സെപ്റ്റംബർ 16 – ഓസോൺ ദിനം

ഓസോണിനായി ഒത്തുപിടിച്ച് : സെപ്റ്റംബർ 16 – ഓസോൺ ദിനം
സൂര്യനിൽ നിന്നുള്ള അപകടകരമായ വികിരണങ്ങളെ തടയുന്ന അദൃശ്യമായ സംരക്ഷണ കവചമാണ് ഓസോൺ പാളി. സ്ട്രാറ്റോസ്ഫിയറിൽ സ്ഥിതി ചെയ്യുന്ന ഇത് ഒരു കുട പോലെ ഭൂമിയിലെ ജീവജാലങ്ങളെ കാത്തുസംരക്ഷിക്കുന്നു. ഓസോൺ പാളിക്കു വിള്ളൽ വീഴുന്തോറും ഭൂമിയിൽ പതിക്കുന്ന അൾട്രാവയലറ്റ്(UV) രശ്മികളുടെ അളവും കൂടും. ഓക്സിജൻ തന്മാത്ര പ്രകാശത്തിന്റെ സാന്നിധ്യത്തിൽ വിഘടിച്ച് ഓക്സിജൻ ആറ്റങ്ങളായി മാറുന്നു. ഈ ഓക്സിജൻ ആറ്റം ഓക്സിജൻ തന്മാത്രയുമായി ചേർന്ന് ഓസോൺ(O3) വാതകം രൂപം കൊള്ളുന്നു. അതായത്, മൂന്ന് ഓക്സിജൻ ആറ്റങ്ങൾ ചേർന്നുണ്ടാകുന്ന ഓസോൺ(O3) വാതകമാണ് ഈ പാളിയിൽ നിറഞ്ഞുനിൽക്കുന്നത്.
സംരക്ഷണം എങ്ങനെ?
ഇളംനീല നിറമുള്ള, രൂക്ഷഗന്ധമുള്ള ഓസോൺ ഹരിതഗൃഹവാതകങ്ങളിൽ ഒന്നാണ്. അന്തരീക്ഷത്തിൽ ഒരു നിശ്ചിത താപനിലയുണ്ടെങ്കിലേ ഓസോണിനു നിലനിൽക്കാനാകൂ. ട്രോപ്പോസ്ഫിയറിൽ നിന്നു മുകളിലേക്കു താപവികിരണങ്ങൾ കടന്നുപോകുന്നതു വഴിയാണ് ഇതു സാധ്യമാകുന്നത്. ഓസോൺ കവചത്തെ ഭേദിക്കാതെ വികിരണങ്ങൾക്കു ഭൂമിയിലേക്കു പതിക്കാനാവില്ല. 220-330 നാനോമീറ്റർ തരംഗദൈർഘ്യമുള്ള അൾട്രാവയലറ്റ് വികിരണങ്ങളെയാണ് ഓസോൺ ആഗിരണം ചെയ്യുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുത്തനെ ഉയരുമ്പോൾ ചൂട് അന്തരീക്ഷത്തിന്റെ താഴെത്തന്നെ തുടരുകയും സ്ട്രാറ്റോസ്ഫിയറിലെ താപനില കുറയുകയും ചെയ്യുന്നു. ഓസോൺ പാളിക്ക് ആവശ്യത്തിനു ചൂട് ലഭിക്കാതെ വരുമ്പോൾ അതിലെ തന്മാത്രകൾ വിഘടിച്ച് ഓക്സിജൻ ആറ്റങ്ങളായി മാറുന്നു. ഈ വിള്ളലിലൂടെ കടന്നുവരുന്ന വികിരണങ്ങൾ മാരകമായ റേഡിയേഷനു കാരണമാകുന്നു.
ഓസോൺ വിള്ളൽ
ഓസോൺ പാളിയിൽ എങ്ങനെ തുള വീഴുന്നു എന്ന ചോദ്യം പ്രസക്തമാണ്. രാസവ്യവസായത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ക്ലോറോ ഫ്ലൂറോ കാർബൺ(സിഎഫ്സി) ഓസോൺ പാളിക്കു വലിയ ക്ഷതമാണ് ഏൽപ്പിക്കുന്നത്. ഹൈഡ്രോ ക്ലോറോ ഫ്ലൂറോ കാർബൺ, മീഥൈൽ ബ്രോമൈഡ്, ഹാലോൺ തുടങ്ങിയവയെല്ലാം വിനാശകാരികളാണ്. എസി, റഫ്രിജറേറ്റർ, സ്പ്രേ ഇവയിൽ നിന്നെല്ലാം പുറന്തള്ളപ്പെടുന്ന സിഎഫ്സി അന്തരീക്ഷപാളിയായ സ്ട്രാറ്റോസ്ഫിയറിലേക്ക് എത്തുമ്പോൾ അൾട്രാവയലറ്റ് രശ്മികൾ ഇവയെ വിഘടിപ്പിക്കുന്നു. ഇങ്ങനെ പുറത്തുവരുന്ന ക്ലോറിൻ ഓസോണിന്റെ വിഘടനത്തിനു കാരണമാകുന്നു. സൂപ്പർസോണിക് വിമാനങ്ങൾ സ്ട്രാറ്റോസ്ഫിയറിലേക്കു പുറന്തള്ളുന്ന നൈട്രജൻ ഓക്സൈഡുകൾ ഓസോൺ പാളിയുടെ നാശത്തിനു കാരണമാകുന്നു. ആണവ വിസ്ഫോടനങ്ങളിലൂടെയും നൈട്രജൻ ഓക്സൈഡുകൾ പുറന്തള്ളപ്പെടുന്നു.
