TEACHER TALK – Dr. Kunju Muhamed Pulavath

August 07, 2024 - By School Pathram Academy

TEACHER TALK

*******************

By Dr. Kunju Muhamed Pulavath

 

ചില കരച്ചിൽ കാണുന്നവരെയും കരയിപ്പിക്കും. കരയുന്ന വരെ മാത്രമല്ല, സ്വന്തത്തെപ്പോലും നിയന്ത്രിക്കാൻ കഴിയാത്ത വിധം നിസ്സഹായമായിപ്പോവുന്ന അതിസങ്കീർണമായ ഒരു ജീവിതസന്ദർഭമാണത്.

സാന്ത്വനത്തിന്റെയും സമാശ്വാസത്തിന്റെയും

സമസ്ത തന്ത്രങ്ങളും നിഷ്ഫലമായിപ്പോകും

അത്തരം ഘട്ടങ്ങളിൽ.

മനസ്സു വിറങ്ങലിച്ചും 

ചുണ്ടു വരണ്ടും നിൽക്കാനേ അപ്പോൾ ആർക്കും കഴിയു.

 

അങ്ങനെ വിതുമ്പി വിതുമ്പിക്കരയുന്ന ഒരാളുടെ കരച്ചിൽ കണ്ട് നമ്മളിൽ പലരും കഴിഞ്ഞ ദിവസം കരഞ്ഞു കാണും. ആലപ്പുഴ സ്വദേശിയായ ഉണ്ണികൃഷ്ണൻ മാഷ് വിതുമ്പി കരയുന്ന ഹൃദയഭേദകമായ ആ ദൃശ്യം ഇപ്പോഴും മനസ്സിനെ വല്ലാതെ ഉലച്ചു കളയുന്നു.

 

വയനാട്ടിലെ ഭീകരമായ ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ പതിനെട്ട് വർഷമായി അധ്യാപകനാണ് ഉണ്ണികൃഷ്ണൻ മാഷ് എന്നാണ് വാർത്തകൾ വായിച്ചപ്പോൾ മനസ്സിലായത്.

ആ സ്കൂളിൽ പഠിച്ചിരുന്ന നാൽപ്പതിലധികം ( കണക്ക് കൃത്യമല്ല ) കുട്ടികൾക്ക് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായത് , നിരവധി കുട്ടികളുടെ ഉറ്റവരും ഉടയവരും മരണക്കയത്തിലാണ്ടു പോയത്, വീടുകളും സ്ഥാപനങ്ങളും വസ്തുവകകളും സമ്പാദ്യവുമെല്ലാം മണ്ണും മഴയും ചേർന്ന് നക്കിയെടുത്തു കൊണ്ടുപോയത്……

………,………………………..ഓരോന്നങ്ങനെ ഓർക്കുമ്പോൾ ഉണ്ണികൃഷ്ണൻ മാഷ് വിതുമ്പുകയാണ്.

 

ദുരന്തം നടക്കുമ്പോൾ മാഷ് വെള്ളാർമലയിൽ ഉണ്ടായിരുന്നില്ല. വാർത്തയറിഞ്ഞ് ദുരന്തഭൂമിയിലേക്ക് ഓടിയെത്തിയതാണ്.

 

വർഷം പതിനെട്ട് കഴിഞ്ഞിട്ടും, ആലപ്പുഴക്കാരൻ മാഷ് വയനാട്ടിൽ നിന്നും സ്ഥലം മാറ്റം വാങ്ങിച്ചു പോകാത്തതിന്റെ കാരണമാണ് നമ്മെ ചിന്തിപ്പിക്കേണ്ടത്.

തന്റെ വിദ്യാർത്ഥികളുടെ നിർവ്യാജമായ സ്നേഹവായ്പ്, രക്ഷിതാക്കൾ നൽകുന്ന സൗഹൃദാദരം. നാട്ടുകാരുടെ ഹൃദയം തുറന്ന ഇടപെടലും പെരുമാറ്റവും. വെള്ളാളർ മലയിലെ മണ്ണും മനുഷ്യരും ഉണ്ണികൃഷ്ണൻ മാഷിന്, ആത്മനിർവൃതിയുടെ പര്യായമായിരുന്നു.

