Neet – ഇഷ്ടവിഷയം ആദ്യം,സമയം എങ്ങനെ ഉപയോഗിക്കണം,പരീക്ഷ കഴിഞ്ഞ്,പരീക്ഷാഹാളിലെ സമയക്രമം
ഇഷ്ടവിഷയം ആദ്യം
ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നിവയിൽ ഏറ്റവും ഇഷ്ടപ്പെട്ട വിഷയത്തിലെ ചോദ്യങ്ങൾക്ക് ആദ്യം ഉത്തരം നൽകാം. അത് ആത്മവിശ്വാസം വർധിപ്പിക്കും. ബുദ്ധിമുട്ടുള്ള വിഷയത്തിലെ ചോദ്യങ്ങൾ തുടക്കത്തിൽ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്.
സമയം എങ്ങനെ ഉപയോഗിക്കണം
പരീക്ഷയ്ക്ക് 180 ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്. സമയം 200 മിനിറ്റും (12000 സെക്കൻഡ്). അതായത് ഒരു ചോദ്യത്തിൻമേൽ ചെലവഴിക്കാവുന്ന ശരാശരി സമയം 66-നും 67-നും ഇടയ്ക്ക് സെക്കൻഡുകൾ (ഒരു മിനിറ്റും ആറിനും ഏഴിനും ഇടയ്ക്ക് സെക്കൻഡുകളും). ചോദ്യം വായിച്ചു മനസ്സിലാക്കി ഓപ്ഷൻസ് പരിശോധിച്ച് ക്രിയ ചെയ്തോ അല്ലാതെയോ ഏറ്റവും അനുയോജ്യമായ ഉത്തരം കണ്ടെത്തി, പേന കൊണ്ട് ഒ.എം.ആർ. ഷീറ്റിൽ രേഖപ്പെടുത്താനുള്ള സമയമാണിത്. ലളിതമായ ചോദ്യങ്ങൾക്ക് ഈ സമയം വേണ്ടിവരില്ല. അവയിൽ ഓരോന്നിലും ലാഭിക്കുന്ന സമയം, കൂടുതൽ സമയം ചെലവഴിച്ച് ഉത്തരം നൽകേണ്ട കഠിനമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സഹായകരമാകും.
ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശരാശരി സമയത്തിൽ കൂടുതൽ തുടക്കത്തിൽ ചെലവഴിക്കാതിരിക്കുന്നതാണ് ഉചിതം. ഉത്തരം ലഭിക്കാൻ വൈകിയാൽ തത്കാലം അത് ഒഴിവാക്കി അടുത്ത ചോദ്യത്തിലേക്കു കടക്കുക. സമയം പിന്നീട് ലഭിക്കുന്ന പക്ഷം ഒഴിവാക്കിയ ചോദ്യത്തിലേക്ക് തിരികെവന്ന് ഉത്തരത്തിനു ശ്രമിക്കാം.
പരീക്ഷ കഴിഞ്ഞ്
പരീക്ഷ കഴിഞ്ഞ് വിവിധ സമയങ്ങളിലായി ഒ.എം.ആർ. ഷീറ്റിന്റെ സ്കാൻ ഇമേജ്, യന്ത്രം പിടിച്ചെടുത്ത റെസ്പോൺസസ്, ഉത്തരസൂചികകൾ എന്നിവ പ്രസിദ്ധപ്പെടുത്തുമ്പോൾ അത് പരിശോധിക്കുക. അതിൻമേൽ പരാതികൾ ഉണ്ടെങ്കിൽ സമയപരിധിക്കകം നിശ്ചിത ഫീസ് അടച്ച് പരാതിപ്പെടാൻ ശ്രദ്ധിക്കുക. പരീക്ഷ സംബന്ധിച്ച് മൊബൈൽ, ഇ-മെയിൽ എന്നിവയിലേക്കു വരുന്ന സന്ദേശങ്ങൾ, വെബ്സൈറ്റ് അറിയിപ്പുകൾ തുടങ്ങിയവയും ശ്രദ്ധിക്കുക.
പരീക്ഷാഹാളിലെ സമയക്രമം
പരീക്ഷാകേന്ദ്രം ഉച്ചയ്ക്ക് 12-ന് തുറക്കും. പരീക്ഷ രണ്ടിനാണ് ആരംഭിക്കുന്നതെങ്കിലും ഒന്നരമണിക്കുശേഷം പരീക്ഷാ കേന്ദ്രത്തിൽ ആരെയും പ്രവേശിപ്പിക്കില്ല.
• ഉച്ചയ്ക്ക് 1.15 മുതൽ പരീക്ഷാ ഹാളിലേക്ക് പ്രവേശിച്ച് അനുവദിച്ച സീറ്റിൽ ഇരിക്കാം. നിർദേശങ്ങൾ നൽകൽ, അഡ്മിറ്റ് കാർഡ് പരിശോധന എന്നിവ 1.30 മുതൽ 1.45 വരെയായിരിക്കും
• ഇൻവിജിലേറ്റർ, ടെസ്റ്റ്ബുക്ക്ലെറ്റ്, 1.45-ന് വിതരണംചെയ്യും. 1.50-ന് ആവശ്യമായ വിവരങ്ങൾ ടെസ്റ്റ് ബുക്ക്െലറ്റിൽ രേഖപ്പെടുത്താം.
• പരീക്ഷ രണ്ടിന് തുടങ്ങും. ക്വസ്റ്റ്യൻ ബുക്ക്െലറ്റിൽ എല്ലാ പേജുകളും ഉണ്ടെന്ന് ഉറപ്പുവരുത്തണം. അപാകമുള്ള പക്ഷം അത് മാറ്റി ശരിയായ ചോദ്യ ലഘുപുസ്തകം വാങ്ങുക. പരീക്ഷാ സമയമായ മൂന്നു മണിക്കൂർ 20 മിനിറ്റ് കഴിഞ്ഞേ പരീക്ഷാ ഹാൾ വിട്ടുപോകാൻ കഴിയൂ. അതിനാൽ പരീക്ഷാസമയം പൂർണമായും ഫലപ്രദമായും ഉപയോഗിക്കുക.
വിവരങ്ങൾക്ക്: exams.nta.ac.in/NEET