കുട്ടി, വികാസം, സ്കൂൾ; Dr. കുഞ്ഞു മുഹമ്മദ് പുലവത്ത്

കുട്ടി, വികാസം, സ്കൂൾ
നിരീക്ഷണങ്ങൾ
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
✍️ Dr. കുഞ്ഞു മുഹമ്മദ് പുലവത്ത്
(Rtd. Senior DIET Faculty, Ernakulam)
——————————————————–
സാധാരണയായി ‘വളർച്ച’ (Growth), ‘വികാസം’ (Developmen) എന്നീ രണ്ടു പ്രയോഗങ്ങൾ ഒരേ അർത്ഥത്തിൽ പലരും പ്രയോഗിച്ചു വരാറുണ്ട്. യഥാർത്ഥത്തിൽ ഈ രണ്ട് പ്രയോഗങ്ങളും പ്രതിനിധാനം ചെയ്യുന്ന ആശയങ്ങൾ തികച്ചും വ്യത്യസ്തമാണ്. അവ രണ്ടും പരസ്പരപൂരകങ്ങളാണെങ്കിൽ പോലും. വളർച്ചയും വികാസവും ഒരേപോലെയല്ല സംഭവിക്കുന്നത്. കുട്ടികളുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ ‘വളർച്ച’ എന്ന് പറയുന്നതിനെ ‘ഗുണാത്മകമായ മാറ്റങ്ങൾ’ എന്ന തലത്തിലാണ് നാം കാണേണ്ടത്. അതായത് കുട്ടിയുടെ ശരീരത്തിൻെറ ആകൃതിയിലും ഘടനയിലും കാണപ്പെടുന്ന വർദ്ധിതമായ മാറ്റമാണ് അതുകൊണ്ടുദ്ദേശിക്കപ്പെടുന്നത്. എന്നാൽ ശാരീരികമായി മാത്രമല്ല ഓരോ കുട്ടിയും വളരുന്നത്. ശരീരത്തിന്റെ ആകൃതിയിലും ഘടനയിലും വളർച്ച സംഭവിക്കുന്നതോ ടൊപ്പം തന്നെ കുട്ടിയുടെ ആന്തരിക അവയവങ്ങളും തലച്ചോറും ക്രമപ്രവൃദ്ധമായി വളർന്നുകൊണ്ടി രിക്കുന്നുണ്ട്. തലച്ചോർ വളർച്ച പ്രാപിക്കുന്നതിന്റെ ഫലമായിട്ടാണ് കുട്ടിയുടെ ചിന്ത വികസിക്കുന്നത്. ഓർമ്മശക്തി മെച്ചപ്പെടുന്നത്. യുക്തിചിന്തനം
പരിപോഷിപ്പിക്കപ്പെടുന്നത്. അങ്ങനെ വരുമ്പോൾ ഓരോ കുട്ടിയും ശാരീരികം എന്നതുപോലെ തന്നെ മാനസികമായും വളരുന്നു എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.
അതേ സമയം ‘വികാസം’ എന്നത് ‘ഗണാത്മകതയെയും’ ‘ഗുണാത്മകതയെയും’ ഒരു പോലെ പ്രതിനിധാനം ചെയ്യുന്നുണ്ട്. പരസ്പരബന്ധിതമായും ക്രമപ്രവൃദ്ധമാമായും സംഭവിക്കുന്ന പുരോഗമനാത്മകമായ മാറ്റം എന്ന് വികാസത്തെ നമുക്ക് പറയാം. പുരോഗമനാത്മകം എന്ന് പറയുമ്പോൾ വ്യക്തിയുടെ പിന്നോട്ടല്ല മുന്നോട്ടുള്ള പ്രയാണത്തെയാണത് സൂചിപ്പിക്കുന്നത്.
മനുഷ്യർ നന്നാവട്ടെ ചീത്തയാവട്ടെ മാറ്റത്തിന് വിധേയമാകാറുണ്ട്. ജീവിതത്തിലാർജിക്കുന്ന അനുഭവങ്ങളുടെ സ്വാധീന ഫലമായിട്ടാണ് മാറ്റം സംഭവിക്കുന്നത്. ഇന്ദ്രിയ വ്യവസ്ഥയിൽ ജീവിതാനുഭവങ്ങളും സംഭവവികാസങ്ങളും മുദ്രിതമാകുന്നതിനെത്തുടർന്നാണ് വ്യക്തികൾ മാറ്റത്തിന് നിർബന്ധിതരാകുന്നത്. ഓരോ മനുഷ്യന്റെയും മനോവ്യവസ്ഥ പ്രായം ചെല്ലുംതോറും വിപുലപ്പെടാറുണ്ട് എന്ന് മാത്രമല്ല, കാലാന്തരത്തിൽ പുന:സംഘടിപ്പിക്കപ്പെടാറുമുണ്ട്.