അവിടം വിട്ടുപോകാൻ, അതുകൊണ്ടാണദ്ദേഹത്തിന് ചിന്തിക്കാൻ തന്നെ കഴിയാത്തത്.

 

ദുരന്തം ഒഴുക്കി ക്കൊണ്ടുപോയ കുട്ടികൾ, അവരുടെ പേരുകൾ , രൂപ വൈവിധ്യങ്ങൾ, ഭാവവൈരുധ്യങ്ങൾ, വികൃതികൾ, കുസൃതികൾ, ഭാവനയും ജിജ്ഞാസയും, അവരുടെ മോഹങ്ങളും സ്വപ്നങ്ങളും…………..

 

ഉണ്ണികൃഷ്ണൻ മാഷിന് ഓർക്കാനേ കഴിയുന്നില്ല.

തൊഴിൽ ചെയ്യുന്ന വിദ്യാലയം, പഠിപ്പിക്കുന്ന വിദ്യാർത്ഥികൾ എന്ന സാങ്കേതികതക്കപ്പുറം, *എന്റെ വിദ്യാലയം,*

*എന്റെ കുട്ടികൾ* എന്നിടത്തേക്ക് സ്വയം വളർന്ന ഒരധ്യാപകനെ സംബന്ധിച്ചിടത്തോളം 

താങ്ങാനാവുന്നതിനപ്പുറമാണ് ആ ദുരന്തം.

 

വാർത്താദൃശ്യങ്ങളിൽ കടന്നു വരാത്ത സമാനതകളുള്ള വേറെയും അധ്യാപകർ ധാരാളമുണ്ടാവും.

വിദ്യാർത്ഥികളെ സ്വന്തം കുട്ടികളെപ്പോലെ സ്നേഹിക്കുകയും സംരക്ഷിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ. അധ്യാപനത്തോടൊപ്പം മാനവീയതയുടെ പ്രയോക്തകളാവാൻ

ശ്രമിക്കുന്നവർ.

 

ആശുപത്രിക്കിടക്കയിലായ വിധവയായ ഒരമ്മയുടെ ഏക മകളായ കുട്ടി വീട്ടിൽ തനിച്ചാണ് എന്നറിഞ്ഞപ്പോൾ, ഒട്ടും വൈകാതെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി മക്കളോടൊപ്പം പാർപ്പിച്ച ഒരധ്യാപികയെ അടുത്ത കാലത്ത് വായിച്ചറിഞ്ഞു.

പഠനപ്രയാസങ്ങളുള്ള കുട്ടികളുടെ പ്രശ്ന പരിഹാരത്തിനായി, പ്രവൃത്തി ദിവസങ്ങളിലെ വിശ്രമ വേളകൾ താൽപര്യം പൂർവം ഉപയോഗിക്കുന്ന എത്രയോ പേർ, ദരിദ്ര വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്കായി വേതനത്തിൽ നിന്ന് നിശ്ചിത വിഹിതം സ്ഥിരമായി നീക്കി വെക്കുന്നവർ. അസ്വസ്ത ബാധിത കുടുംബങ്ങൾ സന്ദർശിച്ച് അവിടങ്ങളിൽ പാർക്കുന്ന കുട്ടികളുടെ മാനസിക പിരിമുറുക്കവും

ഹൃദയവ്യഥയും സ്വയം ഏറ്റെടുക്കുന്നവർ.

 

ഇവരൊക്കെയാണ് കാലം തേടുന്ന അധ്യാപകർ. ഒരു കാലത്തിനും മായ്ച്ചു കളയാനോ മറക്കാനോ കഴിയാത്ത വിധം നന്മയുടെ മുദ്രകൾ പതിപ്പിച്ചു പോവുന്ന യഥാർത്ഥ ഗുരുക്കൾ.

