TEACHER TALK – ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത്

TEACHER TALK
————————-
” എന്ത് കാണണമെന്ന് പറയുന്നവരല്ല, എവിടേക്ക് നോക്കണമെന്ന് ചൂണ്ടിക്കാണിക്കുന്നവരാണ് ഏറ്റവും നല്ല അധ്യാപകർ “
– അലക്സാണ്ട്ര . കെ. ട്രെൻഫൊർ –
—————————————-
കുട്ടികൾ ചെറുപ്പകാലത്ത് പ്രകടിപ്പിക്കുന്ന താൽപര്യമാണ് അവർ വളർന്നു വലുതാകുമ്പോഴും പ്രകടിപ്പിക്കാറ്. പിൽക്കാലത്ത് ചിത്രകാരനോ സംഗീതജ്ഞനോ എഴുത്തുകാരിയോ അത് ലറ്റിക്കോ പത്രപ്രവർത്തകയോ ഒക്കെയായി മാറുന്നവരെ ശ്രദ്ധിച്ചാൽ മനസ്സിലാകും അവരൊക്കെ കുട്ടിക്കാലത്ത് പ്രസ്തുത മേഖലകളിൽ ഏതെങ്കിലും നിലക്ക് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടാകും.
നാം ചെയ്യേണ്ടത്, താൽപര്യമുള്ള മേഖലകളിൽ വളരാനാവശ്യവും അനുയോജ്യവുമായ പരിസരം കുട്ടികൾക്ക് നന്നേ ചെറുപ്പത്തിൽ ഒരുക്കിക്കൊടുക്കുക എന്നതാണ്.ശ്രദ്ധാപൂർവം കുട്ടികളെ നിരീക്ഷിക്കാനും പിന്തുടരാനും കഴിയുമ്പോഴേ അവർക്കാവശ്യമായതെന്താണെന്ന് നമുക്ക് ബോധ്യപ്പെടു.
അധ്യാപകർ ചില കാര്യങ്ങൾ ഇവിടെ ഗൗരവപൂർവം പരിഗണിക്കേണ്ടതുണ്ട്.
കുട്ടികളിലെ വ്യക്തിത്വ വൈവിധ്യങ്ങൾ ഉൾക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യണം.
ജ്ഞാനാന്വേഷണത്തിലേക്ക് പ്രചോദിപ്പിക്കാനും വസ്തുതാ നിരീക്ഷണം നടത്താനും സഹായകമായ വൈവിധ്യമാർന്ന പഠനസാമഗ്രികൾ കുട്ടികൾക്ക് നൽകണം.
ചിന്തകളും വികാരങ്ങളും അപ്പപ്പോൾ പ്രകടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കണം.
പരിമിതികളുണ്ടെങ്കിലും മെച്ചപ്പെടാനുള്ള സാധ്യതകൾ മുന്നിൽ കണ്ട് ഏതൊരു കുട്ടിയുടെയും ശ്രമങ്ങളെ അഭിനന്ദിക്കണം.
വിഷയവൈവിധ്യങ്ങളോട് താൽപര്യമുണർത്താനാകും എന്നതു കൊണ്ട് അധ്യാപനത്തിനിടയിൽ കഥാകഥനത്തിന് കിട്ടുന്ന അവസരങ്ങൾ സമർത്ഥമായി ഉപയോഗപ്പെടുത്തണം
*ഡയറിക്കുറിപ്പുകൾ* വളരെ നല്ലൊരു *ഭാഷാവ്യവഹാര* രൂപമാണ്. പദസമ്പത്ത്, ആലേഖന ശേഷി, ആവിഷ്കാര വിരുത്, സർഗാത്മകത, വ്യക്താന്തര ബുദ്ധി , വാചിക ബുദ്ധി തുടങ്ങിയവ പരിപോഷിപ്പിക്കാൻ ഡയറിക്കുറിപ്പുകൾ എഴുന്നതിലൂടെ സാധിക്കും.