കുട്ടികളെക്കാൾ മുതിർന്നവർ ജീവിതത്തിൻെറ സങ്കീർണതകളെ നോക്കിക്കാണുന്നവരാണ്. എന്നല്ല, കുട്ടികളിൽ സമാനതകളും സാധർമ്യങ്ങളും നാം നിരീക്ഷിക്കുമ്പോൾ മുതിർന്നവരിലങ്ങനെ സാമ്യതകളും സാധർമ്യങ്ങളും കുറവാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. മുതിർന്ന ഒരാൾ മറ്റൊരാളിൽ നിന്ന് വളരെയധികം വ്യത്യസ്തമായിരിക്കും. യുവത്വത്തിൽ നിന്ന് വാർദ്ധക്യത്തിലേക്കെത്തുമ്പോൾ ഈ വൈവിധ്യം കൂടുതൽ ശക്തിപ്പെടുകയാണ് ചെയ്യുന്നത്.
വികാസപരമായ മാറ്റങ്ങൾ എന്തിനാണ്?
സ്വന്തത്തെ ഏതൊരാളും തിരിച്ചറിയുന്നത് (Self Realisation) വികാസഘട്ടങ്ങൾ
പിന്നിടുന്നതിലൂടെയാണ്. കായികമായും മാനസികമായും ഏറ്റവും നല്ല വ്യക്തിയായി മാറാൻ ഒരാൾ നടത്തുന്ന തീവ്രമായ ശ്രമമാണ് ‘ആത്മ സാക്ഷാത്കാരം’ എന്ന് മാസ്ലോവ് (Maslow) നിരീക്ഷിച്ചിട്ടുണ്ട്.
ജീവിതത്തിൽ ചെയ്യേണ്ട കാര്യങ്ങൾ എന്താണോ അത് ചെയ്യാനുള്ള ജാഗ്രതയാണ് ആത്മസാക്ഷാൽക്കാര ശ്രമം എന്നുമദ്ദേഹം പറഞ്ഞു. ഈയൊരു സാക്ഷാൽക്കാര നിറവിലെത്തുമ്പോഴേ വ്യക്തികൾ സന്തുഷ്ടരും പക്വമതികളുമാകൂ.
ജീവിതത്തിൽ, പരീക്ഷണങ്ങളും വൈതരണികളുമുണ്ടാകും. അവയെ സമർത്ഥമായി മറികടക്കാൻ എത്രത്തോളം കഴിയുന്നു എന്നതിനെ ആശ്രയിച്ചാണ് ഏതൊരാളും ആത്മസാക്ഷാൽക്കാര നിറവിലേക്കെത്തുന്നത്.
പാരിസ്ഥിതികമായ വൈതരണികളുണ്ടാകും. വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ അവസരനിഷേധത്തിന് ഇരകളാകേണ്ടി വരുന്ന കുട്ടികൾ യഥാർത്ഥത്തിൽ പാരിസ്ഥിതിക വൈതരണികൾ നേരിടുന്നവരാണ്. അത്തരം കുട്ടികൾ സാമൂഹിക വിമർശം ഭയന്ന്, ചിലപ്പോൾ തങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പോലും ചെയ്യാൻ മുതിരാതെ ഉൾവലിയും.
ചെറുപ്പത്തിൽ അനുഭവിക്കേണ്ടി വരുന്ന തിരസ്ക്കാരം, ശകാരം, അവജ്ഞ, വിമർശനം തുടങ്ങിയവ
സർഗക്ഷമതയുള്ള കുട്ടികളെപ്പോലും നിഷ്ക്രിയരും നിസ്സംഗരുമാക്കിക്കളയും. സാമൂഹികാംഗീകാരമാണ് കുട്ടികളുടെ സർഗാത്മകതയെ സക്രിയമാക്കുന്നത്.
ആത്മസാക്ഷാത്കാര നിറവിലേക്ക് വളർന്നെത്താൻ ഒരോ കുട്ടിക്കും കിട്ടേണ്ടത് അവസരവും അംഗീകാരവുമാണ്.
🔳🔳🔳🔳🔳🔳🔳🔳🔳🔳🔳