കുട്ടികളുടെ സുരക്ഷ ;സ്‌കൂള്‍ അധികാരികളും അദ്ധ്യാപകരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: 2

January 02, 2024 - By School Pathram Academy

സ്‌കൂള്‍ അധികാരികളും അദ്ധ്യാപകരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

1. സ്‌കൂളും പരിസരവും ക്ലാസ് മുറികളും വൃത്തിയായി സൂക്ഷിക്കുക. സ്‌കൂളിന് ചുറ്റുമതിലും ഗേറ്റും നിര്‍ബന്ധമായും വേണ്ടതുണ്ട്. കഴിയുമെങ്കില്‍ ഒരു സെക്യൂരിറ്റി ഗാര്‍ഡിനെ ഗേറ്റില്‍ കാവല്‍ ഏല്‍പ്പിക്കുന്നതും ഏറ്റവും ഉചിതമാണ്. പുറത്ത് നിന്നും ആളുകളുടെ പ്രവേശനം മതിയായ പരിശോധനയ്ക്ക് ശേഷമേ അനുവദിക്കാവൂ.

 

2. എല്ലാ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മറ്റു ജീവനക്കാരും തിരിച്ചറിയാന്‍ ഉതകുന്ന വിധം ഐഡന്റിറ്റി കാര്‍ഡുകള്‍ ധരിച്ചു മാത്രം സ്‌കൂളില്‍ പ്രവേശിക്കുന്നത് സുരക്ഷയെ സഹായിക്കും. ഓരോ ക്ലാസ് ടീച്ചറും തന്‍റെ വിദ്യാര്‍ത്ഥികളെക്കുറിച്ച് വിശദവിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുക. കുട്ടിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും രക്ഷിതാക്കളുമായി പങ്കുവയ്ക്കുക. അസ്വാഭാവികമായ പെരുമാറ്റമോ ശാരീരിക ക്ഷീണമോ കാണുകയാണെങ്കില്‍ അതിനെക്കുറിച്ച് അന്വേഷിച്ച് മനസ്സിലാക്കുക.

 

3. സ്ഥിരമായി ബസ്സില്‍ വരുന്ന ഒരു കുട്ടി എത്തിയിട്ടില്ല എങ്കില്‍ ആ രക്ഷിതാവുമായി ബന്ധപ്പെട്ട് അന്വേഷിക്കുക. ഇതിനായി ഏതെങ്കിലും അധ്യാപകരെ ചുമതലപ്പെടുത്താവുന്നതാണ്. 

 

4. ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനു മുന്‍പും അവസാനിച്ച ശേഷവും ഓരോ ക്ലാസ്സ് മുറിയും ചുമതലപ്പെടുത്തപ്പെട്ട ഒരാള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം.

 

5. ക്ലാസ്സില്‍ നിന്ന് ഏതെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങുന്ന കുട്ടി തിരികെ നിശ്ചിത സമയത്തിനുള്ളില്‍ എത്തിയെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം.

 

6. പരസ്പരമുള്ള സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കുട്ടികളെ രണ്ടോ മൂന്നോ പേരുള്ള ഗ്രൂപ്പുകളായി തിരിച്ച് ചുമതല നല്കുന്നത് ഉചിതമായിരിക്കും.

 

7. സ്‌കൂള്‍ അധികൃതര്‍ നേരിട്ട് നിയമനങ്ങള്‍ നടത്തുമ്പോള്‍ അവരെക്കുറിച്ച് നന്നായി അന്വേഷിച്ച് മനസ്സിലാക്കിയശേഷം മാത്രം നിയമനം നടത്തണം. അധ്യാപകരെക്കുറിച്ച് എന്തെങ്കിലും പരാതികള്‍ വരുമ്പോള്‍ തള്ളിക്കളയാതെ ഗൗരവപൂര്‍വ്വം അന്വേഷിച്ച് നടപടി സ്വീകരിക്കണം.

