കുട്ടി, വികാസം, സ്കൂൾ   നിരീക്ഷണങ്ങൾ, Dr. കുഞ്ഞു മുഹമ്മദ് പുലവത്ത്

August 01, 2025 - By School Pathram Academy

കുട്ടി, വികാസം, സ്കൂൾ

  നിരീക്ഷണങ്ങൾ

Dr. കുഞ്ഞു മുഹമ്മദ് പുലവത്ത് -Former District Project Officer, SSA, Ernakulam

പേശികളുടെ ബലക്ഷമത കൊണ്ട് ശരീരം ചലിപ്പിക്കാനും പ്രവർത്തിപ്പിക്കാനും സാധ്യമാക്കുന്ന ശേഷിയാണ് ശരീര ചലനശേഷി (Motor Skills). നടക്കുക, ഓടുക, ചാടുക, നീന്തുക, സൈക്കിൾ ചവിട്ടുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്നതിനെ സ്ഥൂല പേശി ചലന ശേഷി (Gross Motor Skills) എന്നും വർണം കൊടുക്കുക, വരക്കുക, എഴുതുക എന്നീ പ്രവർത്തനങ്ങളിലേർപ്പെടാൻ കഴിയുന്നതിനെ സൂക്ഷ്മ പേശീ ചലന ശേഷി ( Fine Motor Skills) എന്നും പറയും.

ശൈശവ കാലത്ത് ചലന ശേഷി കുട്ടികൾ പഠിച്ചെടുക്കുന്നതാണ്.കൗമാരക്കാരേക്കാളും മുതിർന്നവരേക്കാളും വഴക്കമുള്ള ശരീരമാണ് കുട്ടികളുടേത്. അതുകൊണ്ടു തന്നെ ശരീരത്തിന്റെ ചലന ശേഷി സ്വായത്തമാക്കാൻ കുട്ടികൾക്ക് വളരെ എളുപ്പമാണ്. നേരത്തേ തന്നെ കുട്ടികൾ ചില ശേഷികൾ സ്വായത്തമാക്കിയി ട്ടുണ്ടാകും. പുതിയ ശേഷികൾ ആർജിക്കാൻ ശ്രമിക്കുമ്പോൾ, അതിനോട് താദാത്മ്യപ്പെടാൻ നേരത്തേ ആർജിച്ച ശേഷികൾ പെട്ടെന്ന് വഴങ്ങിക്കൊള്ള ണമെന്നില്ല. അതിന്റെയൊരു പൊരുത്ത പ്പെടൽ വിടവ് സംഭവിച്ചേക്കാം.

വളരുന്തോറും കുട്ടികളിൽ സാഹസിക തയും വർധിക്കാറുണ്ട്. നടന്നു തുടങ്ങു മ്പോഴേക്കും കുട്ടികൾ ഗോവണി കയറാനും കാണുന്നതെല്ലാം എത്തിപ്പിടിക്കാനും ശ്രമിക്കുന്നത് സാഹസികതയുടെ ഉദാഹര ണമാണ്. കൗമാരക്കാരും മുതിർന്നവരും ആവർത്തനത്തെ വിരസതയായി കാണു മ്പോൾ, കുട്ടികൾക്കതൊരു ആസ്വാദ്യ തയാണ്. അതുകൊണ്ടാണവർ പുതിയ കാര്യങ്ങളിലേർപ്പെടാൻ ഔൽസുക്യം കാണിക്കുന്നതു പോലെ ചെയ്ത കാര്യ ങ്ങൾ ആവർത്തിച്ചു ചെയ്യാൻ മുന്നോട്ടു വരുന്നത്.

മുതിർന്നവർക്ക് ചെയ്തു തീർക്കാൻ നിരവധി ഉത്തരവാദിത്വങ്ങളുണ്ടെങ്കിൽ കുട്ടികൾക്കതില്ല. അതു കൊണ്ട് ഒട്ടേറെ സമയം ശേഷീ സമ്പുഷ്ടീകരണത്തിനു വേണ്ടി ഉപയോഗിക്കാൻ അവർക്കു കിട്ടും.ശാരീരിക പക്വത (Maturity) നേടി എന്നതു കൊണ്ട് ചാലക ശേഷികൾ നേടിക്കൊള്ളണം എന്നില്ല. ശേഷികൾ പഠിച്ചെടുക്കേണ്ടതാണ്. ശിശു മനഃശാസ്ത്ര ജ്ഞന്മാർ ചാലക ശേഷി വികാസത്തെ നിർണയിക്കുന്ന ചില മൗലികോപാധി കളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതിലൊ ന്നാണ് പഠന സന്നദ്ധത. സന്നദ്ധത യില്ലെങ്കിൽ പഠനം മന്ദഗതിയിലാവും. ചാലക ശേഷി വികാസം സാധിച്ചെടുക്കാൻ അതിനുള്ള സന്നദ്ധതയാവശ്യമാണ്.

