ഷണ ഗോപുരത്തിലേക്കു കയറാന്‍ വീതിയേറിയ ചരിഞ്ഞപാതയും നിര്‍മിച്ചിട്ടുണ്ട്. പ്രവേശനകവാടത്തിനു സമീപം പത്തടിയിലേറെ വീതിയുള്ള കിടങ്ങും സ്ഥിതിചെയ്യുന്നു. നിരീക്ഷണ ഗോപുരം ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ചതാണെന്നും അഭിപ്രായമുണ്ട്.
പൂന്തോട്ടവും നിരീക്ഷണഗോപുരത്തില്‍ നിന്നുള്ള കടല്‍ കാഴ്ചകളും പഴമയുടെ സൗന്ദര്യം വിളിച്ചോതുന്നു.
അറബിക്കടലിന്റെ തീരത്ത് പണിതെടുത്ത കോട്ട ചെങ്കല്ല് കൊണ്ട് നിര്‍മിച്ചതാണ്. ടിപ്പുവിന്റെ കാലത്താണ് നിരീക്ഷണഗോപുരങ്ങള്‍ പണികഴിപ്പിച്ചത്. ഇന്ന് കേന്ദ്ര പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ സംരക്ഷണയിലാണ് ഈ കോട്ടയുള്ളത്.
മൂന്നുമണിക്കൂറിലേറെ ഞങ്ങളവിടെ ചെലവഴിച്ചു. കടല്‍ക്കാറ്റും കടല്‍ക്കാഴ്ചകളും പഴയ ഓര്‍മകളിലേക്കു നടത്തി. കോട്ടയുടെ വിവിധ ഭാഗങ്ങളിലിരിക്കുമ്പോഴും ചരിത്രം വാതില്‍തുറന്നുവന്നു. ആ കാഴ്ചകളെല്ലാം ക്യാമറക്കണ്ണുകളില്‍ ഞങ്ങള്‍ പകര്‍ത്തി മൂന്നുമണിയോടെ ഞങ്ങള്‍ കോഴിക്കോട്ടേക്ക് വണ്ടികയറി. അഞ്ചേമുക്കാലോടെ കോഴിക്കോട് നഗരത്തിലെത്തി. ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ പോയി വരാന്‍ കഴിയാവുന്ന ഒരു സ്ഥലം കൂടിയായിരുന്നു ബേക്കല്‍ കോട്ട. അവിടെത്തെ കാഴ്ചകളും. യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ വെറുതെ മനസില്‍ കണക്കുകൂട്ടി നോക്കി. ആ യാത്രക്ക് ചെലവായത് കേവലം 250 രൂപമാത്രം.