ദേശീയ ഹിന്ദി ​​ദിനം 2022: ഭാഷയുടെ ഉത്ഭവം, ചരിത്രം പിന്നെ പ്രാധാന്യവും

September 14, 2022 - By School Pathram Academy

ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രശസ്തി ആഘോഷിക്കുന്നതിനായി എല്ലാ വർഷവും സപ്തംബർ 14 ഹിന്ദി ദിനം (Hindi Divas) (हिन्दी दिवस) ആയി ആചരിച്ചുവരുന്നു. ഭാരത സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളതാണ് ഈ ദിനാഘോഷം.

1949 സപ്റ്റംബർ 14 ന് ആണ് ഹിന്ദി ഭാഷ ഔദ്യോഗിക ഭാഷയായും ദേവനാഗരിയെ ഔദ്യോഗിക ലിപിയായും ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ചത്. ഹിന്ദിഭാഷാ വിദഗ്ദ്ധനായിരുന്ന ബിയോഹർ രാജേന്ദ്ര സിൻഹയുടെ ജന്മദിനം കൂടിയാണ് സപ്തംബർ 14. അദ്ദേഹത്തിന്റേയും ഹസാരിപ്രസാദ് ദ്വിവേദി, കാകാ കലേൽക്കർ, മൈഥിലിശരൺ ഗുപ്ത, സേത് ഗോവിന്ദ് ദാസ് എന്നിവരുടേയും പ്രവർത്തനഫലമായി 1949 സപ്തംബർ 14 ന് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ അംഗീകരിച്ചു. 1950 ജനുവരി 26 ന് നിലവിൽ വന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 343 പ്രകാരം, ദേവനാഗരി ലിപിയിലെഴുതുന്ന ഹിന്ദി ഔദ്യോഗിക ഭാഷയായിത്തീർന്നു. ഇരുപത്തിരണ്ട് ഷെഡ്യൂൾഡ് ഭാഷകളിൽ; ഹിന്ദിയും, ഇംഗ്ലീഷും കേന്ദ്ര സർക്കാർ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഇരുപത്തഞ്ച് കോടിയിൽപ്പരം ആളുകൾ നേരിട്ടുപയോഗിക്കുന്ന ഹിന്ദി, ലോകത്ത് ഉപയോഗത്തിൽ നാലാം സ്ഥാനത്താണ്..

ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയായ ഡോ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാസമിതി 1949 സെപ്റ്റംബർ 14ന് ഹിന്ദിയെ ഇന്ത്യയുടെ ഭരണഭാഷയായി തെരഞ്ഞെടുത്തു. ഈ തീയതി പിന്നീട് ദേശീയ ഹിന്ദി ദിനായി മാറുകയായിന്നു.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 343 പ്രകാരം ദേവനാഗിരി ലിപിയിലെഴുതപ്പെട്ട ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ ഏകദേശം 250 ദശലക്ഷത്തിലധികം ആൾക്കാർ ഹിന്ദി സംസാരിക്കുന്നുവെന്നാണ് കണക്ക്. 2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 43.6 ശതമാനം ആൾക്കാർ ഹിന്ദി സംസാരിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും അധികം സംസാരിക്കുന്ന നാലാമത്തെ ഭാഷ എന്ന പ്രത്യേകതയും ഹിന്ദിക്കുണ്ട്.

 

ഡൽഹി, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിലെ ഭരണഭാഷ ഹിന്ദിയാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ രണ്ടാം ഭാഷയാണ് ഹിന്ദി.

ഹിന്ദിക്ക് പുറമെ മറാഠി, സംസ്കൃതം, സിന്ധി, ബിഹാറി, കൊങ്കിണി, കശ്മീരി, നേപ്പാളി തുടങ്ങിയ ഭാഷകളും എഴുതുന്നതും ദേവനാഗരി ലിപിയിലാണ്. ദേവഭാഷയായി അറിയപ്പെടുന്ന സംസ്കൃതം എഴുതാൻ ഉപയോഗിച്ചതിനാലാണ് ഈ ലിപി ദേവനാഗരി എന്നറിയപ്പെടുന്നത്.

നൂറ്റാണ്ടുകൾക്കു മുമ്പ് സിന്ധുനദിയുടെ തീരത്ത് വസിച്ചിരുന്നവർ സംസാരിച്ചിരുന്ന ഭാഷ ഹിന്ദി എന്നറിയപ്പെട്ടിരുന്നു. സിന്ധു നദിയുടെ തീരം എന്നാണ് ഈ വാക്കിന്റെ അർത്ഥം.