കുട്ടി, വികാസം, സ്കൂൾ: നിരീക്ഷണങ്ങൾ – ഭാഗം 2 Dr. കുഞ്ഞു മുഹമ്മദ് പുലവത്ത്

July 23, 2025 - By School Pathram Academy

 കുട്ടി, വികാസം, സ്കൂൾ:
നിരീക്ഷണങ്ങൾ
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

✍️ Dr. കുഞ്ഞു മുഹമ്മദ് പുലവത്ത്
(Former District Project Officer, SSA,
Ernakulam)
___

നൈൽ നദിയിലൂടെ ഒഴുകി വന്ന ആ പേടകം ഒടുവിലെത്തിയത് ഫറോവ ചക്രവർത്തിയുടെ പത്നിയുടെ കൈകളിലാണ്. ആകാംക്ഷയോടെ പേടകം തുറന്നു നോക്കിയപ്പോൾ, ഓമനത്തം തുടിക്കുന്ന മുഖത്തോടെ ഒരാൺ കുഞ്ഞ്. ശാലീനത നിഴലിട്ട ആ ഇളം കവിളിൽ ഒരു മൃദുലമുത്തം നൽകി രാജ്ഞി കൊട്ടാരത്തി ലേക്ക് വന്നു. മാതൃവിശുദ്ധിയോടെ ആ കുഞ്ഞിനെ നെഞ്ചോടു ചേർത്തു പിടിച്ച് ഫറോവയുടെ മുന്നിലെത്തി. അവർ ആഹ്ളാദപൂർവം പറഞ്ഞു: “എനിക്കും നിങ്ങൾക്കും കൺകുളിർമയും ആത്മ ഹർഷവും പകരുന്ന ഒരു കുഞ്ഞിതാ. ഇതിനെ കൊന്നു കളയരുത്. ഭാവിയിൽ നമുക്കീ കുഞ്ഞ് പ്രയോജനപ്പെട്ടേക്കും. നമുക്കിതിനെ വളർത്താം”.

ഭീകരനായ ഫറോവയുടെ കൊട്ടാരത്തിൽ വളർന്ന്, പിൽക്കാലത്ത് ഫറോവയുടെ തന്നെ അന്തകനും ഇസ്റാഈൽ ജനതയുടെ വിമോചകനുമായി മാറിയ മോശസ്സായിരുന്നു പേടകത്തിൽ അടക്കപ്പെട്ട ആ കുഞ്ഞ്.

കുഞ്ഞു മോശസ്സിനെ കണ്ടപ്പോൾ, ഫറോവയുടെ പത്നി പറഞ്ഞത് ഒരിക്കൽ കൂടിയോർക്കാം: “എനിക്കും നിങ്ങൾക്കും കണ്ണിനു കുളിർമയും ആത്മഹർഷവും പകരുന്ന ഒരു കുഞ്ഞിതാ”

അതെ, ഓരോ കുഞ്ഞും നമ്മുടെ കണ്ണുകൾക്ക് കുളിരാണ്.

കുട്ടികളെക്കുറിച്ച് വിപുലവും ശാസ്ത്രീയ വുമായ പഠനങ്ങൾ നടക്കാൻ തുടങ്ങു ന്നതിനും മുമ്പ് പൊതുവെ സ്വീകാര്യമാ യിരുന്ന ഒരു തത്വമുണ്ട്. അതാണിത്. ശൈശവ കാലം, കുട്ടിയുടെ വളർച്ച – വികാസവുമായി ബന്ധപ്പെടുത്തി ചിന്തിക്കു മ്പോൾ അതീവ നിർണായകമായ ഒരു കാലമാണ്. ഒരു ചൈനീസ് പഴമൊഴി ഓർമ്മ വരുന്നു.

‘ചില്ല വളഞ്ഞതാണോ, എങ്കിൽ മരം ചെരിഞ്ഞതാണ് ‘

കൂട്ടത്തിൽ ചേർത്തു പറയാം ജോൺ മിൽട്ടന്റെ രണ്ട് വരികൾ,
“ശൈശവത്തിനകത്ത് ഒരു മനുഷ്യനുണ്ട്,
പ്രഭാതത്തിനകത്ത്
ഒരു പകലുള്ളതു പോലെ”

ചില കുട്ടികളെ നമുക്ക് കാണാം. അവർക്ക് ചില സാഹചര്യങ്ങളുമായോ സന്ദർഭങ്ങളു മായോ സംഭവങ്ങളുമാ യോവ്യക്തികളു മായോ പൊരുത്തപ്പെട്ടു പോകാൻ കഴിയുന്നില്ല. വിശകലനാത്മകമായി
പരിശോധിച്ചാൽ മനസ്സിലാകും,
തിക്തമായ ജീവിതാനുഭവങ്ങളിലൂടെയാണ് അവർ കടന്നു വന്നിരിക്കുന്നതെന്ന്.
അനുഭവങ്ങളാണ് ഓരോ കുട്ടിയുടെയും ഭാവപ്രകൃതത്തെ രൂപപ്പെടുത്തുന്നത്. ശൈശവം മുതൽ കൗമാരം വരെയുള്ള കാലയളവിൽ നേരിടേണ്ടി വരുന്ന അനുഭവങ്ങൾ പ്രത്യേകിച്ച്.

എറിക്സന്റെ ഒരു നിരീക്ഷണമുണ്ട്:
‘ഒരു മനുഷ്യന്റെ പ്രാരംഭമാണ് ശൈശവം. നമ്മുടെ ഗുണങ്ങളും ദോഷങ്ങളും പതുക്കെ പതുക്കെ, എന്നാൽ വ്യക്തതയോടെ വളർന്നു വികസിക്കാൻ തുടങ്ങുന്ന ഇടമാണ് ശൈശവം.’

