TEACHER TALK – 3; ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത്

June 08, 2023 - By School Pathram Academy

✳️ TEACHER TALK – 3✳️

******************************

 

കുട്ടികളിൽ വായന കുറയുന്നു, അക്ഷരങ്ങളിൽ നിന്നകന്ന് അവർ ചിത്രങ്ങളിലേക്ക് ചുരുങ്ങുന്നു എന്നൊക്കെയുള്ള നിരീക്ഷണങ്ങൾ രക്ഷിതാക്കളും അദ്ധ്യാപകരും ഒരുപോലെ പങ്കുവെയ്ക്കുന്നുണ്ട്. പൂർണാർത്ഥത്തിൽ ശരിയല്ലെങ്കിലും കുറച്ചൊക്കെ വസ്തുത പ്രസ്തുത നിരീക്ഷണങ്ങളിലുണ്ട്. കുട്ടികളുടെ കാര്യം അവിടെയിരിക്കട്ടെ , അദ്ധ്യാപകരിലെത്ര പേർക്ക് വായനാശീലമുണ്ട്, പുസ്തകപ്രിയമുണ്ട് എന്നതും ഗൗരവത്തോടെ കാണേണ്ടതുണ്ട്. ” ഓരോ പുസ്തകത്തിനകത്തും നിറയെ അക്ഷയഖനികളുണ്ട് ” എന്ന് പറഞ്ഞത് വാൾട്ട് ഡിസ്നിയാണ്. നന്നായി വായിക്കുന്ന അദ്ധ്യാപകർ സമൃദ്ധജ്ഞാനത്തിന്റെ അക്ഷയഖനി വഹിക്കുന്ന അനുഗൃഹീതരായിരിക്കും . പാഠ്യവിഷയങ്ങളിൽ വർധിത ധാരണകളും ഉൾക്കാഴ്ചയും വ്യക്തതയും അവർക്കുണ്ടാകും. ആശയാവതരണത്തിൽ പ്രാഗത്ഭ്യവും ആത്മവിശ്വാസവുമുണ്ടാകും. കുട്ടികളുടെ ചിന്തയെ ഉദ്ദീപിപ്പിക്കാനും ജിജ്ഞാസയെ തൊട്ടുണർത്താനും ഭാവനയെ സക്രിയമാക്കാനും സർഗാത്മകത പരിപോഷിപ്പിക്കാനും അവർക്ക് സാധിക്കും. 

 

വായിക്കുന്ന അദ്ധ്യാപകർക്ക് മുഷിപ്പും മരവിപ്പുമുണ്ടാകില്ല. ശേഷീശോഷണവും ആശയമുരടിപ്പും സംഭവിക്കില്ല. അവരെ ആസ്വദിക്കാനും അനുഭവിക്കാനും കുട്ടികൾക്ക് കഴിയും എന്നതാണ് വസ്തുത.

 

ആർനോൾഡ് ടോയിൻബി ( Arnold Joseph Toynbee – 1889- 1975 ) നിരന്തരം വായിച്ചു കൊണ്ടിരുന്ന ഒരു പ്രതിഭാശാലിയായിരുന്നു.

വിഖ്യാത ചരിത്രകാരനും ദാർശനികനും അദ്ധ്യാപകനുമായിരുന്ന അദ്ദേഹത്തോട് ഒരിക്കൽ വിദ്യാർത്ഥികൾ ചോദിച്ചു:

 

” അങ്ങെന്താണിങ്ങനെ കണ്ണെടുക്കാതെ വായിച്ചു കൊണ്ടിരിക്കുന്നത്.? “

 

” ഒഴുകാത്ത പുഴയെ ക്കുറിച്ച് നിങ്ങൾക്കെന്ത് തോന്നുന്നു? “

 

കുട്ടികളുടെ ചോദ്യത്തെ മറുചോദ്യം കൊണ്ടാണ് ടോയിൻബി നേരിട്ടത്.

 

” ഒഴുകാത്ത പുഴയിൽ വെള്ളം കെട്ടിനിൽക്കും.വെള്ളം ജീർണിക്കും. രോഗാണുക്കൾ പെരുകും

ദുർഗന്ധമുണ്ടാകും.”

 

കുട്ടികളുടെ ഉത്തരം വളരെ കൃത്യമായിരുന്നു.

 

” വായിക്കാത്ത അദ്ധ്യാപകൻ ഒഴുകാത്ത പുഴ പോലെയാണ്. ഞാൻ ഒഴുകുന്ന പുഴയാകാൻ ആഗ്രഹിക്കുന്നു “

 

 

ടോയിൻബിയുടെ വാക്കുകൾ അദ്ധ്യാപകർ തങ്ങളുടെ മനസ്സുകളിൽ അടിവരയിട്ട് രേഖപ്പെടുത്തി വെക്കണമെന്നാണ് ഈ വിനീതിന്റെ അഭിപ്രായം.

 

കുട്ടികളെ എങ്ങനെ നല്ല വായനക്കാരാക്കാം എന്നത് നാം ആലോചിക്കണം.

വിനോദം പോലെയല്ല വായന. ആരെയും ആകർഷിക്കുന്ന ഒരു ജൈവ ഉള്ളടക്കം വിനോദത്തിനുണ്ട്. അതുകൊണ്ടാണ് പരപ്രേരണയോ നിർബന്ധമോ ഇല്ലാതെ വിനോദത്തിലേക്ക് എല്ലാവരും ആകൃഷ്ടരാവുന്നത്. പക്ഷേ, അവശ്യബോധമുണ്ടെങ്കിലേ വായന നടക്കു. വായനയോട് ആഭിമുഖ്യമുണ്ടാവു. വായന ശീലമാവു.