പഠനാവസരമാണ് വേറൊരുപാധി. രക്ഷി താക്കൾ അവസരം നിഷേധി ക്കുന്നതു കൊണ്ട് ചാലക ശേഷി വികാസം കൈവ രിക്കാത്ത കുട്ടികളുണ്ട്. അപകടം സംഭവി ച്ചേക്കുമെന്ന്ഭയന്നിട്ടാണ് രക്ഷിതാക്കൾ പലപ്പോഴും കുട്ടികൾക്ക് അവസരങ്ങൾ വിലക്കുന്നത്. പരിശീലനത്തിനുള്ള സാധ്യതകളാണ് മറ്റൊന്ന്. ഏതൊരു ശേഷിയിലും പ്രാവീണ്യം നേടാൻ കഴിയണമെങ്കിൽ നിരന്തരമായ പരിശീലനത്തിന് സമയം കിട്ടണം. എത്ര പരിശീലനം എന്നതിനേക്കാൾ പ്രധാന മാണ് എങ്ങനെയുള്ള പരിശീലനം എന്നത്. ഗണാത്മകതയല്ല പരിശീലനത്തിന്റെ ഗുണാത്മകതയാണ് ഗൗനിക്കപ്പെടേണ്ടത്.

അനുകരിക്കാനോ പിന്തുടരാനോ യോഗ്യ മായ മാതൃകകളുണ്ടെങ്കിൽ കുട്ടികൾ അവ അനുകരിച്ചോ പിന്തുടർന്നോ തങ്ങളുടെ ചാലക ശേഷി വികാസം കൈവരിക്കും. അഭികാമ്യമല്ലാത്ത മാതൃകകളാണെങ്കിൽ ഫലം പ്രതികൂല മാവുകയും ചെയ്യും. മുതിർന്നവരോ സമപ്രായക്കാരോ ചെയ്യുന്ന അനുകരണീയമായ കാര്യങ്ങൾ കാണാൻ കുട്ടികൾക്ക് അവസരങ്ങൾ ലഭിക്കണം. സന്ദർഭോചിതമായി മാർഗനിർദേശം നൽകുന്നതിലൂടെ കുട്ടികളെ ചാലക ശേഷി വികാസ പ്രക്രിയയിലേക്ക് കൊണ്ടു പോകാൻ കഴിയും. അബദ്ധങ്ങൾ തിരുത്താനും വീഴ്ചകൾ പരിഹരിക്കാനും മാർഗനിർദേശങ്ങൾ കുട്ടികളെ സഹായിക്കും.

ചാലക ശേഷി പഠിച്ചെടുക്കാൻ സഹായി ക്കുന്ന വേറൊരുപാധി അഭിപ്രരണയാണ് (Motivation). ലഭ്യമായ പഠനതാൽപര്യം വിനഷ്ടമാകാതിരിക്കാൻ അഭിപ്രേരണ അനിവാര്യമാണ്.ഏ തെങ്കിലുമൊരു കളിയിലോ പ്രവൃത്തിയിലോ ഏർപ്പെടു മ്പോൾ കുട്ടികൾക്ക് സംതൃപ്തി കിട്ടുന്നു ണ്ടെങ്കിൽ പ്രസ്തുത സംതൃപ്തി തന്നെ ഒരു അഭിപ്രേരണാ സ്രോതസ്സാണ്. സമപ്രായ ക്കാരുടെ കൂടെ ചേരുമ്പോൾ അനുഭവി ക്കാൻ കഴിയുന്ന സ്വാതന്ത്ര്യവും അഭിമാ നവും കുട്ടികളുടെ ചാലക ശേഷി വികാസ ത്തെ എളുപ്പമാക്കും.

ഓരോ ശേഷിയും മറ്റൊരു ശേഷിയിൽ നിന്ന് ഏതെങ്കിലും നിലക്ക് വ്യത്യാസപ്പെട്ടിരിക്കും. ഉദാഹരണത്തിന്, സ്പൂൺ ഉപയോഗിച്ച് പായസം കുടിക്കുന്നതും ക്രയോൺ ഉപയോഗിച്ച് വർണം കൊടുക്കുന്നതും രണ്ടും രണ്ടാണ്. രണ്ടും നടക്കുന്നത് കൈ കൊണ്ടാണെങ്കിലും. ഒരേസമയം ഒന്നിലധികം ശേഷികൾ ആർജിക്കാൻ ശ്രമിക്കുന്നത് സമയവും അധ്വാനവും ഒരു പോലെ വൃഥാവിലാക്കും. ശേഷികൾ ദുർബലമാക്കാനും അത് കാരണമാകും. ഒരു ശേഷിയിൽ പ്രാവീണ്യം നേടിയ ശേഷം മറ്റൊരു ശേഷി നേടാൻ ശ്രമിക്കലാണ് അഭികാമ്യം. കുട്ടികളുടെ കാര്യത്തിൽ ഇക്കാര്യം ഗൗരവത്തോടെ നാം ശ്രദ്ധിക്കേണ്ടതുണ്ട്.

കുട്ടികളുടെ ചാലക ശേഷി വികാസം എങ്ങനെ സാധിക്കുന്നുവെന്നും അതിനെ ഏതെല്ലാം ഉപാധികൾ സ്വാധീനിക്കുന്നു എന്നുമാണ് നാം പറഞ്ഞു വന്നത്. ഇപ്പറഞ്ഞ ഉപാധികളിലേതെങ്കിലുമൊന്ന് ഇല്ലാതെ വരികയോ അതല്ലെങ്കിൽ അപര്യാപ്തമാവുകയോ ചെയ്താൽ അത് കുട്ടികളുടെ ശേഷി വികാസത്തെ തടസ്സപ്പെടുത്തും.

Category: Head Line

Recent

Load More