ലഹരി ഉപയോഗം സംബന്ധിച്ച് കുട്ടികളെ നിരീക്ഷിക്കുന്നതിനും സംശയം തോന്നിയാല്‍ ബാഗോ മറ്റ് പരിശോധിക്കുന്നതിനും അധ്യാപകര്‍ മടിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി

വിദ്യാര്‍ഥികളുടെ ബാഗുകൾ അധ്യാപകര്‍ക്ക് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി
വിദ്യാര്‍ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന ബാലാവകാശ കമ്മീഷന് നിര്‍ദേശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. ലഹരി ഉപയോഗം സംബന്ധിച്ച് കുട്ടികളെ നിരീക്ഷിക്കുന്നതിനും സംശയം തോന്നിയാല്‍ ബാഗോ മറ്റ് പരിശോധിക്കുന്നതിനും അധ്യാപകര്‍ മടിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അധ്യാപകര്‍ക്ക് ഇതിനുള്ള അധികാരമുണ്ടെന്നും ഇക്കാര്യങ്ങള്‍ ചെയ്താല്‍ അധ്യാപകരെ വ്യാജ പരാതിയില്‍ കുടുക്കുമെന്ന് ഭയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സമിതിയും ഇക്കാര്യത്തില്‍ അധ്യാപകരെ കുറ്റപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചാരണത്തില്‍ നോട്ട് റ്റു ഡ്രഗ്സ്സ് ക്യാമ്പയിന് അഞ്ചാംഘട്ടത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പോരാടണം.
വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തടയേണ്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തം സമൂഹത്തിനാകെയാണ്. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക ഉത്തരവാദിത്തമുണ്ട്. രക്ഷിതാക്കള്‍ ലഹരി ഉപയോഗത്തില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കണം. നമ്മള് ചെയ്യുന്ന കാര്യങ്ങളാണ് വാക്കുകളെക്കാള്‍ കുട്ടികളെ കൂടുതല്‍ സ്വാധീനിക്കുന്നത്. കുട്ടികളില്‍ പെരുമാറ്റ വൈകല്യം കണ്ടാല്‍ രക്ഷിതാക്കള്‍ അത് ഒളിച്ചുവെക്കരുത്. ഇത് വലിയ അപകടത്തിലേക്ക് നയിക്കും.കുട്ടികൾ യാതൊരു വിധത്തിലുള്ള ലഹരി ഉപയോഗിക്കാൻ പാടില്ല.
നേരത്തേ കണ്ടെത്തി ചികിത്സിച്ചാല്‍ ഫലമുണ്ടാകും. കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് അധ്യാപകര്‍ക്ക് വലിയ പങ്കുണ്ട്. ഒരു ദിവസം കൂടുതല്‍ സമയം വിദ്യാര്‍ഥികളുമായി ഇടപെടുന്നത് അധ്യാപകരാണ്. ഏത് മാറ്റവും അധ്യാപകര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കുട്ടികളിൽ ലഹരി ഉപയോഗം തടയുന്നതിന് ഫലപ്രദമായ നടപടികളാണ് ആവശ്യം.