International Day of Persons with Disabilities | ഇന്ന് ലോക ഭിന്നശേഷി ദിനം

December 03, 2021 - By School Pathram Academy

International Day of Persons with Disabilities | ഇന്ന് ലോക ഭിന്നശേഷി ദിനം; ലോക ജനസംഖ്യയുടെ 15 ശതമാനം വൈകല്യങ്ങളുള്ളവർ

സംരക്ഷിക്കാനും മെച്ചപ്പെടുത്താനും വേണ്ടി രാജ്യങ്ങൾ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് അന്താരാഷ്ട്ര സംഘടന ലോക ഭിന്ന ശേഷി ദിനം ആചരിക്കുന്നത്.

ഡിസംബർ മൂന്ന് ലോക ഭിന്നശേഷി ദിനമാണ്. സമൂഹത്തിന്റെ എല്ലാ മേഖലകളിലെയും വൈകല്യമുള്ള വ്യക്തികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ വർഷവും ഡിസംബർ 3 ആഗോള ഭിന്നശേഷി ദിനമായി (International Day of Persons with Disabilities) ആചരിക്കുന്നു. ലോക ജനസംഖ്യയുടെ 7 ബില്യൺ അല്ലെങ്കിൽ ഏകദേശം 15 ശതമാനം ആളുകൾക്ക് ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. അതിൽ തന്നെ മൊത്തം അംഗവൈകല്യമുള്ള ജനസംഖ്യയുടെ 80 ശതമാനവും വികസ്വര രാജ്യങ്ങളിലാണ് (developing countries) താമസിക്കുന്നത്. ഭിന്നശേഷിക്കാരുടെ വികസനവും ക്ഷേമവും ആരോഗ്യവും സംരക്ഷിക്കാനും മെച്ചപ്പെടുത്താനും വേണ്ടി രാജ്യങ്ങൾ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് അന്താരാഷ്ട്ര സംഘടന ലോക ഭിന്ന ശേഷി ദിനം ആചരിക്കുന്നത്.

കണക്കുകൾ പ്രകാരം 100 മില്യണിലധികം (100 million) അംഗവൈകല്യമുള്ളവർ കുട്ടികളാണ്. ലോകത്തിലെ വൈകല്യമുള്ള ജനങ്ങൾക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിൽ ആരോഗ്യം, സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങൾ എന്നിവ ഉൾപ്പെടുന്നു. അതുകൊണ്ട് തന്നെ ലോകത്തിന്റെ സുസ്ഥിര വികസനത്തിനും വികലാംഗരുടെ പങ്കാളിത്തം ഉയർത്തുന്നതിനും വേണ്ടിയാണു ഈ ദിവസം ആചരിക്കുന്നത്. ഈ ദിവസത്തിന്റെ മറ്റ് പ്രത്യേകതകൾ നോക്കാം.

ഈവർഷത്തെ ലോക ഭിന്നശേഷി ദിന വിഷയം – “കോവിഡ് 19ന് ശേഷമുള്ള ലോകത്തിൽ വൈകല്യമുള്ളവരുടെ നേതൃത്വം, പങ്കാളിത്തം എന്നിവ ഉറപ്പാക്കുക, നിലനിർത്തുക” എന്നതാണ്.

രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സാംസ്കാരിക ജീവിതത്തിന്റെ എല്ലാ വശങ്ങളിലും വൈകല്യമുള്ള വ്യക്തികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി (United Nations General Assembly) 1992ൽ ആണ് ഭിന്നശേഷി ദിനം സംബന്ധിച്ച പ്രമേയം പാസ്സാക്കിയത്.

വൈകല്യമുള്ളവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ വർഷങ്ങളോളം പ്രവർത്തിച്ച ശേഷമാണ് 2006ൽ വൈകല്യമുള്ള വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി സിആർപിഡി (CRPD ) നിലവിൽ വന്നത്. സുസ്ഥിര വികസനത്തിനും മറ്റ് അന്തർദേശീയ വികസനങ്ങൾക്കുമായി സിആർപിഡി 2030 അജണ്ട മുന്നോട്ടുവച്ചു. വൈകല്യമുള്ള വ്യക്തികളുടെ ക്ഷേമവും വികസവും നടപ്പാക്കാൻ വേണ്ടിയാണ് ഈ അജണ്ട മുന്നോട്ട് കൊണ്ടുവന്നത്. സമൂഹത്തിലെ വികലാംഗരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക, അവരോടുള്ള വിവേചനം അവസാനിപ്പിക്കുക, അവർക്ക് തുല്യ അവസരങ്ങൾ സൃഷ്ടിക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ഉദ്ദേശ്യം.

പ്രാധാന്യം (Significance)

അംഗവൈകല്യമുള്ളവർക്ക് ആരോഗ്യം, വിദ്യാഭ്യാസം, ജോലി, തുല്യ അവസരങ്ങളുടെ അഭാവം എന്നിവയിലെല്ലാം അസമത്വം നേരിടേണ്ടി വരുന്നു. ഇത് അവരുടെ ജീവിതശൈലിയെയും ആരോഗ്യത്തെയും ബാധിക്കുന്നു. അതിനാൽ, അവരുടെ പ്രശ്നങ്ങളെക്കുറിച്ച് ലോകത്തെ അറിയിക്കാനും അവർക്ക് ജീവിക്കാൻ പറ്റിയ മെച്ചപ്പെട്ട സ്ഥലമാക്കി ലോകത്തെ മാറ്റാനുമാണ് ഈ ദിവസം ആചരിക്കുന്നത്.