Government Authorities,Managements, HM,Teachers, PTA, MPTA, SMC, Parents and Students.. വായിച്ചറിയാൻ

April 02, 2023 - By School Pathram Academy
  • Government Authorities,Managements, HM,Teachers, PTA, MPTA, SMC, Parents and Students.. വായിച്ചറിയാൻ

 

ഇത് നിയന്ത്രിക്കാൻ 

ഇനിയും വൈകരുത്

 

കോവിഡിനു ശേഷം കോളേജ് ക്യാമ്പസുകളിൽ കണ്ടുവന്നിരുന്ന ചില ദുഷ്പ്രവണതകൾ കാട്ടുതീ പോലെ സ്കൂൾ തലങ്ങളിലേക്ക് വരെ പടർന്നു കൊണ്ടിരിക്കുകയാണ്. ഹൈസ്കൂൾ- യുപി മാത്രമല്ല; എൽപി ക്ലാസ്സുകളിൽ പോലും കാണേണ്ടിവരുന്ന കാഴ്ചകൾ നമ്മെ അമ്പരപ്പിക്കുന്നതാണ്! പ്രത്യേകിച്ച് അധ്യയന വർഷത്തിൻ്റെ അവസാന സമയത്താണ് ഇതെല്ലാം കൂടുതലായി കാണപ്പെടുന്നത്.

 

സെൻ്റോഫ് ൻ്റെ പേരിൽ കുട്ടികൾ കാണിക്കുന്ന ആഭാസങ്ങൾ എല്ലാ അതിരുകളും ഭേദിക്കുന്നു.

ഒരേ ഡ്രസ് കോഡ് ധരിച്ചെത്തി ക്യാമ്പസിന് അകത്തും പുറത്തും വഴിയൊരങ്ങളിലുമെല്ലാം വ്യത്യസ്ത കളറുകൾ വാരിവിതറിയുള്ള കാഴ്ചകൾ മൂല്യബോധമുള്ള ആരെയും വേദനിപ്പിക്കുന്നതാണ്. ചില സ്കൂളുകളിലെങ്കിലും സെൻ്റോഫ് ദിവസം പോലീസിൻ്റെ സംരക്ഷണം വരെ ഒരുക്കേണ്ടി വരുന്ന സാഹചര്യവും ഉണ്ടെന്ന് വരുമ്പോൾ എത്രത്തോളം ഈ പ്രശ്നം കൈവിട്ടുപോയി എന്ന് ആലോചിക്കാവുന്നതേയുള്ളൂ.

 

എന്തിനെയും ആഘോഷമാക്കി 

ആ ചടങ്ങിൻ്റെ അന്ത:സത്തയും ലക്ഷ്യവും തന്നെ അട്ടിമറിക്കപ്പെടുന്നതാണ് നാം എവിടെയും കാണുന്നത്. കുട്ടികൾ പണം പിരിച്ച് അധ്യാപകർക്ക് ഗിഫ്റ്റ് നൽകാൻ പരസ്പരം മത്സരിച്ചു കൊണ്ടിരിക്കുന്ന പ്രവണതയും ഇപ്രാവശ്യം വർദ്ധിച്ചിട്ടുണ്ട്. മുതിർന്ന ക്ലാസുകളിൽ ഇത്തരം ചെയ്തികൾ ഉണ്ടാവുകയും അത് ആവേശപൂർവ്വം കുട്ടികളും ചില അധ്യാപകരും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുമ്പോൾ താഴ്ന്ന ക്ലാസ്സിലെ കുട്ടികളും അത് അനുകരിക്കാൻ തുടങ്ങുകയാണ്. 

 

എല്ലാ മേഖലയും ചൂഷണവും പ്രീണനവും പ്രലോഭനവും കൊണ്ട് വീർപ്പുമുട്ടുമ്പോൾ അധ്യാപന രംഗം അതിൽ നിന്ന് മുക്തമായിരുന്നു. എന്നാൽ പുതിയ ട്രെൻഡ് വരുന്നതോടെ അധ്യാപകരുടെ പേരിൽ കുട്ടികൾക്ക് വീട്ടിൽ നിന്ന് യഥേഷ്ടം പണം ചോദിച്ച് വാങ്ങാൻ അവസരം ഒരുങ്ങുകയാണ്. കുട്ടികൾ തന്നെ പിരിവുകാരായി മാറുന്നു. വലിയ തുക കൈകാര്യം ചെയ്യുന്നു. മറുഭാഗത്ത് ലഹരി റാക്കറ്റുകളും മറ്റും വലവിരിച്ച് കാത്തിരിക്കുന്ന സാഹചര്യം കൂടിയാകുമ്പോൾ ഭാവിയിൽ എന്തെല്ലാം സംഭവിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. 

