10-ാം ക്ലാസുകാരന്‍ സൈക്കിളുമായി രാത്രി വീടുവിട്ടിറങ്ങി
വീട്ടുകാരോടു പിണങ്ങി സൈക്കിളുമായി വീടുവിട്ടിറങ്ങിയ പത്താംക്ലാസുകാരനെ വഴിയാത്രക്കാരന്‍ ഉപദേശിച്ചു വീട്ടിലേക്കു മടക്കിയയച്ചു. കഞ്ഞിക്കുഴി സ്വദേശിയായ 14 കാരനെയാണ് ആലപ്പുഴ നഗരത്തില്‍ അജ്ഞാതനായ വ്യക്തി ഉപദേശിച്ചു വീട്ടിലേക്കുവിട്ടത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് കുട്ടി വീട്ടുവിട്ടിറങ്ങിയത്.
മോഡല്‍ പരീക്ഷയ്ക്കു തയ്യാറാകാതെ ഫോണില്‍കളിച്ചതിനു ശകാരിച്ചപ്പോള്‍ വീട്ടില്‍നിന്ന വേഷത്തില്‍ ചെരിപ്പുപോലും ഇടാതെയാണ് സൈക്കിളില്‍ ഇറങ്ങിയത്. രാത്രി വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും എല്ലായിടത്തും തിരക്കിയെങ്കിലും കണ്ടെത്താനായില്ല.
സൈക്കിള്‍ചവിട്ടി കുട്ടി ആലപ്പുഴ ബോട്ട്‌ജെട്ടിയിലെത്തി. രാത്രി ആളൊഴിഞ്ഞ പുരവഞ്ചിയില്‍ കിടന്നുറങ്ങി. രാവിലെ വീണ്ടും യാത്ര തുടരാനായി ബോട്ടുജെട്ടിക്കു സമീപത്തു റോഡിലൂടെ നടക്കുകയായിരുന്ന വ്യക്തിയോടു വഴിതിരക്കി.അദ്ദേഹം ചോദിച്ചപ്പോള്‍ വിദ്യാര്‍ഥി വീടുവിട്ട കാര്യംപറഞ്ഞു.
അദ്ദേഹം ഭക്ഷണം വാങ്ങിനല്‍കിയശേഷം, കാണാതായപ്പോള്‍ വീട്ടുകാര്‍ക്കുണ്ടാകുന്ന പ്രയാസം വിശദീകരിച്ചുനടത്തിയ ഉപദേശം ഫലംകണ്ടു. വിദ്യാര്‍ഥി മടങ്ങാന്‍ തയ്യാറായി. ദേശീയപാതയിലൂടെ വരുന്നവഴി മാരാരിക്കുളം കളിത്തട്ടിനുസമീപം സൈക്കിളിനുപിന്നില്‍ വീട്ടമ്മയുടെ സ്‌കൂട്ടറിടിച്ചു.
പരിക്കേറ്റില്ലെങ്കിലും സൈക്കിള്‍ തകരാറിലായി. സൈക്കിള്‍ നന്നാക്കാന്‍ അവര്‍ 500 രൂപയും നല്‍കി. കഞ്ഞിക്കുഴിയിലെത്തി സൈക്കിള്‍നന്നാക്കാന്‍ വര്‍ക്ക്‌ഷോപ്പില്‍ച്ചെന്നു. വര്‍ക്ക്‌ഷോപ്പുടമയുടെ ഫോണില്‍ അമ്മയുടെ അച്ഛനെ വിളിച്ചു. പിന്നീട് അമ്മയുടെ വീട്ടിലേക്കുചെന്നു. പോലീസ് സ്റ്റേഷനിലെത്തിച്ച വിദ്യാര്‍ഥിയെ പോലീസുകാരും ഉപദേശിച്ചുവിട്ടു.