ഡയറിക്കുറിപ്പുകൾ എഴുതുക എന്നത് പക്ഷേ എല്ലാവർക്കും താൽപര്യമുള്ള കാര്യമല്ല. ഇന്നാകട്ടെ, ഡയറി എഴുത്തുകാരുടെ എണ്ണം കുറഞ്ഞു വരികയുമാണ്.
ലോകത്ത് പ്രസിദ്ധമായ *ഡയറിക്കുറിപ്പുകൾ* , ഡയറിക്കുറിപ്പുകളെഴുതിയ *പ്രതിഭകൾ*, പ്രശസ്തമായ ഡയറികളിലെ *ഉള്ളടക്കവിശേഷം* എന്നിവ പരിചയപ്പെടുത്തുന്നതിലൂടെ വിദ്യാർത്ഥികളിൽ ഡയറിക്കുറിപ്പുകൾ എഴുതാനുള്ള താൽപര്യം വളർത്തിക്കൊണ്ടു വരാൻ സാധിക്കും.
*ആൻഫ്രാങ്കി* ന്റെ ( 1929- 1945) ഡയറിക്കുറിപ്പുകൾ പ്രസിദ്ധമാണല്ലോ. ആൻഫ്രാങ്കിനെക്കുറിച്ച് കുട്ടികൾ കേട്ടിട്ടുണ്ടാകും.
ആൻഫ്രാങ്കിനെയും അവളുടെ ഡയറിക്കുറിപ്പുകളെയും കുറിച്ച് ഹൃദ്യമായൊരു വിവരണം കേട്ടാൽ കുട്ടികൾ ക്ക് ഡയറി എഴുതാനുള്ള പ്രചോദനം കിട്ടാനിടയുണ്ട്.
1929 ജൂൺ 12 നാണ് ഒട്ടോ ഫ്രാങ്കിന്റെയും എഡിത്ത് ഫ്രാങ്കിന്റെയും മകളായി ആൻഫ്രാങ്ക് ജനിച്ചത്. ഏക സഹോദരി മാർഗറ്റ് ഫ്രാങ്ക്. ഹിറ്റ്ലറുടെ നാസി ജർമ്മനിയിൽ വേട്ടയാടപ്പെട്ട ഒരു കുടുംബമായിരുന്നു ആൻഫ്രാങ്കിന്റേത്. 1944 ആഗസ്റ്റ് 4ന് നാസികളുടെ രഹസ്യപ്പോലീസായ ഗസ്റ്റപ്പോ ആൻഫ്രാങ്കിനെയും അച്ഛനെയും അമ്മയെയും സഹോദരിയെയും പിടിച്ചു കൊണ്ടുപോയി കോൺസൺട്രേഷൻ ക്യാമ്പിലടച്ചു.രണ്ടു വർഷക്കാലം ഒളിവിൽ കഴിയുമ്പോഴാണ് ആൻഫ്രാങ്ക് ” *കിറ്റി* ” എന്ന് പേരിട്ട തന്റെ ഡയറി എഴുതിയത് എന്ന് പറയപ്പെടുന്നു.
1944 മെയ് 3ന് ആൻഫ്രാങ്ക് എഴുതി:
“വൈദ്യശാസ്ത്രത്തിനോ കലാകാരന്മാർക്കോ ദരിദ്രർക്കോ ചിലവഴിക്കാൻ ചില്ലിക്കാശു പോലും ഇല്ലാതിരിക്കെ ദിനേനയെന്നോണം എന്തിനാണ് നാം യുദ്ധത്തിന് വേണ്ടി ലക്ഷങ്ങൾ ചിലവഴിക്കുന്നത്.മലകളോളം പോന്ന ഭക്ഷ്യവിഭവങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിൽ പാഴാക്കി കളയുമ്പോഴാണ് ജനങ്ങൾ പട്ടിണി കിടക്കുന്നത് എന്നോർക്കണം.മനുഷ്യർക്ക് എന്തൊരാർത്തിയാണ്? രാഷ്ട്രീയക്കാരുടെയും മുതലാളിത്തവാദികളുടെയും മാത്രം സൃഷ്ടിയാണ് യുദ്ധം എന്ന വിശ്വാസം എനിക്കില്ല.സാധാരണക്കാർക്കും ഈ കുറ്റത്തിൽ പങ്കുണ്ട്. കൊല്ലാനും കൊലവിളി നടത്താനും എന്തൊരു ത്വരയാണ് ജനങ്ങൾക്ക്. “
“മനുഷ്യരാശി മുഴുവൻ ഒരു രൂപാന്തരീകരണത്തിന് വിധേയമാകുന്നതു വരെ യുദ്ധം തുടർന്നു കൊണ്ടിരിക്കും. ശ്രദ്ധാപൂർവ്വം കെട്ടിയുണ്ടാക്കിയതും നട്ടുവളർത്തിയതുമെല്ലാം യുദ്ധം വെട്ടി വിഴുങ്ങും.”