 

എല്ലാ കുട്ടികളും ഒരുപോലെയല്ലല്ലോ.. പിരിവ് നടക്കുമ്പോൾ പട്ടിണിയുള്ള വീട്ടിലെ കുട്ടിയും അതിലൊരു വിഹിതം നൽകാൻ നിർബന്ധിതനാവുകയാണ്. ഒരു ക്ലാസിലെ എല്ലാ അധ്യാപകർക്കും ഗിഫ്റ്റ് നൽകണമെങ്കിൽ എത്ര കാശ് വേണ്ടിവരും? വലിയ വിലപിടിപ്പുള്ള സാധനങ്ങളാണ് കുട്ടികൾ സമ്മാനമായി കൈമാറുന്നത്. ഒരു വിഭാഗം കുട്ടികൾ ഇത് ആഘോഷമാക്കുമ്പോൾ മറ്റൊരു വിഭാഗം കുട്ടികളും രക്ഷിതാക്കളും അങ്ങേയറ്റത്തെ മാനസിക സംഘർഷമാണ് ഇതിൻ്റെ പേരിൽ അനുഭവിക്കുന്നത്. അധ്യാപകർക്കും കുട്ടികൾക്കുമിടയിൽ പണത്തിൻ്റേയും പദവിയുടെയും പേരിൽ ഡിസ്ക്രിമിനേഷൻ ഉണ്ടാക്കുന്ന ഈ പ്രവണത ഇനിയും അനുവദിച്ചുകൂടാ. 

 

സിനിമ, സീരിയൽ, ഇൻസ്റ്റാഗ്രാം…. തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ കാണുന്നതെല്ലാം ജീവിതത്തിലേക്കും പൊതു വിദ്യാലയത്തിലേക്കും അപ്പടി പകർത്തുന്ന പ്രവണത കോവിഡിന്‌ ശേഷം വ്യാപകമാണ്. ഇൻ്റർനെറ്റ് അഡിക്ഷൻ സമൂഹത്തിൽ വരുത്തിയ കെടുതികളാണ് ഇതെല്ലാം.

 

വലിയൊരു വിഭാഗം അധ്യാപകരും രക്ഷിതാക്കളും ഈ പ്രവണത ശരിയല്ലന്ന അഭിപ്രായക്കാരാണ്. പക്ഷേ പലരും ഇതിന് വിധേയരാകേണ്ടി വരികയാണ്. ‘അധ്യാപകർക്ക് സമ്മാനം നൽകാൻ പിരിവോ?’ എന്ന് ചോദിക്കുന്ന രക്ഷിതാവിനോട് കുട്ടികൾക്ക് പറയാനുള്ളത് ഇതാണ് ‘എല്ലാ കുട്ടികളും നൽകുമ്പോൾ ഞാൻ മാത്രം എങ്ങനെ നൽകാതിരിക്കും..?!’ കുട്ടികൾ പണം പിരിച്ച് സമ്മാനമൊന്നും വാങ്ങരുത് എന്ന് പറയുന്ന അധ്യാപകരോട് കുട്ടികൾക്ക് പറയാനുള്ളത് മറ്റെല്ലാ ക്ലാസിലെയും കുട്ടികൾ ചെയ്യുന്നു എന്നതാണ്. കുട്ടികൾ ഗിഫ്റ്റ് വാങ്ങുന്നത് പോലും അറിയാൻ കഴിയുന്നില്ല. പാക്ക് ചെയ്തു കൊണ്ടുവന്നത് വാങ്ങാതിരിക്കുന്നത് കുട്ടികൾക്ക് ഉണ്ടാക്കുന്ന വിഷമം ഓർത്ത് നിവൃത്തിയില്ലാതെ വാങ്ങേണ്ടി വരുന്ന അധ്യാപകരുമുണ്ട്. 

 

ഈ പ്രവണത മൊത്തത്തിൽ തിരുത്തിയാൽ മാത്രമേ പരിഹാരമാവുകയുള്ളൂ. അടുത്ത അധ്യയന വർഷമെങ്കിലും പി.ടി.എ ജനറൽ ബോഡി യോഗത്തിൽ ഇത്തരം കാര്യങ്ങളെ സംബന്ധിച്ചുള്ള ഒരു മാർഗ്ഗരേഖ നൽകേണ്ടതുണ്ട്. അതിനു സർക്കാർ തന്നെ മുൻകയ്യെടുത്താൽ കൂടുതൽ ഫലപ്രദമാകും. ഞങ്ങളുടെ സ്കൂളിൽ ഇക്കാര്യം ഏതായാലും തീരുമാനിച്ചിട്ടുണ്ട്.

_____________________

കടപ്പാട്

Category: News