‘കഴിഞ്ഞ ഡിസംബറിൽ നടത്തിയ പരിശോധനയിൽ വലത്തേ ശബ്ദനാളിയിൽ നിന്നു തൊണ്ടയുടെ കൂടുതൽ ഭാഗങ്ങളിലേക്ക് കാൻസർ പടരുന്നതു കണ്ടെത്തിയതോടെയാണ് ആശങ്കയേറിയത് . ഇന്നലെ തിരിച്ചുവരാനാകാത്തിടത്തേക്കു കൊണ്ടുപോയി’

July 19, 2023 - By School Pathram Academy

തിരഞ്ഞെടുപ്പു യോഗങ്ങളിൽ പ്രസംഗിക്കാനുണ്ടെന്നും അതുകഴിഞ്ഞുവരാമെന്നും അറിയിച്ച് കോൺഗ്രസിന്റെ ഏറ്റവും വലിയ ക്രൗഡ്പുള്ളർ തിരുവനന്തപുരം മുതൽ കാസർകോടു വരെ യുഡിഎഫ് സ്ഥാനാർഥികൾക്കു വേണ്ടി പ്രചാരണത്തിനിറങ്ങി.

തിരഞ്ഞെടുപ്പു കഴിഞ്ഞു. സെപ്റ്റംബറിലും ഒക്ടോബറിലുമായി തിരുവനന്തപുരത്തും ദുബായിലും വിശദമായ പരിശോധനകൾ. സംശയകരമായ വളർച്ചയാണെന്നു കണ്ടതോടെ 2019 നവംബറിൽ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ബയോപ്സി പരിശോധന നടത്തി. കൂടുതൽ ഭാഗങ്ങളിലേക്കു പടരാനിടയുള്ള കാൻസർ വളർച്ചയാണെന്നായിരുന്നു റിപ്പോർട്ട്. ഇനി വേണ്ടത് കീമോതെറപ്പിയാണെന്നു ഡോക്ടർമാർ നിർദേശിച്ചു. ഉമ്മൻ ചാണ്ടിയും കുടുംബവും തിരുവനന്തപുരത്തേക്കു മടങ്ങി. റീജനൽ കാൻസർ സെന്ററിൽ തുടർ‌ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതിനു പിന്നാലെ വില്ലനായി ഡെങ്കിപ്പനിയെത്തി. ശാരീരിക അവശത കാരണം കീമോതെറപ്പി ഉടൻ ആരംഭിക്കാൻ കഴിയാത്ത അവസ്ഥയായി. ആ ഇടവേളയിൽ അദ്ദേഹം അലോപ്പതി ചികിത്സ മാറ്റിവച്ച് ആയുർവേദ മരുന്നുകളിലേക്കു മടങ്ങിപ്പോയി.

തുടർന്ന്, ഉമ്മൻ ചാണ്ടിയും കുടുംബവും വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്കു പോയി. അവിടെ നടത്തിയ പരിശോധനകളിൽ കാൻസർ വളർച്ച കാണാനില്ലെന്നായിരുന്നു റിപ്പോർട്ട്. തിരിച്ചെത്തി കോട്ടയത്തെ ചെറിയാൻ ആശ്രമം ഹോളിസ്റ്റിക് സെന്ററിൽ നടത്തിയ എൻഡോസ്കോപ്പിയിലും വളർച്ച കണ്ടെത്താനായില്ല. ചികിത്സകളൊന്നുമില്ലാതെ 2020 ൽ ഉമ്മൻ ചാണ്ടി താരതമ്യേന ഉന്മേഷവാനായി. 2021 ഏപ്രിലിൽ കോവിഡ് പിടികൂടി. പിന്നാലെ വീണ്ടും വില്ലനായി ശബ്ദതടസ്സമെത്തി.

2022 ഫെബ്രുവരിയിൽ കൊച്ചിയിൽ നടത്തിയ പരിശോധനയിൽ വലത്തേ ശബ്ദനാളിയിൽ വീണ്ടും വളർച്ച തിരിച്ചറിഞ്ഞു. കീമോതെറപ്പിയിലേക്കു കടക്കാൻ ഡോക്ടർമാർ നിർദേശിച്ചു. പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്കു പോയി. കീമോതെറപ്പിക്കു പകരം ലേസർ രശ്മികൾ കൊണ്ടു കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന ചികിത്സയ്ക്കു (ലേസർ സർജിക്കൽ ഡീബൾക്കിങ്) ശേഷം ഉമ്മൻ ചാണ്ടിയെ ബെംഗളൂരുവിലെ എച്ച്സിജി ആശുപത്രിയിലെത്തിച്ചു.

കഴിഞ്ഞ ഡിസംബറിൽ നടത്തിയ പരിശോധനയിൽ വലത്തേ ശബ്ദനാളിയിൽ നിന്നു തൊണ്ടയുടെ കൂടുതൽ ഭാഗങ്ങളിലേക്ക് കാൻസർ പടരുന്നതു കണ്ടെത്തിയതോടെയാണ് ആശങ്കയേറിയത്. പിന്നാലെ ഭക്ഷണം പൂർണമായി കുഴലിലൂടെയാക്കി. കീമോതെറപ്പി താങ്ങാനാകുമോ എന്ന ആശങ്ക കാരണം അത് ഒഴിവാക്കി. പകരം പോഷകങ്ങൾ നൽകി ആരോഗ്യം നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു ഡോക്ടർമാർ. ആൾക്കൂട്ടത്തിനു നടുവിൽ ജീവിച്ച ആ അദ്ഭുതമനുഷ്യനെ 8 വർഷം പറ്റിച്ച കാൻസർ, അവസാനം ആശുപത്രിയിലും വീട്ടിലുമായി ചുരുക്കി. ഇന്നലെ തിരിച്ചുവരാനാകാത്തിടത്തേക്കു കൊണ്ടുപോയി.

Category: News