TEACHER TALK – ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത്

TEACHER TALK
നിങ്ങൾ സ്വയം ഉയരാൻ ആഗ്രഹിക്കുന്നുവെങ്കിൽ മറ്റൊരാളെക്കൂടി ഉയർത്താൻ ശ്രമിക്കുക
ബുക്കർ . ടി. വാഷിങ്ടൺ
ക്ളാസ് മുറികളിൽ അധ്യാപകർ ഇന്നഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം വിദ്യാർത്ഥികൾ പലരും പ്രചോദിതരല്ല എന്നതാണ്. പഠനത്തോടുള്ള താൽപര്യ ( interest ) മില്ലായ്മയാണ് പ്രചോദന ( motivation ) മില്ലായ്മയിലേക്ക് നയിക്കുന്നത്. വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ പ്രചോദിതരാണെങ്കിൽ , ശ്രദ്ധാരാഹിത്യത്തിൽ ( inattentiveness ) നിന്ന് അവരെ ഒരു പരിധിവരെ അധ്യാപകർക്ക് രക്ഷപ്പെടുത്താൻ കഴിയും. താൽപര്യം ( interest) പഠനപ്രക്രിയയിൽ ശക്തമായൊരു പ്രചോദകമായി വർത്തിക്കുന്നുവെന്നാണ് വിദ്യാഭ്യാസ ചിന്തകർ അഭിപ്രായപ്പെടുന്നത്.
ഒരു വ്യക്തിയെ സവിശേഷമായൊരു പ്രവർത്തനത്തിലേക്ക് മുഴുകാൻ ഉദ്യുക്തമാക്കുന്ന വികാരമാണ് യഥാർത്ഥത്തിൽ താൽപര്യം ( interest).
എല്ലാ ക്ലാസിലും എല്ലാ വിദ്യാർത്ഥികളും സ്വയം പ്രചോദിതരായി ഇരിക്കണമെന്നില്ല. എല്ലാ വിഷയങ്ങളിലും എല്ലാ വിദ്യാർത്ഥികൾക്കും താൽപര്യമില്ലാത്തതു കൊണ്ടാണിത്. ഈയൊരു താൽപര്യമില്ലായ്മ പല രീതിയിൽ അവർ പ്രകടിപ്പിച്ചേക്കും. ചിലർ ഇതര ചേഷ്ടകളിലേർപ്പെടും.മറ്റു ചിലർ ഉറങ്ങും. ഹയർസെക്കൻഡറിയിലും ഡിഗ്രി തലത്തിലുമൊക്കെ കുറച്ചുപേരെങ്കിലും ക്ലാസുകൾ തന്നെ ബഹിഷ്കരിച്ചെന്നു വരും.
പഠിപ്പിക്കപ്പെടുന്ന വിഷയങ്ങളോടു വിദ്യാർത്ഥികളിൽ താൽപര്യമുണർത്തും വിധം രീതിശാസ്ത്രം ആകർഷകവും ഫലപ്രദവുമാക്കുക എന്നതു മാത്രമാണ് ഈ പ്രതിസന്ധി മറികടക്കാനുള്ള വഴി.
സർഗാത്മകതയുടെയും നൂതനത്വത്തിന്റെയും ( creativity and innovation ) വ്യത്യസ്ത വഴികളിലൂടെ അധ്യാപകർ സഞ്ചരിക്കേണ്ടി യിരിക്കുന്നു .
