3.75 കോടി മുടക്കി പണിത തൃശൂര്‍ ചെമ്പൂച്ചിറയിലെ സ്‌കൂൾ കെട്ടിടം പൊളിക്കുന്നു.ബലക്ഷയം മൂലം സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീഴുമോയെന്ന ശങ്കയെ തുടര്‍ന്നാണ് സ്‌കൂള്‍ കെട്ടിടം പൊളിച്ച് നീക്കുന്നത്

March 30, 2022 - By School Pathram Academy

തൃശൂര്‍(Thrissur): കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് പണിത തൃശൂര്‍ ചെമ്പൂച്ചിറയിലെ സ്‌കൂൾ കെട്ടിടം പൊളിക്കുന്നു.

3.75 കോടി മുടക്കി പണിത കെട്ടിടത്തിന്റെ രണ്ടാംനിലയാണ് പൊളിക്കുന്നത്. നിര്‍മ്മാണത്തിലെ അപാകതയാണ് കെട്ടിടം പൊളിക്കാനുള്ള കാരണം.

കഴിഞ്ഞവര്‍ഷം ടെക്നിക്കൽ ഇൻസ്പെക്ഷൻ വിഭാഗവും ക്വാളിറ്റി വിഭാഗവും നടത്തിയ പരിശോധനകളിലാണ് അപാകതകൾ കണ്ടെത്തിയത്.

ഉപയോഗിച്ച മണൽ, പ്ലാസ്റ്ററിങ്, കോൺക്രീറ്റിങ് എന്നിവയിൽ പോരായ്മകളുണ്ടെന്നായിരുന്നു കണ്ടെത്തൽ. കോൺക്രീറ്റ് കരുത്ത്, ഗുണനിലവാരം എന്നിവയിലും പോരായ്മകളുണ്ടായിരുന്നു.

നേരത്തെ കെട്ടിടനിർമ്മാണത്തിലെ അപാകതകള്‍ നാട്ടുകാരും ചൂണ്ടികാണിച്ചിരുന്നു. കൈകൊണ്ട് തൊടുമ്പോൾ സിമന്റ് ഇളകുന്ന നിലയിലായിരുന്നു കെട്ടിടം. തുടർന്ന് വലിയ പ്രതിഷേധം ഉണ്ടാകുകയും പരാതി നൽകുകയും ചെയ്തിരുന്നു. മുൻ വിദ്യഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ മണ്ഡലത്തിലാണ് ഈ സ്കൂള്‍.

ബലക്ഷയം മൂലം സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീഴുമോയെന്ന ശങ്കയെ തുടര്‍ന്നാണ് സ്‌കൂള്‍ കെട്ടിടം പൊളിച്ച് നീക്കുന്നത്. 5 ക്ലാസ് മുറികള്‍ പൂര്‍ണമായും പൊളിച്ച് നീക്കും. മേല്‍ക്കൂരയില്‍ വിള്ളല്‍ വീണതോടെ പലയിടത്തം ചോര്‍ച്ചയും അനുഭവപ്പെടുന്നുണ്ട്. കെട്ടിടം നിര്‍മാണം പൂര്‍ത്തിയായി ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നിര്‍മാണത്തിലെ അപാകതയെച്ചൊല്ലി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

വിവിധ ഭാഗങ്ങളില്‍ വിള്ളലുകള്‍ ഉണ്ടായിരുന്നു. കെട്ടിടം പൊളിക്കേണ്ടെന്നും അറ്റകുറ്റപ്പണി നടത്തിയാല്‍ മതിയെന്നും തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ വിദഗ്ധ സംഘവും കിഫ്ബിയും പറഞ്ഞിരുന്നെങ്കിലും സര്‍വകക്ഷിയോഗത്തില്‍ ഉയര്‍ന്ന എതിര്‍പ്പിനെ തുടര്‍ന്ന് കെട്ടിടം പൊളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Category: News