 

8. കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നതിന് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒരു കൗണ്‍സിലറെ ചുമതലപ്പെടുത്തണം. കൃത്യമായ ഇടവേളകളില്‍ ഇവര്‍ കുട്ടികളുമായി സംവദിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യണം. 

 

9. രക്ഷിതാക്കളുടെ ആവശ്യപ്രകാരമല്ലാതെ സ്‌കൂള്‍ സമയത്ത് ഒരു കാരണവശാലും കുട്ടികളെ പുറത്തേക്ക് പോകാന്‍ അനുവദിക്കരുത്. സ്‌കൂളില്‍ നിന്ന് ഏതെങ്കിലും കാരണത്താല്‍ പണവും മറ്റും ആവശ്യപ്പെടുകയാണെങ്കില്‍ അത് ഡയറിയില്‍ എഴുതിയോ മറ്റുവിധത്തിലോ രക്ഷിതാവിനെ അറിയിക്കേണ്ടതാണ്. 

 

10. കുട്ടികളുടെ ബാഗുകളില്‍ നിന്ന് അസ്വാഭാവികമായ വസ്തുക്കളോ പണമോ മയക്കുമരുന്നു പോലുള്ള വസ്തുക്കളോ കണ്ടെത്തിയാല്‍ വിശദമായി അന്വേഷിക്കുകയും രക്ഷിതാവിനെ അറിയിക്കുകയും ചെയ്യേണ്ടതാണ്.

 

11. സ്‌കൂളില്‍ വൃത്തിയും വെടിപ്പുമുളള ശൗചാലയങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ്. പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ (സാനിട്ടറി നാപ്കിന്‍ വെന്‍ഡര്‍, ഇന്‍സിനേറ്റര്‍ മുതലായവ) ലഭ്യമാക്കേണ്ടതുണ്ട്. അടിയന്തരഘട്ടങ്ങളില്‍ വേണ്ട പ്രാഥമിക ചികില്‍സാ സൗകര്യങ്ങളും ലഭ്യമായിരിക്കണം.  

 

12. ഇടയ്ക്കിടെ അധ്യാപക-രക്ഷാകര്‍തൃ സമിതി യോഗങ്ങള്‍ കൂടി സ്ഥിതിഗതികള്‍ വിലയിരുത്തണം.

 

13. സ്‌കൂള്‍ കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. സ്‌കൂളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണം ഏറ്റവും സുരക്ഷിതമായി നല്‌കേണ്ടതാണ്. അപകടാവസ്ഥയിലുള്ള വൃക്ഷങ്ങള്‍ അപകടസാഹചര്യങ്ങളിലുള്ള നിര്‍മിതികളോ അങ്കണങ്ങളോ ഇല്ലായെന്ന് ഉറപ്പുവരുത്തണം. തീപിടുത്തത്തിനുള്ള സാധ്യത ഒഴിവാക്കുകയും ആവശ്യമായ സ്ഥലങ്ങളില്‍ ഫയര്‍ സേഫ്റ്റി ഉപകരണങ്ങള്‍ സ്ഥാപിക്കുകയും വേണം.

 

14. സ്‌കൂള്‍ ആരംഭിക്കുന്നതിനു മുന്‍പും ഉച്ചയ്ക്കുള്ള ഇടവേളയ്ക്കു ശേഷവും സ്‌കൂള്‍ പിരിഞ്ഞ ശേഷവും എന്നിങ്ങനെ ദിവസത്തില്‍ മൂന്നുനേരം സ്‌കൂള്‍ ടോയ്‌ലെറ്റുകള്‍ പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കണം.

 

15. ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് സ്‌കൂളുകളില്‍ പോലീസ് ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവരുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സുരക്ഷാ ഉപദേശക സമിതികള്‍ രൂപീകരിക്കുന്നത് ഏറെ (School Safety Adviosry Committees) പ്രയോജനപ്രദമായിരിക്കും.