ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി ; കാറില്‍ നിന്നിറങ്ങി ക്ഷുഭിതനായി ഗവര്‍ണര്‍

December 11, 2023 - By School Pathram Academy

തിരുവനന്തപുരം: അസാധാരണമായ സംഭവവികാസങ്ങള്‍ക്കു വേദിയായി തലസ്ഥാനനഗരി.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിച്ച് എസ്.എഫ്.ഐ പ്രതിഷേധം. ഗോ ബാക്ക് വിളികളുമായാണ് പ്രവർത്തകർ ഗവർണറെ നേരിട്ടത്.

വൈകീട്ട് കേരള സർവകലാശാല കാംപസിനു മുന്നിലാണു സംഭവം. ആക്രമണത്തിൽ ക്ഷുഭിതനായി ഗവർണർ കാറിൽനിന്ന് ചാടിയിറങ്ങി. പൊട്ടിത്തെറിച്ചാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. മുഖ്യമന്ത്രിയാണ് ആളുകളെ തനിക്കെതിരെ പ്രതിഷേധത്തിന് അയയ്ക്കുന്നതെന്ന് ആഞ്ഞടിക്കുകയും ചെയ്തു.

ഗവർണറെ പൊതുനിരത്തിൽ തടയുന്ന തരത്തിലുള്ള പ്രതിഷേധത്തിലേക്കു കടക്കുമെന്ന് എസ്.എഫ്.ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ വൈകീട്ട് രണ്ടിടങ്ങളിൽ പൊതുപരിപാടിക്കിടെ ഗവർണർക്കെതിരെ കരിങ്കൊടി പ്രയോഗമുണ്ടായി. ഇതിന്റെ തുടർച്ചയായാണ് ഇന്നും പ്രതിഷേധം തുടരുന്നത്.

വൈകീട്ട് കേരള യൂനിവേഴ്‌സിറ്റിക്കു മുൻപിലായിരുന്നു ആദ്യത്തെ പ്രതിഷേധം. 6.50ഓടെയാണ് ഗവർണർ ഡൽഹിയിലേക്കു പോകുന്നതിനായി രാജ്ഭവനിൽനിന്നു പുറപ്പെട്ടത്. വലിയ സുരക്ഷാസന്നാഹത്തിലായിരുന്നു ഗവർണറുടെ യാത്ര. എന്നാൽ, കേരള യൂനിവേഴ്‌സിറ്റിക്ക് സമീപം 20ഓളം വരുന്ന എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടികളും പ്ലക്കാർഡുകളുമായി ചാടിയിറങ്ങുകയായിരുന്നു. വാഹനത്തെ പിന്തുടർന്നും പ്രതിഷേധം തുടർന്നു. ‘ആർ.എസ്.എസ് ഗവർണർ ഗോ ബാക്ക്’ എന്നു വിളിച്ചാണ് പ്രവർത്തകർ ഗവർണറെ നേരിട്ടത്. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

പ്രതിഷേധിക്കുന്നത് ക്രിമിനലുകളാണെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്താൻ നോക്കേണ്ട. എസ്.എഫ്.ഐ എന്നെ ഒന്നും ചെയ്തിട്ടില്ല. അവർ റോഡിൽ നിൽക്കുന്നത് കണ്ട് ഞാൻ പുറത്തിറങ്ങി. എന്നെ ഭീഷണിപ്പെടുത്താൻ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെയും രൂക്ഷമായാണ് ഗവർണർ പ്രതികരിച്ചത്. മുഖ്യമന്ത്രിയും തന്നെ ആക്രമിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ഗുണ്ടാരാജ് അംഗീകരിക്കില്ല. മുഖ്യമന്ത്രിയാണ് ഈ ആളുകളെ അയക്കുന്നത്. എന്നെ ശാരീരികമായി ഉപദ്രവിക്കൽ തന്നെയാണ് അവരുടെ ലക്ഷ്യം. തിരുവനന്തപുരത്തിന്റെ റോഡുകൾ നടക്കുന്നത് ഗുണ്ടാഭരണമാണ്. അത് അനുവദിക്കില്ല. ഇത്തരം ഗുണ്ടായിസങ്ങൾ അനുവദിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Category: News