എസ്എസ്എല്‍സി പരീക്ഷ അവസാനിക്കുന്ന ദിവസം വിദ്യാര്‍ത്ഥികളുടെ ആഹ്ലാദ പ്രകടനങ്ങള്‍ അതിരുവിട്ടു പോകാതിരിക്കാന്‍ ജാഗ്രതാ നടപടികള്‍ സ്വീകരിക്കുക…

March 24, 2024 - By School Pathram Academy

എസ്എസ്എല്‍സി പരീക്ഷ അവസാനിക്കുന്ന ദിവസം വിദ്യാര്‍ത്ഥികളുടെ ആഹ്ലാദ പ്രകടനങ്ങള്‍ അതിരുവിട്ടു പോകാതിരിക്കാന്‍ ജാഗ്രതാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസര്‍.

മുന്‍ വര്‍ഷങ്ങളില്‍ പല സ്‌കൂളുകളിലും ഫര്‍ണിച്ചര്‍, ഫാന്‍ തുടങ്ങിയവ നശിപ്പിക്കുക, പടക്കം പൊട്ടിക്കുക, വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുക തുടങ്ങിയ പ്രവണതകള്‍ ഉണ്ടാകാറുണ്ട്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്ന് വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

പൊലീസ് സംരക്ഷണവും സ്‌കൂള്‍ പരിസരത്ത് ഉണ്ടാകും. എല്ലാ സ്‌കൂളുകളിലെയും പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ പരീക്ഷ അവസാനിക്കുന്ന സമയത്ത് സ്‌കൂളില്‍ എത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അമിത ആഹ്ലാദ പ്രകടനങ്ങള്‍ നടത്തി സ്‌കൂള്‍ സാമഗ്രികള്‍ നശിപ്പിച്ചാല്‍, ചെലവ് മുഴുവന്‍ രക്ഷിതാവില്‍ നിന്നും ഈടാക്കി മാത്രമേ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കൂവെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

എസ്എസ്എല്‍സി പരീക്ഷാ ഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍വിജിലേറ്ററില്‍ നിന്ന് പരീക്ഷാ സ്‌ക്വാഡ് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതായും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. ഒരു സ്‌കൂളിലെ പരീക്ഷാ ഹാളിലെ ഇന്‍വിജിലേറ്ററില്‍ നിന്നാണ് ഫോണ്‍ കണ്ടെടുത്തത്. തുടര്‍ന്ന് ഇന്‍വിജിലേറ്ററെ പരീക്ഷാ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കി ഉത്തരവിറക്കി. പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്ന് ഉപയോഗിക്കരുതെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശക്തമായ താക്കീത് അവഗണിച്ച് ഹാളില്‍ മൊബൈല്‍ ഫോണ്‍ സൂക്ഷിച്ച അധ്യാപികയ്ക്കും സെന്ററിലെ ചീഫ് സൂപ്രണ്ടിനും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടിനും എതിരെ മാതൃകാപരമായ അച്ചടക്ക നടപടി സ്വീകരിക്കും. പരീക്ഷ അവസാനിക്കുന്ന തിങ്കളാഴ്ചയും മൂന്ന് വ്യത്യസ്ത സ്‌ക്വാഡുകള്‍ വിദ്യാഭ്യാസ ജില്ലയില്‍ ഉടനീളം ഉണ്ടാകുമെന്നും വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു.

മറ്റൊരു ജില്ലയിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ കുട്ടികളെ ഉത്തരമെഴുതി സഹായിച്ച ചീഫ് സൂപ്രണ്ടിനെ കൈയോടെ പിടികൂടി. ഒരു ഹയർസെക്കൻഡറി സ്കൂളിൽ ബുധനാഴ്ചയാണ് സംഭവം. കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങൾക്ക് ചീഫ് സൂപ്രണ്ടുതന്നെ ഉത്തരങ്ങളെഴുതി വിദ്യാർഥികൾക്കു കൈമാറുകയായിരുന്നു. ഇതേ സ്കൂളിൽ മറ്റൊരു ഹാളിൽ മൂന്നു വിദ്യാർഥികൾ പുസ്തകം നോക്കി ഉത്തരമെഴുതുന്നതും പരീക്ഷാ സ്ക്വാഡ് പിടികൂടി.

ഗുരുതരക്രമക്കേട് ചൂണ്ടിക്കാട്ടി ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ഇൻവിജിലേറ്റർ, ഓഫീസ് അസിസ്റ്റന്റ് എന്നിവർക്ക് കാരണംകാണിക്കൽ നോട്ടീസും നൽകി. ക്രമക്കേട് നടക്കുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനാൽ പരീക്ഷാഭവൻ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സ്കൂളിലെത്തുകയായിരുന്നു. പിൻബെഞ്ചിലിരിക്കുന്ന കുട്ടികൾക്കാണ് ചീഫ് സൂപ്രണ്ട് നേരിട്ട് ഉത്തരങ്ങളെഴുതി കൈമാറുന്നതു കണ്ടത്.

ചിക്കൻ പോക്സ് ബാധിച്ചെന്ന പേരിൽ പ്രത്യേക ഹാളിൽ പരീക്ഷയ്ക്കിരുന്ന മൂന്നു വിദ്യാർഥികളാണ് പുസ്തകങ്ങൾ നോക്കി പരീക്ഷയെഴുതുന്നത് കണ്ടത്. ഓഫീസ് അസിസ്റ്റന്റാണ് പുസ്തകം എത്തിച്ചുനൽകിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. ചീഫ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ നീക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് നിർദേശം നൽകി.

Category: News