ജൂൺ 26 ; ലഹരി വിരുദ്ധ ദിനം സ്കൂളുകളിൽ നടത്തുന്നതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ലഹരി വിരുദ്ധ ദിനം. ലഹരി വിരുദ്ധ ദിനം സ്കൂളുകളിൽ നടത്തുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു .ഉത്തരവിന്റെ പൂർണ്ണരൂപമാണ് താഴെ നൽകുന്നത് .താഴെ നൽകുന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ വിവിധ പരിപാടികൾ നടത്തണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.
വിഷയം – :പൊതുവിദ്യാഭ്യാസം-ലഹരി വിരുദ്ധ ക്യാമ്പയിൻ കർമ്മ പദ്ധതിയുടെ 2025 ജൂൺ 26 ന് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം – സംബന്ധിച്ച്
സൂചന
1. 16.06.2025 ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ നടന്ന യോഗ നടപടി
2. 20.06.2025 ലെ ഈ ഓഫീസിലെ സർക്കുലർ നം സ്പോർട്സ് 2/7785/2025/
മേൽ സൂചനയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. 2025 ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ, ലഹരി വിരുദ്ധ ക്യാമ്പയിൻ കർമ്മ പദ്ധതിയുടെ അഞ്ചാം ഘട്ട പ്രവർത്തനങ്ങളുടെ സ്കൂൾതല ഉദ്ഘാടനം തിരുവനന്തപുരം ഗവ.എച്ച്.എസ്സ്.എസ്സ് കോട്ടൺഹിൽ സ്കൂളിൽ വച്ച് രാവിലെ
10.15നു ബഹു. മുഖ്യമന്ത്രി നിർവ്വഹിക്കുന്നു. പ്രസ്തുത പരിപാടിയിൽ ബഹു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കുന്നു. തുടർന്ന് ക്യാമ്പയിൻ്റെ സംസ്ഥാനതല ഉദ്ഘാടനം അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് ബഹു മുഖ്യമന്ത്രി തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലും നിർവ്വഹിക്കുന്നതാണ്. സംസ്ഥാനതല ഉദ്ഘാടന പരിപാടിയോട് അനുബന്ധമായി വിവിധ വകുപ്പുകളുടെ പരിപാടികൾ ഉച്ചക്ക് 2 മണി മുതൽ ആരംഭിക്കുന്നതാണ്.
സ്കൂൾ തല, സംസ്ഥാനതല ഉദ്ഘാടന പരിപാടികൾ വിക്ടേഴ്സ് ചാനലിൽ ലൈവായി സംപ്രേഷണം ചെയ്യുന്നതാണ്. ഇത് കട്ടികൾക്ക് വീക്ഷിക്കുന്നതിനുള്ള സൌകര്യം സ്കൂളുകളിൽ ചെയ്യേണ്ടതാണ്.
സ്കൂൾതല പരിപാടിയിൽ താഴെ പറയുന്നവ ഉൾപ്പെടുത്തേണ്ടതാണ്.
രാവിലെ പ്രത്യേക അസംബ്ലി ചേരുകയും ബഹു.മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം നൽകേണ്ടതുമാണ്.
തുടർന്ന് ലഘു വ്യായാമങ്ങൾ/ സൂംബയുടെ ഡിസ്പ്ലേ നടത്തുക
എൻ.എസ്.എസ്.എസ്.പി.സി/സ്കൌട്ട് & ഗൈഡ് / ലഹരി വിരുദ്ധ ക്ലബ് മുതലായ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലികൾ സംഘടിപ്പിക്കാവു ന്നതാണ്.
സ്കൂൾ പാർലമെന്റിന്റെ ആഭിമുഖ്യത്തിൽ “ലഹരി മുക്ത വിദ്യാലയം കുട്ടികളുടെ അവകാശം” എന്ന വിഷയത്തിൽ പ്രമേയം അവതരിപ്പിക്കാവുന്നതാണ്.
ഈ വകുപ്പിനു കീഴിലുള്ള ഓഫീസുകളിൽ അന്നേദിവസം ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കേണ്ടതാണ്.
ലഹരി വിരുദ്ധ പ്രതിജ്ഞ
മാനവരാശിയെ തകർക്കുന്ന മാരക വിപത്താണ് മയക്കുമരുന്ന് എന്ന യഥാർത്ഥ്യം ഞാൻ തിരിച്ചറിയുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും പൂർണ്ണമായും നശിപ്പിക്കുമെന്നും ഞാൻ മനസ്സിലാക്കുന്നു, ഞാനും എന്റെ സമൂഹവും ലഹരിയിൽ വീഴാതിരിക്കാനുളള എല്ലാ ശ്രമങ്ങളും ഞാൻ നടത്തും. “ജീവിതമാണ് ലഹരി” എന്ന ആശയം ജീവിതത്തിൽ പകർത്തുന്നതിനൊപ്പം മറ്റുള്ളവരുടെ ജീവിതത്തിൽ ഈ ആശയം പകർത്തുന്നതിന് ഞാൻ പ്രയത്നിക്കുകയും ചെയ്യും. ‘ലഹരിമുക്ത നവകേരളം’ പടുത്തുയർത്തുവാൻ എൻ്റെ എല്ലാ കഴിവുകളും വിനിയോഗിച്ച് പ്രവർത്തിക്കുമെന്നും ഞാൻ ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.