സ്‌കൂളിലെ ലാപ് ടോപ്പ് ‘കാണാനില്ല’: വിദ്യാർത്ഥികളെ കരുവാക്കാൻ നീക്കം: മോഷണം പോയി എന്ന് പരാതി നൽകാനും അധികൃതർക്ക് മടി
സ്‌കൂളിലെ ലാപ് ടോപ് കാണാതായിട്ട് മാസം ഒന്ന് കഴിഞ്ഞിട്ടും ആവശ്യമായ നടപടി സ്വീകരിക്കതെ സ്‌കൂൾ അധികൃതർ. മോഷണം പോയ ലാപ് ടോപ് “കുട്ടികളുടെ തലയിൽ കെട്ടിവയ്ക്കാനുള്ള” നീക്കവും പാളിയതോടെ കാണാനില്ല എന്ന പരാതിയിൽ ഒതുക്കി തടിതപ്പാനുള്ള ശ്രമത്തിലാണ് സ്‌കൂൾ അധികൃതരെന്നാണ് ആരോപണം ഉയരുന്നത്.
ഇക്കഴിഞ്ഞ ഇരുപത്തി മൂന്നാം തീയതിയാണ് പ്ലാവൂർ ഗവണ്മെന്റ് ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ മുറിയിൽ ഉണ്ടായിരുന്ന രണ്ടു ലാപ്ടോപ്പുകളിൽ ഒരെണ്ണം മോഷണം പോയത്. ലാപ് ടോപ് നഷ്ട്ടപെട്ടു എന്ന് അറിഞ്ഞിട്ടും പോലീസിൽ പരാതി നൽകാൻ മടിച്ച സ്‌കൂൾ അധികൃതർ സമ്മർദ്ദത്തിന് വഴങ്ങി, വകുപ്പിനെ ബോധ്യപെടുത്താനായി മാത്രം ലാപ് ടോപ് കാണാനില്ല എന്ന പരാതി നൽകി രസീത് കൈപറ്റി ഇത് രേഖയാക്കി കൈകഴുകാനുള്ള ശ്രമത്തിലാണന്നാണ് വിമര്‍ശനം.
ഇക്കഴിഞ്ഞ 29 നാണു പോലീസിൽ പരാതി നൽകുന്നത്. കാണാനില്ല എന്ന പരാതി നൽകിയാൽ അന്വേഷിക്കാൻ വകുപ്പില്ല എന്ന് പോലീസ് പറഞ്ഞുവെങ്കിലും
“അന്വേഷണം വേണ്ട കാണാനില്ല, എന്ന രേഖ മാത്രം” മതിയെന്നാണ് സ്റ്റേഷനിൽ എത്തിയവർ പറഞ്ഞതെന്നാണ് വിവരം
അതേസമയം ഐ ടി പരീക്ഷക്ക് വേണ്ടി ലാപ് ടോപ്പുകൾ ക്ലാസ്സ് മുറികളിൽ എത്തിക്കുകയും ഇവയിൽ രണ്ടെണ്ണം പ്രവർത്തന രഹിതമാണെന്ന് കാണിച്ചു കമ്പ്യൂട്ടർ മുറിയിൽ തന്നെ സൂക്ഷിക്കുകയും ചെയ്തു.
ഇതിൽ ഒന്നാണ് അന്ന് വൈകുന്നേരത്തോടെ കാണാതായത്. എന്നാൽ കുട്ടികളിൽ ആരോ എടുത്തു കൊണ്ട് പോയി എന്ന പ്രചാരണം നൽകുകയും ഒടുവിൽ ഇത് രക്ഷകർത്താക്കൾ വിവാദം ആക്കുകയുമായിരുന്നു.
ഇതോടെ,അന്വേഷണം നടത്താം എന്ന തീരുമാനത്തിൽ എത്തിയ സ്‌കൂൾ അധികൃതർ ഒടുവിൽ ഗത്യന്തരമില്ലാതെ പൊലീസിന് പരാതി നൽകുകയായിരുന്നു. ഇതിനു ശേഷവും കുട്ടികൾ ആരോ എടുത്തിരിക്കാം എന്ന് തന്നെയാണ് സ്‌കൂൾ അധികൃതർ പ്രചരിപ്പിച്ചത്. അതേസമയം കേടായ ഒരു ലാപ്‌ടോപ്പിനൊപ്പം പ്രവർത്തിക്കുമായിരുന്ന ഒരു ലാപ് ടോപ് കൂടെ മാറ്റുകയും ഈ ലാപ് ടോപ്പ് സ്‌കൂളുമായി ബന്ധമുള്ളവർ തന്നെ മാറ്റിയിരിക്കാനാണ് സാധ്യത എന്ന ആരോപണവുമായി നാട്ടുകാരും പ്രദേശത്തെ ബിജെപി പ്രവർത്തകരും രംഗത്തെത്തി.
മോഷണം പോയ ലാപ് ടോപ് കാണാനില്ല എന്ന തരത്തിൽ നിസ്സാരവൽക്കരിച്ചു യഥാർത്ഥ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്‌കൂളിന്റേത് എന്നാണു പരക്കെ ആരോപണം.
ഇതിനിടെ നാലുവർഷം മുൻപും സ്‌കൂളിലെ ലാപ് ടോപ് ‘കാണാതായത് ‘ചിലർ സൂചിപ്പിച്ചു. ആദ്യമായി അല്ല ഉത്തരത്തിൽ ഒരു സംഭവം എന്നത് വിഷയത്തിന്റെ ഗൗരവം കൂട്ടുന്നതാണ്. ഇത്തരത്തിൽ കാട്ടാക്കടയിൽ ഒരു സർക്കാർ സ്‌കൂളിലും ലാപ് ടോപ് മോഷണം പോയിട്ടുണ്ട്.
സ്‌കൂളുകൾക്ക് അനുവദിക്കുന്ന ലാപ്ടോപ് ഉൾപ്പടെയുള്ള ഉപകരണങ്ങളും ചിലയിടങ്ങളിൽ ബഞ്ചും ഡെസ്‌ക്കും ഓഫീസ് ഉപകരണങ്ങളും പോലും കേടായി എന്നോ കാണാനില്ല എന്നോ രേഖയുണ്ടാക്കി വകുപ്പിന് കൊടുക്കുകയും ഉപയോഗ ശൂന്യമായവ എന്ന പേരിൽ പിന്നീട് പരിശോധനകൾ ഇല്ലാത്തതിനാൽ ഇവ ചിലർ കടത്തി കൊണ്ടുപോകുകയുമാണ് എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
ഇത്തരക്കാരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നൽകി പൊതു സമൂഹത്തിനു മുന്നിൽ കൊണ്ടുവരണമെന്നും നാട്ടുകാർ പറഞ്ഞു. അതെസമയം മോഷണം നടന്നതായി സ്‌കൂൾ അധികൃതർ പരാതി നൽകാത്ത സാഹചര്യത്തിൽ പൊതു താല്പര്യം കണക്കിലെടുത്തു ബിജെപി ഉൾപ്പടെ പ്രാദേശിക രാഷ്ട്രീയ കക്ഷികളും ചില സംഘടകളും പരാതി നൽകാൻ ഒരുങ്ങുകയാണ്.