കുട്ടികളുടെ പ്രായവും, മാനസിക-വൈകാരിക അവസ്ഥകളും പരിഗണിക്കാതെ അച്ചടക്ക പരിപാലന കേന്ദ്രങ്ങളായി മാറുന്നു എന്ന ആശങ്കയുടെ സാഹചര്യത്തിലാണ് കമ്മീഷൻ സ്വമേധയാ നടപടി സ്വീകരിച്ച് ഉത്തരവായത്
സംസ്ഥാനത്തെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ ജീവനക്കാർ കുട്ടികളോട് സഹാനുഭൂതിയോടെയും സൗഹാർദ്ദപരമായും ഇടപഴകണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവായി.
ഇത് ഉറപ്പുവരുത്താൻ വനിതാ-ശിശു വികസന വകുപ്പ് സെക്രട്ടറിയും ഡയറക്ടറും ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നും കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ്കുമാറും അംഗം റെനി ആന്റണിയും ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് നിർദ്ദേശം നൽകി.
മാസത്തിലൊരിക്കൽ എല്ലാ നിർഭയ ഹോമുകളും വനിതാ-ശിശു വികസന വകുപ്പ് സ്റ്റേറ്റ് കോ-ഓർഡിനേറ്ററുടെ മേൽനോട്ടത്തിൽ സന്ദർശിക്കണം.
കുട്ടികളുമായി ആശയവിനിമയം നടത്തി കമ്മീഷന് റിപ്പോർട്ട് നൽകണം.
നിർഭയ ഹോമുകളിലെ പ്രവർത്ത മാർഗ്ഗരേഖ സംബന്ധിച്ച് മാതൃഭാഷയിലുളള കൈപ്പുസ്തകം എല്ലാ ഹോമുകളിലെ ജീവനക്കാർക്കും കുട്ടികൾക്കും ലഭ്യമാക്കുകയും ഇതിന്റെ നടപ്പാക്കൽ വനിതാ-ശിശു വികസന വകുപ്പ് സെക്രട്ടറിയും ഡയറക്ടറും സ്റ്റേറ്റ് കോ-ഓർഡിനേറ്ററും ഉറപ്പുവരുത്തുകയും വേണം.
അതിജീവിതർക്ക് ബുദ്ധിമുട്ടുകൾ എഴുതിയിടുന്നതിന് പെട്ടി സ്ഥാപിക്കണം.
മാസത്തിൽ രണ്ട് തവണ ജില്ലാ ശിശു സംരക്ഷണ ഓഫീസർമാർ അവ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുന്നതിന് വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
കൊട്ടിയം അസ്സീസി വുമൺ ആന്റ് ചിൽഡ്രൻ ഹോമിൽ നിന്ന് മാർച്ച് 24ന് പെൺകുട്ടികൾ പോയതുമായി ബന്ധപ്പെട്ട് കമ്മീഷൻ സ്വമേധയാ നടപടി സ്വീകരിച്ചിരുന്നു.
കേസിനാധാരമായ റിപ്പോർട്ടുകളെല്ലാം വിശദമായി പരിശോധിച്ച കമ്മീഷൻ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് നിരീക്ഷിച്ചു.
ഈ കാലയളവിൽ സംസ്ഥാനത്തെ വിവിധ ഹോമുകൾ കമ്മീഷൻ സന്ദർശിച്ചു. വളരെ മികച്ച രീതിയിൽ നടത്തുന്ന സ്ഥാപനങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നു.
എന്നാൽ ചില ഹോമുകളെങ്കിലും കുട്ടികളുടെ പ്രായവും, മാനസിക-വൈകാരിക അവസ്ഥകളും പരിഗണിക്കാതെ അച്ചടക്ക പരിപാലന കേന്ദ്രങ്ങളായി മാറുന്നു എന്ന ആശങ്കയുടെ സാഹചര്യത്തിലാണ് കമ്മീഷൻ സ്വമേധയാ നടപടി സ്വീകരിച്ച് ഉത്തരവായത്.