അലൂമിനിയം ഫ്രെയിം, ഉപയോഗശൂന്യമായ പേന, സി.ഡി., കുപ്പിയുടെ അടപ്പ്, ഐസ് ക്രീം സ്റ്റിക്ക്, തുടങ്ങിയവ ഉപയോഗിച്ചാണ് കാക്കാഴം ഗവൺമെൻറ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ഇൻസാഫ് ഡ്രോൺ നിർമിച്ചത്

August 28, 2022 - By School Pathram Academy

ഉപയോഗശൂന്യമായ വസ്തുക്കളും മൊബൈൽ ക്യാമറയും ഉപയോഗിച്ച് ഡ്രോൺ നിർമിച്ച കൊച്ചു മിടുക്കൻ മുഹമ്മദ് ഇൻസാഫ് കഴിഞ്ഞ ദിവസം ക്യാമ്പ് ഹൗസിലെത്തി  ആലപ്പുഴ ജില്ലാ കളക്ടറെ  സന്ദർശിച്ചു. മൂന്ന് തവണ പരാജയപ്പെട്ട ശേഷം നാലാം തവണയാണ് ഇൻസാഫ് നിർമിച്ച ഡ്രോൺ പറന്നുയർന്നത്.

 

തോൽവികളിൽ പതറാതെ തുടർച്ചയായി കഠിനാധ്വാനം ചെയ്താൽ വിജയത്തിലേക്ക് എത്തുമെന്ന സന്ദേശം കൂടിയാണ് ഈ മിടുക്കൻ നൽകുന്നത്.

 

അലൂമിനിയം ഫ്രെയിം, ഉപയോഗശൂന്യമായ പേന, സി.ഡി., കുപ്പിയുടെ അടപ്പ്, ഐസ് ക്രീം സ്റ്റിക്ക്, തുടങ്ങിയവ ഉപയോഗിച്ചാണ് ഡ്രോൺ നിർമിച്ചിരിക്കുന്നത്. 90 കിലോമീറ്റർ വരെ വേഗത്തിൽ 600 മീറ്റർ ചുറ്റളവിൽ വരെ പറക്കാൻ ഈ ഡ്രോണിന് സാധിക്കും.

 

കാക്കാഴം ഗവൺമെൻറ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ഇൻസാഫ് നീർക്കുന്നം ഇനായത്ത് മൻസിലിൽ അൻസിലിൻറേയും സുൽഫിയയുടേയും മകനാണ്. നുസ്ഹ ഫാത്തിമ സഹോദരിയാണ്.

 

പ്രിയപ്പെട്ട കുട്ടികളെ,

ഇൻസാഫിനെ പോലെ നിങ്ങൾക്ക് എല്ലാവർക്കും നിങ്ങളുടെ ഇഷ്ട മേഖലകളിൽ മികവ് തെളിയിക്കാൻ സാധിക്കട്ടേയെന്ന് ആശംസിക്കുന്നു.

കളക്ടർ

ആലപ്പുഴ ജില്ല

 

Category: NewsSchool News