എന്താണ് SSLC ?

March 27, 2022 - By School Pathram Academy

കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് പത്താം തരത്തിൽ കേരള സ്കൂൾ സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തുന്ന പരീക്ഷയാണ് സെക്കന്ററി സ്കൂൾ ലീവിങ്ങ് സർട്ടിഫിക്കറ്റ്(Secondary School Leaving Certificate) അഥവാ എസ്.എസ്.എൽ.സി.

ഇന്ത്യൻ വിദ്യാഭ്യാസ വ്യവസ്ഥയുടെ ഭാഗമായി 5 വർഷത്തെ പ്രാഥമികവിദ്യാഭ്യാസത്തിന്റെയും (Primary Schooling) അഞ്ചു വർഷത്തെ സെക്കന്ററി വിദ്യാഭ്യാസത്തിന്റെയും അവസാനം നടത്തുന്നു എന്നതിനാലാണ് ഈ പേരിൽ ഇത് അറിയപ്പെടുന്നത്.

എല്ലാ വർഷവും മാർച്ച് മാസത്തിലാണ് ഈ പരീക്ഷ നടത്തുന്നത്. കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഒരൊറ്റ ചോദ്യപ്പേപ്പറും, കേന്ദ്രീകൃത മൂല്യനിർണ്ണയ രീതിയുമാണ് ഈ പരീക്ഷക്കുള്ളത്. സ്റ്റേറ്റ് കൗൺസിൽ എജ്യുക്കേഷൻ റിസേർച്ച് ആന്റ് ട്രയിനിങ്ങ് (State Council Educational Research and Training‌) അഥവാ എസ് സി ഇ ആർ ടി (SCERT) തയ്യാറാക്കിയ സിലബസ്സിനെ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തുന്നത്.

എസ് എസ് എൽ സി ലഭിച്ച ഒരു വിദ്യാർത്ഥിക്ക് പ്രാഥമികവിദ്യാഭ്യാസം ലഭിച്ചതായി കണക്കാക്കപ്പെടുന്നു. സ്കൂൾ അംഗീകാരം നേടിയിട്ടുള്ള ബോർഡ് (കേരളത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് , കേരള) നടത്തുന്ന ഈ പരീക്ഷ , പ്രീ ഡിഗ്രി , പ്ലസ് റ്റു മറ്റു തത്തുല്യ സർവകലാശാലാ വിദ്യാഭ്യാസങ്ങൾക്ക് യോഗ്യതയായി കണക്കാക്കപ്പെടുന്നു . ഈ കാരണത്താൽ ഒരു വിദ്യാർത്ഥി അഭിമുഖീകരിക്കുന്ന പ്രഥമ പ്രധാന പരീക്ഷയായി എസ് എസ് എൽ സിയെ പലപ്പോഴും കണക്കാക്കാറുണ്ട്.

കേരളത്തിലെ വിദ്യഭ്യാസ കലണ്ടർ ആരംഭിക്കുന്നത് ജൂണിലും അവസാനിക്കുന്നത് മാർച്ചിലുമാണ്. മാർച്ചിലാണ് എസ്.എസ്.എൽ.സി പരീക്ഷ നടത്തുന്നത്. 1986-1987 കാലഘട്ടത്തിൽ വിദ്യഭ്യാസപരിഷ്കരണ നടപടികളുടെ ഭാഗമായി പരീക്ഷയുടെ പേരിന് മാറ്റം വരുത്തി എസ്.എസ്.സി എന്നാക്കിയിരുന്നു. സെക്കന്ററി സ്കൂൾ സർട്ടിഫിക്കറ്റ്(Secondary School Certificate) എന്നാണ് മുഴുവൻ പേര്. പക്ഷേ 1987-1988 മുതൽ ഈ പരിഷ്കാരം പിൻവലിച്ച് എസ്.എസ്.എൽ.സി എന്ന് തന്നെയാക്കുകയും ചെയ്തു.

ഗ്രേഡിംഗ് സിസ്റ്റം

2004-വരെ എസ്.എസ്.എൽ.സി. പരീക്ഷയിൽ റാങ്ക് ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് ഒന്നാം റാങ്ക് എന്ന രീതിയിലായിരുന്നു അത്. 2005-ൽ ഈ റാങ്ക് സമ്പ്രദായം എടുത്തുകളയുകയും പകരം ഗ്രേഡിംഗ് സമ്പ്രദായം നിലവിൽ വരികയും ചെയ്തു

Category: News