SCHOOL ASSEMBLY NEWS 📰🗞️

November 24, 2021 - By School Pathram Academy


ന്യൂഡൽഹി ∙ രാജ്യത്തെല്ലാവരും ഭരണഘടനയുടെ ആമുഖം വായിക്കാനും അതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ നൽകാനും കേന്ദ്ര സർക്കാരിന്റെ നിർദേശം. ഇതിനായി മലയാളം ഉൾപ്പെടെ 23 ഭാഷകളിൽ ഭരണഘടനയുടെ ആമുഖം പ്രത്യേക പോർട്ടലിലൂടെ ലഭ്യമാക്കും. നവംബർ 26നു നടക്കുന്ന ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായാണിത്.

തിരുവനന്തപുരം∙ കുഞ്ഞിനെ ലഭിച്ചതിൽ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷമുണ്ടെന്ന് അനുപമ. ഒരു വർഷത്തെ കാത്തിരിപ്പ് പൂർണമായും ഫലം കണ്ടെന്ന് ഇന്നാണു തോന്നുന്നത്. അത്രയേറെ സന്തോഷമുണ്ട്. കൂടെ നിന്ന എല്ലാവരോടും നന്ദി അറിയിക്കുകയാണ്. സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല. അതു തുടരും.

ആലുവ ∙ നിയമ വിദ്യാർഥിനി വീടിനുള്ളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ.എടയപ്പുറം കക്കാട്ടിൽ ദിൽഷാദിന്റെ മകൾ മോഫിയ പർവീണാണു (23) മരിച്ചത്. തൊടുപുഴ അൽഅസ്ഹർ ലോ കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയാണ്.ഭർത്താവിന്റെ പീഡനമാണു മരണകാരണമെന്നും സ്ഥലം പൊലീസ് ഇൻസ്പെക്ടർക്കെതിരെ നടപടി വേണമെന്നും പറയുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.

തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം യാഥാർഥ്യമാകുന്നു. അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗം പദ്ധതിക്ക് അംഗീകാരം നൽകും. ജനുവരി മുതൽ നടപ്പാക്കാനാണ് ആലോചന.

അഹമ്മദാബാദ് ∙ നിർത്തിയിട്ട ചരക്കു ട്രെയിനിനു മുകളിൽ മൊബൈൽ ഫോണിൽ വിഡിയോ ചിത്രീകരിക്കാനായി കയറിയ സ്കൂൾ വിദ്യാർഥി ഹൈ വോൾട്ടേജ് വൈദ്യുതക്കമ്പി തട്ടി തെറിച്ചു വീണു മരിച്ചു.

കാൻബറ/ വിയന്ന/ വെല്ലിങ്ടൻ ∙ രോഗവ്യാപനവും മരണവും വർധിച്ചതോടെ ലോകത്തെ കോവിഡ് ആസ്ഥാനമായി യൂറോപ്പ് വീണ്ടും മാറുന്നു. ലോകത്തെ കോവിഡ് ബാധിതരിൽ പകുതിയോളം ഇവിടെയാണ്. മരണസംഖ്യയിലും യൂറോപ്പാണു മുന്നിൽ. ഇതിനിടെ കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ നെതർലൻഡ്സിലും ബൽജിയത്തിലും മറ്റും അക്രമാസക്തമായ പ്രതിഷേധപ്രകടനങ്ങളും അരങ്ങേറുന്നുണ്ട്.

തിരുവനന്തപുരം∙ കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം കോവിഡിന് ശേഷം ഇതാദ്യമായി 5 കോടി രൂപ കടന്നു. കഴിഞ്ഞ തിങ്കളാഴ്ച മാത്രം 5.28 കോടി രൂപയാണ് വരുമാനം. ശബരിമലയിലേക്ക് ഉൾപ്പെടെ 3445 സർവീസാണ് അന്നു നടത്തിയത്. പമ്പയിലേക്കു നടത്തിയ 66 സ്പെഷൽ സർവീസുകളിൽ നിന്നു മാത്രം 6,51,495 രൂപയാണു വരുമാനം ലഭിച്ചത്. 2020 മാർച്ചിനു ശേഷം ആദ്യമായാണ് 5 കോടിയുടെ വരുമാനം. 2020 മാർച്ച് 11 ന് ആണ് അവസാനമായി കെഎസ്ആർടിസിക്കു ദിവസ വരുമാനം 5 കോടി രൂപയ്ക്കടുത്ത് ലഭിച്ചത്. അന്നു 4572 ബസുകളാണു സർവീസ് നടത്തിയത്.

Category: IAS