പ്രശ്നം പലവിധം
ഓസോൺ പാളിയിലെ വിള്ളലുകളിലൂടെ അൾട്രാ വയലറ്റ് രശ്മികൾ ഭൂമിയിലേക്ക് എത്തുന്നുണ്ട്. ത്വക്കിലെ ക്യാൻസറിനു വരെ ഇതു കാരണമാകുന്നു. ഓസോൺ പാളിയിൽ ഒരു ശതമാനം വിള്ളൽ വരുമ്പോൾ ത്വക്ക് ക്യാൻസർ പിടിപെടുന്നവരുടെ എണ്ണത്തിൽ 6% വർധനയുണ്ടെന്നാണ് കണക്കു കൂട്ടുന്നത്. ജനിതകവൈകല്യങ്ങൾക്കും തിമിരത്തിനും രക്താർബുദത്തിനും ശ്വാസകോശരോഗങ്ങൾക്കുമെല്ലാം വഴിവയ്ക്കുന്ന ഇവ വിളകളുടെ ഉൽപ്പാദനശേഷിയെയും ബാധിക്കും. ആഗോളതാപനത്തിന് ആക്കംകൂടുന്നത് കാലാവസ്ഥയെ മാറ്റിമറിക്കും. അതുകൊണ്ടുതന്നെ ഓസോൺ കുടയ്ക്കു തുള വീഴാതിരിക്കേണ്ടത് ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് അനിവാര്യമാണ്. വ്യവസായ വളർച്ചയുടെ നാളുകളിലൂടെ വൻകിട രാഷ്ട്രങ്ങൾ കടന്നുപോയപ്പോൾ സ്വാഭാവികമായും അത് ഓസോൺ പാളിക്കു മാരകമായ പ്രഹരമേൽപ്പിച്ചു. എൺപതുകളുടെ പകുതിയോടെ വിള്ളൽ മുൻപെങ്ങുമില്ലാത്ത വിധം വലുതായി.
വാക്സീനു വേണ്ടിയും
ഓസോൺ പാളിയെ ദോഷകരമായി ബാധിക്കുന്ന വിനാശകരമായ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുന്നതിനായി മോൺട്രിയോൾ പ്രോട്ടോക്കോൾ ഒപ്പുവച്ചത് 1987 സെപ്റ്റംബർ 16നാണ്. 1994ൽ യുഎൻ പൊതുസഭ സെപ്റ്റംബർ 16 ഓസോൺ പാളി സംരക്ഷിക്കുന്നതിനുള്ള രാജ്യാന്തരദിനമായി പ്രഖ്യാപിച്ചു. Montreal Protocol – keeping us, our food and vaccines cool എന്നതാണ് ഈ വർഷത്തെ പ്രമേയം. ആഗോളതാപനത്തിന് എതിരായ പോരാട്ടത്തിൽ മോൺട്രിയോൾ പ്രോട്ടോക്കോൾ എത്ര പ്രസക്തമാണെന്ന് അത് ഓർമിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ തോത് കുറയ്ക്കുന്നതിലും ഊർജക്ഷമതയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിലും അതിനുള്ള പ്രാധാന്യത്തെയും അത് എടുത്തുകാട്ടുന്നു. വാക്സീനുകൾ അനിവാര്യതയായി മാറിയ ഒരുകാലത്ത് പ്രോട്ടോക്കോളിന്റെ അനിവാര്യതയെന്തെന്നും ഈ പ്രമേയം നമ്മോടു പറയുന്നു.
കാവലിന് ലോകമാകെ
1985ലെ വിയന്ന കൺവൻഷൻ ഓസോൺ സംരക്ഷണത്തിന്റെ ആദ്യ ചുവടുവയ്പുകളിൽ ഒന്നായിരുന്നു. രണ്ടുവർഷത്തിനു ശേഷം നടന്ന മോൺട്രിയോൾ പ്രോട്ടോക്കോൾ ഈ ശ്രമങ്ങളെ ഏറെ മുന്നോട്ടുകൊണ്ടുപോയി. സിഎഫ്സി വ്യാവസായികമായി ഉപയോഗിക്കുന്നതു കുറച്ചുകൊണ്ടുവരാനും ക്രമേണ ഇല്ലാതാക്കാനും തീരുമാനിച്ചത് അവിടെവച്ചാണ്. ഏറ്റവും അധികം ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് യുഎസ് പോലുള്ള വികസിത രാജ്യങ്ങളാണ്. സിഎഫ്സി പൂർണമായി ഒഴിവാക്കുന്നത് ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് വലിയ വെല്ലുവിളിയാണ്. ചെലവേറിയവയാണ് ഇതിനു പകരം വയ്ക്കാവുന്ന വാതകങ്ങൾ എന്നതാണു കാരണം.