ഒറ്റകാലില്‍ 10 സെക്കന്‍ഡ് നില്‍ക്കാന്‍ സാധിക്കുമോ? ഇല്ലെങ്കില്‍ അടുത്ത 10 വര്‍ഷത്തില്‍ മരിക്കാന്‍ സാധ്യത
ഒറ്റ കാലില്‍ ബാലന്‍സ് ചെയ്ത് 10 സെക്കന്‍ഡ് എങ്കിലും നില്‍ക്കാന്‍ സാധിക്കാത്തവര്‍ അടുത്ത ഒരു ദശാബ്ദത്തിനിടെ മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ന്യൂയോര്‍ക്ക് സര്‍വകലാശാല നടത്തിയ പഠനം വെളിപ്പെടുത്തി. ഇത്തരത്തിലുള്ള ഒറ്റ കാലിലെ നില്‍പ്പ് പ്രായമായവരുടെ പൊതുവായ ആരോഗ്യത്തെ സംബന്ധിച്ച ചില സൂചനകള്‍ നല്‍കുമെന്ന് സര്‍വകലാശാലയുടെ ഫിസിക്കല്‍ തെറാപ്പി വിഭാഗം നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി.
പ്രായമാകും തോറും നമ്മുടെ മെയ്യ് വഴക്കവും ബാലന്‍സും കുറഞ്ഞ് വരാറുണ്ട്. 50 വയസ്സ് പിന്നിട്ടാല്‍ ശരീരത്തിന്‍റെ ബാലന്‍സ് നിലനിര്‍ത്തുകയെന്നത് ബുദ്ധിമുട്ടേറിയ ജോലിയാണ്. ബാലന്‍സ് ഇല്ലായ്മയെ തുടര്‍ന്നുണ്ടാകുന്ന വീഴ്ചകള്‍ ആഗോള തലത്തിലെ പരുക്കേറ്റുള്ള മരണങ്ങളുടെ രണ്ടാമത്തെ കാരണമാണ്. ഓരോ വര്‍ഷവും 37 ദശലക്ഷം വീഴ്ചകളെങ്കിലും വൈദ്യസഹായം ആവശ്യമുള്ള തരത്തില്‍ ഗൗരവേറിയതാണെന്ന് കണക്കാക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ബാലന്‍സ് പരിശോധനകള്‍ പ്രായമായവരുടെ വാര്‍ഷിക ചെക്കപ്പുകളില്‍ പലപ്പോഴും ഇടം പിടിക്കാറില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ അസോഷ്യേറ്റ് പ്രഫസര്‍ അനറ്റ് ലുബെറ്റ്സ്കി പറഞ്ഞു.
51നും 75നും ഇടയില്‍ പ്രായമുള്ള 1702 രോഗികളിലാണ് സര്‍വകലാശാല ഒറ്റ കാലില്‍ നില്‍ക്കാനുള്ള ശേഷി പരിശോധിക്കുന്ന പഠനം നടത്തിയത്. 61 വയസ്സായിരുന്നു ഇവരുടെ ശരാശരി പ്രായം. ഇവരില്‍ മൂന്നില്‍ രണ്ടും പുരുഷന്മാരും ആയിരുന്നു. ഒരു കാലില്‍ നിന്നു കൊണ്ട് സ്വതന്ത്രമായ മറ്റേ കാല്‍ ഒരു കാലിന്‍റെ പിന്നില്‍ വയ്ക്കാനും കൈകള്‍ വശത്തേക്കും ദൃഷ്ടി നേരെയുമായി ഉറപ്പിക്കാനും ഇവരോട് ഗവേഷകര്‍ ആവശ്യപ്പെട്ടു. മൂന്ന് അവസരങ്ങളാണ് ഇവര്‍ക്ക് നല്‍കിയത്. പങ്കെടുത്തവരില്‍ 20 ശതമാനം പേര്‍ക്കും ഈ ടാസ്ക് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവരുടെ എണ്ണം പ്രായത്തിനനുസരിച്ച് വര്‍ധിച്ചു. 51നും 55നും ഇടയിലുള്ള 5 ശതമാനം പേരും, 56നും 60നും ഇടയിലുള്ള 8 ശതമാനം പേരും 61നും 65നും ഇടയിലുള്ള 18 ശതമാനം പേരും 66നും 70നും ഇടയിലുള്ള 37 ശതമാനം പേരും 71നും 75നും ഇടയിലുള്ള 54 ശതമാനം പേരും പ്രയത്നത്തില്‍ പരാജയപ്പെട്ടു. ഇതില്‍ നിന്നാണ് ഒറ്റ കാലില്‍ നില്‍ക്കാന്‍ കഴിയാത്തവരുടെ അടുത്ത ദശകത്തിലെ മരണസാധ്യത 84 ശതമാനം അധികമാണെന്ന് കണ്ടെത്തിയത്.
സാധാരണ ഗതിയില്‍ അൻപതുകളിലുള്ള ഒരാള്‍ക്ക് 40 സെക്കന്‍ഡ് വരെയും 60കളില്‍ ഉള്ളവര്‍ക്ക് 20 സെക്കന്‍ഡ് വരെയും ഏഴുപതുകളില്‍ ഉള്ളവര്‍ക്ക് 10 സെക്കന്‍ഡ് വരെയുള്ള ഒറ്റകാലില്‍ ബാലന്‍സ് ചെയ്ത് നില്‍ക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. നാഡീവ്യൂഹപരമായ പ്രശ്നങ്ങളും എല്ലുകളുടെ ആരോഗ്യവും കാഴ്ചയും ധാരണശേഷിയും പ്രതികരിക്കാനുള്ള സമയവും ജീവിതശൈലിയുമെല്ലാം ഒരാളുടെ ബാലന്‍സിനെ നിര്‍ണയിക്കുന്ന കാര്യങ്ങളാണെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. ഇതിനാലാണ് ഒറ്റ കാലില്‍ നില്‍ക്കാനുള്ള ശേഷി മൊത്തത്തിലുള്ള ആരോഗ്യത്തിന്‍റെ സൂചനയായി കണക്കാക്കുന്നത്. ഈ പരീക്ഷണത്തില്‍ പരാജയപ്പെട്ടവരില്‍ അമിതവണ്ണം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ ഉയര്‍ന്ന തോതിലായിരുന്നു എന്നും ഗവേഷകര്‍ നിരീക്ഷിച്ചു. ഇവരിലെ പ്രമേഹം മറ്റുള്ളവരെ അപേക്ഷിച്ച് മൂന്ന് മടങ്ങ് അധികമായിരുന്നു.
ഒറ്റകാലില്‍ നില്‍ക്കാനുള്ള ശേഷിക്ക് പുറമേ വസ്തുക്കള്‍ പിടിച്ച് കൊണ്ട് നില്‍ക്കാനുള്ള ശേഷി, നടത്തത്തിന്‍റെ വേഗത, കസേരയില്‍ ഇരുന്നിട്ട് എഴുന്നേല്‍ക്കാനുള്ള സമയം എന്നിങ്ങനെയുള്ള പ്രതിദിന ടാസ്കുകള്‍ ഉപയോഗിച്ച് പ്രായമായവരുടെ ആരോഗ്യത്തിന്‍റെ സ്ഥിതി നിര്‍ണയിക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.