ലോകത്ത് ആരെയൊക്കെ വിശ്വസിക്കാം , വിശ്വസിച്ചുകൂടാ, ആരെയൊക്കെ ആശ്രയിക്കാം, ആശ്രയിച്ചുകൂടാ എന്ന് പഠിക്കാൻ തുടങ്ങുന്ന കാലം കൂടിയാണിത്. അതു കൊണ്ട് നന്നേ ചെറുപ്പത്തിൽ കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റി ക്കൊടുക്കാനും പരിചരിക്കാനും സ്നേഹിക്കാനും മാതാപിതാക്കൾ അമാന്തം കാണിക്കരുത്. ചുരുക്കത്തിൽ ശൈശവ കാലാനുഭവങ്ങളാണ് ഒരു വ്യക്തിയുടെ ജീവിതത്തിന് നിറം പകരുന്നത്.

പ്രീ സ്കൂളുകളിലും സ്കൂളുകളിലും
സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കഴിയാതെ വേറിട്ടു നിൽക്കുന്ന കുട്ടികളെ നിരീക്ഷിച്ചാൽ നമുക്ക് ബോധ്യമാകും, ഒന്നുകിൽ അവർ ആരുമായും കൂട്ടു കൂടാതെ വേറിട്ടു നിൽക്കുന്നവരാകും. അതല്ലെങ്കിൽ, ചീത്ത കൂട്ടുകെട്ടിൽ അകപ്പെട്ടവരാകും. ഏതെങ്കിലും തരത്തിലുള്ള പരിമിതികളോ വൈകല്യങ്ങളോ പ്രയാസങ്ങളോ അനുഭവിച്ചു വരുന്ന ഇത്തരം കുട്ടികൾ, പൊതുവെ പലർക്കും ഒരു പ്രശ്നമായിരിക്കും. കുട്ടികളിലെ സാമൂഹ്യ വിരുദ്ധ സ്വഭാവം രണ്ടോ- മൂന്നോ വയസ്സിനിടയിൽ തന്നെ
തിരിച്ചറിയാനാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. സാമൂഹിക സാംസ്കാരിക പാരസ്പര്യത്തിനും കൊടുക്കൽ വാങ്ങലുകൾക്കും അവസരം കിട്ടുന്നവരുടെ ജീവിതത്തിൽ പിൽക്കാലത്ത് അഭികാമ്യമായ മാറ്റങ്ങൾ സംഭവിക്കുന്നതായും പഠനങ്ങൾ  തെളിയിക്കുന്നു. ഓരോ കുട്ടിയുടെയും സ്കൂൾ വിദ്യാഭ്യാസ കാലത്തെ ആദ്യ അഞ്ചു വർഷം ഏറെ പ്രധാനപ്പെട്ടതും
ഗൗരവമുള്ളതുമാണ് എന്നാണ് മനഃശാസ്ത്രവിദഗ്ദർ അഭിപ്രായപ്പെടുന്നത്. പരിഹാസം, നിന്ദനം, ശിക്ഷ, അഹിതകരമായ അനുഭവങ്ങൾ എന്നിവ നേരിടേണ്ടി വരുന്ന കുട്ടികൾ ഒരു തരം നിഷേധാത്മക സ്വഭാവത്തിന്റെ ഇരകളാ യിരിക്കും. രണ്ടു മുതൽ അഞ്ചുവരെയുള്ള
പ്രീ സ്കൂൾ കാലഘട്ടം ഏറ്റവും പ്രധാനപ്പെട്ടതാണ് എന്ന് ഏതാണ്ട് ഒട്ടുമിക്ക ശിശു മനഃശാസ്ത്രജ്ഞരും
അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രസ്തുത പ്രായ കാലയളവിലെ വികാസഘട്ടങ്ങൾ വിശകലനം ചെയ്യുമ്പോൾ ഇക്കാര്യം ബോധ്യമാകും. കുട്ടികളുടെ സ്വഭാവ – പെരുമാറ്റ രീതികൾ നിർമിച്ചെടുക്കേണ്ട അടിത്തറയാണീ ഘട്ടം. പിന്നീട് അവരുടെ ജീവിതത്തിന്റെ ദിശ നിർണയിക്കുന്നത് ഈ സ്വഭാവ പെരുമാറ്റരീതികളാണ്. അതിനാൽ സാമുഹിക സഹവർത്തനത്തിനുതകുന്ന കളികളും പ്രവർത്തനങ്ങളും സാധ്യമായത്ര പ്രീസ്കൂൾ കുട്ടികൾക്ക്
നൽകേണ്ടതുണ്ട്.

കുട്ടികൾക്ക് സമ്പന്നമായ ഒരു മനസ്സ് കൊടുക്കാൻ നിങ്ങൾക്കുദ്ദേശമുണ്ടെങ്കിൽ കുഞ്ഞുന്നാളിൽ നിങ്ങളവർക്ക് ധന്യമായൊരു സാമൂഹ്യ ജീവിതം കൊടുക്കൂ എന്ന് ജ്ഞാനികൾ പറയുന്നത് അതുകൊണ്ടാണ്.
——————————————————
കുറിപ്പുകൾ:

1.ജോൺ മിൽട്ടൺ
(ബ്രിട്ടീഷ് കവി: 1608-1674)

2.എറിൻ എറിക്സൺ
(ജർമൻ അമേരിക്കൻ സൈക്കോ
അനലിസ്റ്റ്:1902-1994)

Category: Head Line

Recent

Load More