എല്ലാ വിദ്യാർത്ഥികളിലും ജന്മനാ നിലീനമായിട്ടുള്ള താണ് താൽപര്യം എന്ന വികാരം. അതിനെ അതാതു വിഷയങ്ങളുമായി അനുരൂപീകരിക്കാൻ അധ്യാപകർക്ക് കഴിയണം. താഴ്ന്ന ക്ലാസുകളിൽ തീരെ പ്രതിപത്തി കാണിക്കാതിരുന്ന വിഷയങ്ങളോട് എത്രയോ പേർ ഉയർന്ന ക്ലാസ്സുകളിലെത്തുമ്പോൾ വലിയ താത്പര്യം കാണിക്കാറുണ്ട്. മറിച്ചും സംഭവിക്കാറുണ്ട്. ഭാഷാ വിഷയങ്ങൾ പഠിപ്പിച്ചിരുന്ന ഈ കുറിപ്പുകാരന്റെ എത്രയോ സുഹൃത്തുക്കൾ ഇതര വിഷയങ്ങൾ ആവേശപൂർവം കുട്ടികളെ പഠിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. എറണാകുളം ജില്ലാ വിദ്യാഭ്യാസ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രിൻസിപ്പാളായിരുന്ന ഒരധ്യാപകനെ എനിക്കറിയാം.കവിയും എഴുത്തുകാരനുമായ അദ്ദേഹത്തിന്റെ വിഷയം മലയാളമായിരുന്നെങ്കിലും ഫിസിക്സ് അദ്ദേഹത്തിന്റെ ഹരമായിരുന്നു . കുട്ടികളെ ഫിസിക്സ് പഠിപ്പിക്കുന്നതിലും അദ്ദേഹം അതീവ തൽപരനായിരുന്നു.
അന്തർചോദനകളുമായും അവശ്യബോധവുമായും കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നാണ് “തൽപര്യം” എന്ന നിരീക്ഷണം സ്കോട്ടിഷ് മനഃശാസ്ത്രജ്ഞനായ ജെയിംസ് ഡ്രിവേർ ( James Drever – 1873- 1950 ) പങ്കുവെച്ചിട്ടുണ്ട്. പഠനമെന്ന ചിന്താപ്രക്രിയയിൽ താൽപര്യവും ശ്രദ്ധയും തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന അഭിപ്രായമാണ് ചാൾസ് വിറ്റ് ടെൽഫോർഡി ( 1903-1992) നഉള്ളത്.
താൽപര്യപൂർവം നമ്മളൊരു പ്രവൃത്തി ചെയ്യുമ്പോൾ പ്രത്യേകമായൊരൂർജം നമുക്കനുഭവപ്പെടാറുണ്ട്. താൽപര്യമില്ലാതെയാണ് ചെയ്യുന്നതെങ്കിൽ മടുപ്പുമുണ്ടാവും. വിദ്യാർത്ഥികൾ മടുപ്പും മുഷിപ്പും പ്രകടിപ്പിക്കുന്നത് താൽപര്യരാഹിത്യം കൊണ്ടാണ്. താൽപര്യം ഓരോരുത്തരിലും വ്യത്യസ്ത അളവിലായിരിക്കും എന്ന കാര്യവും നാം മനസ്സിലാക്കണം. സ്ഥിരതയോ നൈരന്തര്യമോ താൽപര്യത്തിന് ഉണ്ടായിക്കൊള്ളണമെന്നുമില്ല. ഒരു കാര്യം വ്യക്തമാണ്; വിദ്യാർത്ഥികളുടെ താൽപര്യത്തെ തൃപ്തിപ്പെടുത്താൻ കഴിയുമ്പോഴേ അധ്യാപനം വിജയിപ്പിക്കാനാവു.
ഇംഗ്ലണ്ടുമായുള്ള യുദ്ധത്തിൽ ആറാം പ്രാവശ്യവും തോറ്റ് നിരാശപ്പെടുകയും ഒടുവിൽ ചിന്നഭിന്നമായിപ്പോയ സൈന്യത്തെയുപേക്ഷിച്ച് യുദ്ധരംഗം വിട്ടോടുകയും ചെയ്ത സ്കോട്ടിഷ് രാജാവ് റോബർട്ട് ബ്രൂസിന്റെ കഥ നമുക്കറിയാം.
