പ്രധാന മന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ അംഗങ്ങള്‍ ആയിട്ടുള്ള എല്ലാ ഗുണഭോക്താക്കളും ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം.എങ്കില്‍ മാത്രമേ ഏപ്രില്‍ മാസം മുതലുള്ള ഗഡുക്കള്‍ ലഭിക്കുകയുള്ളൂ

March 23, 2022 - By School Pathram Academy

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാന മന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ അംഗങ്ങള്‍ ആയിട്ടുള്ള എല്ലാ ഗുണഭോക്താക്കളും ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം.

എങ്കില്‍ മാത്രമേ ഏപ്രില്‍ മാസം മുതലുള്ള ഗഡുക്കള്‍ ലഭിക്കുകയുള്ളൂവെന്ന് തൃശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കിസാന്‍ പോര്‍ട്ടലില്‍ തുക അടക്കാനുള്ള രീതി ആധാര്‍ മുഖേനയാക്കുന്നതിന്റെ ഭാഗമായി അക്കൗണ്ട് നമ്പറുകളില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളോ കൂട്ടിച്ചേര്‍ക്കലുകളോ നടത്തുന്നത് താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

 

പി എം കിസാന്‍ പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുവാന്‍ അപേക്ഷകന്‍ പി എം കിസാന്‍ പോര്‍ട്ടലില്‍ ചേര്‍ത്തിട്ടുള്ള ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചതിന് ശേഷം ഫാര്‍മേഴ്‌സ് കോര്‍ണര്‍ എന്ന ലിങ്കില്‍ ഇ-കെ.വൈ.സി ഓതന്റിക്കേഷന്‍ (E_KYC authentication) ചെയ്യേണ്ടതാണ്.

ഇതിനായുള്ള സമയപരിധി മെയ് 31 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. കിസാന്‍ പദ്ധതിയില്‍ 2021 ഒക്ടോബര്‍ നാലിന് മുമ്പായി സ്വയം രജിസ്റ്റര്‍ ചെയ്ത് ഇതുവരെ അപ്രൂവ് ആകാത്ത കര്‍ഷകര്‍ ബാങ്ക് പാസ് ബുക്ക് (സഹകരണ ബാങ്ക് അക്കൗണ്ട് പാടില്ല), ആധാര്‍ കാര്‍ഡ്, 2018-19 സാമ്പത്തിക വര്‍ഷത്തെയും നടപ്പു വര്‍ഷത്തെയും ഭൂനികുതി അടച്ച രസീത് തുടങ്ങിയ രേഖകള്‍ സൈറ്റില്‍ ഫാര്‍മേഴ്‌സ് കോര്‍ണര്‍ എന്ന അപ്‌ഡേഷന്‍ ഓഫ് സെല്‍ഫ് രജിസ്‌ട്രേഡ് ഫാര്‍മര്‍ (Updation of self Registered Farmer) എന്ന ഓപ്ഷനിലൂടെ അപ്ലോഡ് ചെയ്യണം.

സി എസ് സിയിലൂടെ (കോമണ്‍ സര്‍വീസ് സെന്റര്‍) രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ അതേ സര്‍വീസ് സെന്ററിലൂടെ തന്നെ ഈ രേഖകളെല്ലാം തന്നെ അപ് ലോഡ്‌ചെയ്യണം.

Category: News