 

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പൊലിഞ്ഞ കുട്ടികളോടൊപ്പം എത്രയെത്ര മോഹങ്ങളും സ്വപ്നങ്ങളുമാണ് പൊലിഞ്ഞു പോയത്. അവരുടെ കളിപ്പാട്ടങ്ങളോടൊപ്പം എത്രയെത്ര ഭാവനകളും ജിജ്ഞാസകളുമാവും 

മണ്ണിൽ പൂണ്ടുപോയിട്ടുണ്ടാവുക.

 

ഇതൊക്കെ ചിന്തിച്ചു പോയാൽ , സഹിക്കാനാവില്ല.

ഗ്രന്ഥകാരനായ പാട്രിക് റോത്ഫസ്റ്റിന്റെ നിരീക്ഷണങ്ങൾ ഓർമയിലേക്ക് വരുന്നു:

 

” ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ 

ഭാവിയെക്കുറിച്ച് ചിന്തിച്ചിരുന്നേയില്ല.

നമുക്ക് നമ്മെത്തന്നെ ആസ്വദിക്കാൻ കഴിഞ്ഞത് നമ്മുടെ സത്യസന്ധത കൊണ്ടാണ്. വളരെ കുറച്ച് മുതിർന്നവർക്കും ഇങ്ങനെ കഴിയുന്നുണ്ട്. എപ്പോഴാണോ ഭാവിയെക്കുറിച്ച് ഗൗരവത്തോടെ നാം ചിന്തിക്കാൻ തുടങ്ങുന്നത് അപ്പോൾ നമ്മുടെ ശൈശവ കാലം അവസാനിക്കുന്നു.”

 

എത്ര കൃത്യമായ നിരീക്ഷണമാണ് കുട്ടികളെക്കുറിച്ച്.

 

ലോകത്തെ കൗതുകത്തോടെ നോക്കിക്കാണുന്ന കുട്ടികൾ ക്കല്ലാം വിസ്മയങ്ങളാണ്.

വാൾട്ടർ സ്റ്റൈറ്റിഫ് ( Walter Streightiff) പറഞ്ഞല്ലോ:

” കുട്ടിയുടെ കണ്ണിലുള്ളത് വെറും സപ്താൽഭുതങ്ങളല്ല, 

സപ്ത മില്യൺ അൽഭുതങ്ങളാണ്.”

 

കുട്ടികളോടൊപ്പം കഴിയുന്ന അധ്യാപകർക്ക് കുട്ടികൾ പലതും പഠിപ്പിച്ചു കൊടുക്കുന്നുണ്ട്. കുട്ടികളിൽ നിന്ന് അല്ലെങ്കിൽ കുട്ടികളോടൊപ്പം അധ്യാപകർ പലതും പഠിക്കുന്നു.

അങ്ങനെ പഠിച്ചു വളർന്നതു കൊണ്ടാണ് ഉണ്ണികൃഷ്ണൻ മാഷിന് വയനാട് വിട്ടു പോകാൻ കഴിയാത്തത്. കുട്ടികളദ്ദേഹത്തിന് നൽകി യ ജീവിതപാഠങ്ങൾ പലതും കുട്ടികളുടെ പാഠപുസ്തകങ്ങളിലില്ലാത്തതായിരുന്നു.

 

ഓരോ കുട്ടിയിലും ഓരോ വിദ്യാലയമുണ്ട് എന്നതാണ് 

വാസ്തവം.

 

എലിസബത്ത് ലോറൻസിന്റെ വാക്കുകളുദ്ധരിച്ച് അവസാനിപ്പിക്കാം:

 

“എല്ലാ ശൈശവത്തിനുമുണ്ട്

ഓരോ ആരാമം.

വർണങ്ങൾ ശോഭിക്കുന്ന അന്തരീക്ഷം ലോലീകൃതമാവുന്ന

പ്രഭാതം എക്കാലത്തേക്കും സൗരഭ്യധന്യമാകുന്ന

ആരാമം”.

ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത്

Category: News