കുട്ടികളുടെ സുരക്ഷ ; രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: 3

രക്ഷിതാക്കള്‍
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1) കുട്ടി സ്‌കൂളിലെത്തേണ്ടത് വാഹനത്തിലാണെങ്കില്‍ അതിനായുള്ള സുരക്ഷിതമായ വാഹന സൗകര്യം ഉറപ്പുവരുത്തണം. സ്‌കൂള്‍ബസുകളെ ആശ്രയിക്കുന്നവര്‍ നിര്‍ബന്ധമായും ബസ് ഡ്രൈവര്‍, ബസ്സിലെ മറ്റു ജീവനക്കാര്‍, ബസ്സിന്റെ കാര്യങ്ങള്‍ നോക്കുന്ന ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ നമ്പരുകള്‍ സൂക്ഷിക്കേണ്ടതും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഇവരെ ബന്ധപ്പെടേണ്ടതുമാണ്. കൂടാതെ കുട്ടിയുടെ ഡയറിയില്‍ വീട് അഡ്രസ്സ്, രക്ഷിതാവിന്റെ ഫോണ്‍ നമ്പര്‍, അടുത്തുളള പോലീസ് സ്റ്റേഷന്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണം. നിങ്ങളുടെ ഫോണ്‍ നമ്പര്‍ കുട്ടിക്ക് മനഃപാഠമായിരിക്കണം. അപരിചിതരായവരോട് ഇക്കാര്യങ്ങള്‍ പങ്കുവയ്ക്കരുതെന്ന് പ്രത്യേകം നിഷ്‌കര്‍ഷിക്കാം.
2) വീട്ടില്‍ നിന്നും പുറപ്പെടുമ്പോഴും തിരികെ എത്തിക്കഴിഞ്ഞും സ്‌കൂള്‍ ബാഗ് പരിശോധിക്കുക. അസ്വാഭാവികമായി എന്തെങ്കിലും സാധനങ്ങളോ വിലപിടിപ്പുളള വസ്തുക്കളോ കണ്ടാല്‍ കുട്ടിയോടും ടീച്ചറോടും അന്വേഷിച്ച് ഉറപ്പുവരുത്തണം.
3) കുട്ടികള്‍ക്ക് ആവശ്യമായ തുകമാത്രം നല്‍കുക. പോക്കറ്റ് മണിയായി കൂടുതല്‍ പണം അനിവാര്യമാണെങ്കില്‍ മാത്രം നല്‍കുക. ആവശ്യമായ സാധനങ്ങള്‍ വാങ്ങി നല്‍കുക. കുട്ടി സ്‌കൂളില്‍ നല്കുന്നതിനായി പണം ആവശ്യപ്പെടുമ്പോള്‍ കഴിയുമെങ്കില്‍ ടീച്ചറുമായി ബന്ധപ്പെട്ട് ആയത് ഉറപ്പുവരുത്തണം.
4) ഇടയ്ക്കിടെ കുട്ടി പഠിക്കുന്ന സ്‌കൂള്‍ സന്ദര്‍ശിക്കുക. ക്ലാസ്സ് ടീച്ചര്‍, പ്രഥമാധ്യാപകന്‍ എന്നിവരുമായി കുട്ടിയെക്കുറിച്ചുളള കാര്യങ്ങള്‍ പങ്കുവയ്ക്കണം.
5) കുട്ടി എന്തെങ്കിലും രോഗത്തിന് മരുന്ന് കഴിക്കുന്നുവെങ്കിലോ അപസ്മാരം പോലുളള അസുഖങ്ങള്‍ കുട്ടിക്ക് ഉണ്ടെങ്കിലോ അക്കാര്യം ക്ലാസ്സ് ടീച്ചറെയും ആവശ്യമെങ്കില്‍ അടുത്ത സഹപാഠികളെയും അറിയിക്കണം.
6) കുട്ടിയുടെ കൂട്ടുകാരുമായും അവരുടെ രക്ഷാകര്‍ത്താക്കളുമായും നല്ല ബന്ധം പുലര്‍ത്തണം. അനാവശ്യമായ കൂട്ടുകെട്ടുകളില്‍ നിന്നും അകന്ന് നില്‍ക്കാന്‍ ശീലിപ്പിക്കണം.