 

വായനയോട് താൽപര്യമുണ്ടാക്കുന്ന പഠനപ്രവർത്തനങ്ങൾ ക്ളാസുമുറികളിലാകാം. പ്രചോദനാത്മക പുസ്തകങ്ങളെ അധികരിച്ചുള്ള ചർച്ച ( book talk ) , പുസ്തകങ്ങളെ ആസ്പദമാക്കിയുള്ള പ്രശ്നോത്തരികൾ ( book quiz ) , വായിച്ച പുസ്തകത്തിന്റെ ഉള്ളടക്ക വിവരണം , ( human library ) , പുസ്തകങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള കുറിപ്പെഴുത്ത് മൽസരം ( book review competition ) ,ലോക പ്രശസ്തരായ വ്യക്തികളിലെ മഹാവായനക്കാരെക്കുറിച്ചുള്ള വിവരണം തുടങ്ങിയവ കുട്ടികളെ വായനയുടെ ലോകത്തേക്ക് ആകർഷിക്കാൻ സാധ്യതയുണ്ട്.

 

തങ്ങളുടെ ഇഷ്ടത്തിനും പ്രവണതക്കുമനുസരിച്ചുള്ള പുസ്തകങ്ങൾ വായിക്കാനേ കുട്ടികൾ താൽപര്യമെടുക്കു.പലർക്കും പല ഇഷ്ടങ്ങളും പല പ്രവണതകളുമായിരിക്കും.

നമ്മുടെ ലൈബ്രറികളിപ്പോഴും ശിശുസൗഹൃദപൂർണമല്ല എന്നത് ഒരു യാഥാർത്ഥ്യമാണ്.

 

ഗാന്ധിജി തീവണ്ടിയാത്രയിൽ ഒറ്റയിരിപ്പിന് വായിച്ച പുസ്തകമാണ് ജോൺ റസ്കിന്റെ *അൺടുദിസ് ലാസ്റ്റ്*. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും എബ്രഹാം ലിങ്കണും എ.പി.ജെ. അബ്ദുൽ കലാമും ആൽബർട്ട് ഐൻസ്റ്റീനും വാറൺ ബഫേയും ജയ്ൻ ഓസ്റ്റണും തിയോഡാർ റൂസ് വെൽറ്റും വലിയ വായനക്കാരായിരുന്നു.

വായന അവരുടെയൊക്കെ ചിന്തയിലും മനോഭാവത്തിലും പ്രവൃത്തിയിലും അത്യഗാധമായ സ്വാധീനം ചെലുത്തി. 

 

ടോം കോർലിയുടെ ( Tom Corley ) യുടെ ” Change your habits, Change your Life: Strategies that transformed 177 average people in to Self -Made Millionaires എന്ന പുസ്തകം ഇത്തരുണത്തിൽ ശ്രദ്ധേയമാണ്.

 

ലഹരി, കുറ്റവാസന, ആത്മഹത്യാ പ്രവണത, അധാർമികത എന്നിവയിലേക്ക് കുട്ടികൾ വ്യതിചലിച്ചു പോകുന്നു എന്ന് മുതിർന്നവർക്ക് അഭിപ്രായമുണ്ട്. വായനാഭിമുഖ്യം വളർത്തിയെടുത്താൽ ഒരു പരിധി വരെ കുട്ടികളെ ഇത്യാദി വിപത്തുകളിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിയും. സഞ്ചരിക്കുന്ന ലൈബ്രറിയിലൂടെ ഒരു ഗ്രാമത്തിലെ വിദ്യാർത്ഥികളിൽ നല്ലൊരു വിഭാഗത്തെ പുസ്തകപ്രിയരാക്കി മാറ്റാനും തദ്വാരാ അനാവശ്യവും നിഷേധാത്മകവുമായ പ്രവണതകളിൽ നിന്ന് അവരെ മോചിപ്പിക്കാനും ഒരു സാംസ്കാരിക സംഘത്തിന് സാധിച്ച കാര്യം ഒരു ദിനപത്രത്തിൽ വായിക്കാനിടയായി.

 

അറിവും ആവേശവും ആഹ്ലാദവും സംതൃപ്തിയും ആത്മവിശ്വാസവും ആസ്വാദ്യതയും അനുഭവവും സൗന്ദര്യബോധവുമെല്ലാം വായനയിലൂടെ ലഭിക്കും. പദസമ്പത്ത് ഭാഷാവൈഭവം നൂതനശൈലികളും പ്രയോഗങ്ങളും തുടങ്ങിയവയും വായനയിലൂടെ ആർജിക്കാനാവും. ഇതുകൊണ്ടൊക്കെയാകാം മികച്ചൊരു വായനക്കാരൻ മരിക്കുന്നതിന് മുമ്പ് ആയിരം വട്ടം ജീവിക്കുന്നു എന്ന് ജോർജ് . ആർ. മാർട്ടിൻ അഭിപ്രായപ്പെട്ടത്.

 

ഭാഷാദ്ധ്യാപകർക്ക് മാത്രമല്ല, മുഴുവൻ അദ്ധ്യാപകർക്കും കുട്ടികളെ വായനയുടെ ലോകത്തേക്ക് നയിക്കാൻ കഴിയും.

 

 

*ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത്*

Category: News