1944 ൽ ആൻഫ്രാങ്ക് എഴുതി:
” എന്നെ സംബന്ധിച്ചിടത്തോളം അരാജകത്വം, കഷ്ടപ്പാട് , മരണം എന്നിവയുടെ അടിത്തറയിൽ ജീവിക്കുക എന്നത് തീർത്തും അസാധ്യമായ ഒരു കാര്യമാണ്.ഒരു തരം വന്യതയിലേക്ക് ലോകം വഴിമാറുന്നതു പോലെ തോന്നുന്നു. ഒരു ദിവസം നമ്മെയൊന്നാകെ നശിപ്പിച്ചേക്കാവുന്ന ബീഭൽസമായ ഒരു ഇടിനാദം അടുത്തടുത്ത് വരുന്നതായി എനിക്ക് തോന്നുന്നു.ലക്ഷക്കണക്കിനാളുകളുടെ ദൈന്യതകൾ എനിക്കനുഭവപ്പെടുന്നു.”
1945 മാർച്ച് മാസത്തിൽ 16 വയസ്സാകുന്നതിന് മൂന്നു മാസം മുമ്പ് ആൻഫ്രാങ്ക് ഹിറ്റ്ലറുടെ നാസി കോൺസൺട്രേഷൻ ക്യാമ്പിൽ വെച്ച് ജീവിതത്തോട് വിട പറഞ്ഞു.
പിൽക്കാലത്ത് ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ ലോകം വായിച്ചു.
( ഹിറ്റ്ലറുടെ ഹിംസാത്മക നാസി വംശീയ വെറിക്കിരയായ ആൻഫ്രാങ്കിന്റെ പിൻഗാമികൾ ഹിറ്റ്ലറെപ്പോലും പിന്നിലാക്കി ഗസ്സയിലെ കുഞ്ഞുങ്ങളെ ഇതെഴുതുമ്പോഴും ബോംബിട്ട് കൊന്നു കൊണ്ടിരിക്കുകയാണ് . )
ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ അങ്ങനെ ലോകപ്രശസ്തമായി. ആൻഫ്രാങ്കും വിഖ്യാതയായി. 1959 ൽ ജോർജ് സ്റ്റീവൻസ് ഇറക്കിയ ചിത്രത്തിന്റെ പേര് Diary of Anfrank എന്നായിരുന്നു.
ബെൽജിയത്തിലെ ഒരു തരം പനിനീർ പൂവിന്റെ പേര് ആൻഫ്രാങ്ക് റോസ് എന്നാണ്.
1940 വരെ ആൻഫ്രാങ്ക് പഠിച്ച ആംസ്റ്റർഡാമിലെ സ്കൂളിന്റെ പേര് ഇന്ന് ആൻഫ്രാങ്ക് സ്കൂൾ എന്നാണ്.
നിരവധി റോഡുകൾക്കും വിദ്യാലയങ്ങൾക്കും ആൻഫ്രാങ്കിന്റെ പേരുണ്ട്.
ആൻഫ്രാങ്കിനെ പ്രസിദ്ധമാക്കിയത് ഡയറിക്കുറിപ്പുകളാണ് എന്നറിയുമ്പോൾ കുട്ടികളിൽ താൽപര്യമുണരും. ഈ താൽപര്യമാണ് പഠനത്തെ സക്രിയമാക്കുന്നത്.
ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത്