ഗാന്ധി ജയന്തി: ഗാന്ധിജിയുടെ ലോകത്തെ പ്രചോദിപ്പിച്ച ആറ് സന്ദേശങ്ങള്‍ ഇതാ…

ഗാന്ധി ജയന്തി: ഗാന്ധിജിയുടെ ലോകത്തെ പ്രചോദിപ്പ ആറ് സന്ദേശങ്ങള്‍ ഇതാ…
രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനമാണ് ഇന്ന്.
എല്ലാ വര്‍ഷവും ഒക്ടോബര്‍ രണ്ടിനാണ് ഗാന്ധി ജയന്തി ആഘോഷിക്കുന്നത്. ലോകത്തിന് മുന്നില്‍ പുത്തന്‍ സമരമാര്‍ഗമായ അഹിംസയും അക്രമരാഹിത്യവും മുന്നോട്ട് വെച്ച ഗാന്ധിയോടുള്ള ആദരസൂചകമായി ഒക്ടോബര്‍ 2 അന്താരാഷ്ട്ര അഹിംസാ ദിനമായി പ്രഖ്യാപിക്കാന്‍ 2007 ല്‍ ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തിരുന്നു.
എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ലോകത്തോട് വിളിച്ച് പറയാന്‍ ആര്ജവുമുള്ളയാളായിരുന്നു മഹാത്മാ ഗാന്ധി. 1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ദിശാബോധവും ഐക്യവും നല്കുന്നതില് നിര്‍ണായക പങ്ക് വഹിച്ച വ്യക്തിത്വമാണ് ഗാന്ധിജിയുടേത്. ദക്ഷിണാഫ്രിക്കയിലെ ജീവിതം ഗാന്ധിയുടെ ജീവിതത്തോടുള്ള വീക്ഷണത്തെയാകെ മാറ്റി മറിച്ചു.
വംശീയ വിദ്വേഷത്തെ അദ്ദേഹം തുറന്നെതിര്‍ത്തു. തിരിച്ച് ഇന്ത്യയിലെത്തിയപ്പോള്‍ സ്വതന്ത്ര്യസമരാവേശത്തിന് പുത്തന്‍ പാത വെട്ടിത്തുറക്കുകയായിരുന്നു ഗാന്ധിജി. ഇന്ത്യന്‍ ജനതയെ ഒന്നിച്ച് നിര്‍ത്താനും സമാധാനപരമായ നിയമലംഘന പ്രസ്ഥാനത്തില്‍ അണിചേര്‍ക്കാനും ഗാന്ധിക്കായി. നിസഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്കി.
അദ്ദേഹത്തിന്റെ കീഴില്‍, ഇന്ത്യയിലെ കൊളോണിയല്‍ ഭരണത്തിനെതിരായ പ്രതിഷേധങ്ങളില്‍ നിരവധി ആളുകള്‍ സജീവമായി പങ്കെടുത്തു. സത്യ, അഹിംസ, സ്വയം ഭരണം എന്നിങ്ങനെ ലോകമെമ്പാടുമുള്ള നിരവധി പൗരാവകാശ പ്രസ്ഥാനങ്ങളുടെ അടിസ്ഥാനമായത് ഗാന്ധിയുടെ ദര്‍ശനങ്ങളാണ്. അമേരിക്കന്‍ പൗരാവകാശ പ്രവര്‍ത്തകനായ മാര്ട്ടിന് ലൂഥര്‍ കിംഗ് ജൂനിയര്‍ മഹാത്മാഗാന്ധിയുടെ വീക്ഷണം ഉയര്‍ത്തിപ്പിടിച്ചിരുന്നു.
എല്ലാ വര്‍ഷവും ഒക്ടോബര്‍ രണ്ടിന് അദ്ദേഹത്തോട് ആദരം അര്‍പ്പിക്കാനും അദ്ദേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും നിരവധി പരിപാടികളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കാറുണ്ട്. ഡല്‍ഹിയിലെ രാജ് ഘട്ട്, മുംബൈയിലെ മണിഭവന്‍, ഗുജറാത്തിലെ സബര്‍മതി ആശ്രമം എന്നിങ്ങനെ മഹാത്മാഗാന്ധിക്ക് സമര്‍പ്പിച്ചിരിക്കുന്ന സ്ഥലങ്ങളും ഈ ദിവസം ധാരാളം ആളുകള്‍ സന്ദര്‍ശിക്കാറുണ്ട്.
മഹാത്മാഗാന്ധിയുടെ പ്രശസ്തമായ ഉദ്ധരണികള്‍ നോക്കാം
‘മനുഷ്യരെന്ന നിലയില്‍ നമ്മുടെ ഏറ്റവും വലിയ കഴിവ് ലോകത്തെ മാറ്റുകയല്ല, മറിച്ച് നമ്മെത്തന്നെ മാറ്റുക എന്നതാണ്.’
‘സംതൃപ്തി പ്രയത്നത്തിലാണ്, നേട്ടത്തിലല്ല.’
”ശാരീരിക ശേഷിയില്‍ നിന്നല്ല അദമ്യമായ ഇച്ഛയില്‍ നിന്നാണ് ശക്തി വരുന്നത്.
‘മനുഷ്യന്റെ ആവശ്യത്തിന് ലോകത്തില്‍ പര്യാപ്തതയുണ്ട്, പക്ഷേ മനുഷ്യന്റെ അത്യാഗ്രഹത്തിനില്ല.’
”ഒരു ഭീരുവിന് സ്നേഹം പ്രകടിപ്പിക്കാന്‍ കഴിയില്ല, അത് ധീരന്മാര്ക്ക് മാത്രം സാധിക്കുന്ന ഒന്നാണ്’
‘സഹിഷ്ണുത നഷ്ടപ്പെടുക എന്നാല്‍ യുദ്ധം നഷ്ടപ്പെടുക എന്നാണ് അര്‍ത്ഥം’