ഭഗ്നാശനായി ഒടുവിൽ ഒരു ഗുഹയിൽ അഭയം പ്രാപിച്ച റോബർട്ട് ബ്രൂസ് തന്നെ കാത്തിരിക്കുന്ന വിഹ്വലമായൊരു ഭാവിയെക്കുറിച്ചോർത്ത്
നൊമ്പരപ്പെടുമ്പോഴാണ് കൗതുകകരമായ ആ കാഴ്ച കണ്ടത് : ഗുഹക്കകത്ത് ഒരു ചിലന്തി വലയുണ്ടാക്കാൻ ശ്രമിക്കുന്നു. ഏറെ സാഹസപ്പെട്ട് പൂർണതയിലെത്താറാവുമ്പോൾ വല പൊട്ടിപ്പോകുന്നു.
ഉടനെ ചിലന്തി വീണ്ടും അടുത്ത വല നിർമ്മാണത്തിലേക്ക് തിരിയുന്നു. പൂർണതയിലെത്താനിരിക്കെ അതും പൊട്ടിപ്പോകുന്നു. പല പ്രാവശ്യത്തെ ശ്രമത്തിനു ശേഷം ചിലന്തി വല പൂർത്തിയാക്കുന്നു. റോബർട്ട് ബ്രൂസിനെ ഈ ദൃശ്യം ആവേശപ്രചോദിതനാക്കി. പിന്നെയൊട്ടും വൈകിയില്ല, ചിന്നഭിന്നമായിപ്പോയ സൈന്യത്തെ പുനഃസ്സംഘടിപ്പിച്ച് റോബർട്ട് ബ്രൂസ് വീണ്ടും ഇംഗ്ലണ്ടിനെ കടന്നാക്രമിച്ചു. ധീരോദാത്തമായി യുദ്ധം നയിച്ച് ഒടുവിൽ സ്കോട്ട്ലൻഡിനെ മോചിപ്പിച്ച് വീണ്ടും രാജാവായി.
ചിലന്തിയാണ് ബ്രൂസിനെ യുദ്ധമുഖത്തേക്ക് വീണ്ടും പ്രചോദിപ്പിച്ചത്. ജേതാവാക്കിയത്.
ക്ലാസ് മുറിയിൽ പഠനവൈരസ്യം അനുഭവിക്കുന്ന വിദ്യാർത്ഥികളിലും ഇതു പോലെയുള്ള പ്രചോദനം നൽകി അധ്യാപകർക്കവരെ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയും.
പ്രായം, ആരോഗ്യം, ലിംഗ വ്യത്യാസം, ജീവിത പരിസരം എന്നിവ പഠനതാൽപര്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതുപോലെതന്നെയാണ് അഭിരുചിയും മനോഭാവവും.
വിദ്യാർത്ഥികളുടെ കുടുംബങ്ങളുടെ സാമൂഹിക – സാമ്പത്തിക പശ്ചാത്തലം, സാംസ്കാരിക തൽസ്ഥിതി, വിദ്യാഭ്യാസാവസ്ഥ തുടങ്ങിയവയും താൽപര്യത്തെ സ്വാധീനിക്കുന്ന യാഥാർത്ഥ്യങ്ങളാണ്.ചുരുക്കത്തിൽ വിദ്യാർത്ഥികളുടെ അഭിപ്രേരണക്കും പ്രചോദനത്തിനും താൽപര്യമെന്ന വികാരം നിമിത്തമായി വർത്തിക്കുന്നു.താൽപര്യം അഭിരുചിയുമായി സമന്വയിക്കുമ്പോൾ പഠനനേട്ടം എളുപ്പമാകും.അതേ സമയം അഭിരുചിയില്ലാത്ത താൽപര്യമാകട്ടെ വിദ്യാർത്ഥികളെ പഠനനിരാശയിലേക്ക് തള്ളാനുമിടയുണ്ട്.
ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത്